ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍  ഉജ്വലമായ തിരിച്ചുവരവ് നടത്തിയ ലങ്കയ്ക്ക് വീണ്ടും ബാറ്റിങ് തകര്‍ച്ച. മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ദിനേഷ് ചാണ്ഡിമലും എയ്ഞ്ചലേ മാത്യൂസിന്റെയും സെഞ്ച്വറി മികവില്‍ നാലാം വിക്കറ്റില്‍ 256 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി പ്രതിരോധകോട്ട തീര്‍ത്ത ലങ്കയെ മൂന്നാം ദിനം അവസാന മണിക്കൂറില്‍ എറിഞ്ഞിട്ടാണ് ബൗളര്‍മാര്‍ ഇന്ത്യക്ക് നേരിയ മുന്‍തൂക്കം നല്‍കിയത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് എന്ന നിലയിലാണ് ലങ്ക. ഒരു വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംങ്‌സ് സ്‌കോറിനെക്കാള്‍ 180 റണ്‍സ് പിറകിലാണ് ലങ്ക. 

മൂന്നിന് 131 റണ്‍സ് എന്ന നിലയിലാണ് മൂന്നാം ദിനം സന്ദര്‍ശകര്‍ കളിയാരംഭിച്ചത്. ചണ്ഡിമലിനൊപ്പം ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ശേഷം അശ്വിന്റെ പന്തില്‍ ആഞ്ചലോ മാത്യൂസ് മടങ്ങിയതോടെയാണ് കളി ഇന്ത്യയുടെ വരുതിയിലായത്. 268 പന്തുകള്‍ നേരിട്ട മാത്യൂസ് 111 റണ്‍സെടുത്താണ് മടങ്ങിയത്. 147 റണ്‍സോടെ ചണ്ഡിമലും റണ്ണൊന്നുമെടുക്കാതെ ചന്ദകനുമാണ് ക്രീസിലുള്ളത്. ഇന്ത്യക്കായി അശ്വിന്‍ മൂന്നും ജഡേജ, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ കോലിയുടെ ഇരട്ടസെഞ്ചുറിയുടെയും ഓപ്പണര്‍ മുരളി വിജയിന്റെ സെഞ്ചുറിയുടെയും ബലത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 536 റണ്‍സെടുത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്.