Photo: twitter.com/BCCI
അദ്ഭുതങ്ങളൊന്നും തന്നെ സംഭവിച്ചില്ല, മൂന്നാം ദിനം 75 റണ്‍സ് പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ എന്ന ചോദ്യത്തിന് 19 ഓവറുകള്‍ക്കുള്ളില്‍ ട്രാവിസ് ഹെഡും മാര്‍നസ് ലബുഷെയ്‌നും ചേര്‍ന്ന് മറുപടി നല്‍കിയപ്പോള്‍ ഇന്ദോറിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ അസ്സലായി തോറ്റു. നാഗ്പുരിലും ഡല്‍ഹിയിലും കുത്തിത്തിരിയുന്ന പിച്ചൊരുക്കി ഓസ്‌ട്രേലിയയെ വീഴ്ത്തിയ ഇന്ത്യയ്ക്ക് പക്ഷേ ഇന്ദോറില്‍ അതേ പിച്ചില്‍ കാലിടറി വീഴാനായിരുന്നു വിധി. ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് പാഠം പഠിച്ച ഓസീസ് താരങ്ങള്‍ ഉഴുതുമറിച്ച പിച്ചില്‍ വിത്തിറക്കി വിളവെടുക്കേണ്ടത് എങ്ങനെയെന്ന് കാണിച്ചുകൊടുത്തു.
നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ ഹോം ടീം സാഹചര്യമെന്ന മുട്ടാപ്പോക്ക് പറഞ്ഞ് മോശം പിച്ചൊരുക്കുന്ന പ്രവണത ഏറിവരികയാണെന്ന് പറയാതെ വയ്യ. വെല്ലിങ്ടണിലെ ബാസിന്‍ റിസര്‍വില്‍ നടന്ന ഇംഗ്ലണ്ട് - ന്യൂസീലന്‍ഡ് രണ്ടാം ടെസ്റ്റ്, അഞ്ചാം ദിനം ആവേശകരമായി അവസാനിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം നിറഞ്ഞുനിന്ന മത്സരത്തില്‍ തങ്ങളുടെ 'ബാസ്‌ബോള്‍' പെരുമയുമായി എത്തിയ ഇംഗ്ലീഷ് സംഘത്തിനെതിരേ ഒരു റണ്ണിന്റെ ആവേശ വിജയമാണ് കിവീസ് സ്വന്തമാക്കിയത്. അതും ഫോളോ ഓണ്‍ ചെയ്ത ശേഷം.
അവിടെ നിന്നും ദിവസങ്ങള്‍ക്കിപ്പുറം നടന്ന ഇന്ത്യ - ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ചര്‍ച്ചയായതോ മോശം പിച്ചിന്റെ പേരിലും. ഓസ്‌ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ രണ്ട് തവണ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫി നേടിയ ഇന്ത്യന്‍ ടീം സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയയെ പേടിക്കുന്നത് എന്തിനാണെന്നാണ് ആരാധകരും മുന്‍ താരങ്ങളടക്കം പലരും ചോദിക്കുന്നത്. ഇന്ത്യയില്‍ സമീപകാലത്ത് നടന്ന ടെസ്റ്റ് മത്സരങ്ങളിലെല്ലാം പിച്ചിന്റെ സ്വഭാവം ചര്‍ച്ചയായിരുന്നു. ഇത്തവണ പക്ഷേ നാഗ്പുരിലും ഡല്‍ഹിയിലും കണ്ടതിനേക്കാള്‍ മോശമായ പിച്ചാണ് ഇന്ദോറില്‍ ഒരുക്കിയത്. അതിലാകട്ടെ കുഴികുത്തിയവര്‍ തന്നെ മൂക്കും കുത്തി വീണു.
ആദ്യ ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ പന്ത് അസ്വാഭാവികമായി ടേണ്‍ ചെയ്യാനും ബൗണ്‍സ് ചെയ്യാനുമാരംഭിച്ചു. ഒടുവില്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭംഗി തന്നെ തകര്‍ത്തുകളയുന്ന തരത്തിലേക്ക് അത് വളര്‍ന്നു. ആദ്യ രണ്ട് ടെസ്റ്റുകള്‍ പോലെ തന്നെ മൂന്നാം ടെസ്റ്റും മൂന്ന് ദിവസത്തിനപ്പുറത്തേക്ക് നീണ്ടില്ല.

കാത്തിരിക്കുന്നത് ഐസിസി വിലക്കോ
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ നടന്ന നാഗ്പുരിലെയും ഡല്‍ഹിയിലെയും പിച്ചിന് ശരാശരി നിലവാരമാണ് മാച്ച് റഫറിമാര്‍ നല്‍കിയത്. അതിനാല്‍ തന്നെ ഭാഗ്യം കൊണ്ട് വിലക്കില്ലാതെ ബിസിസിഐ രക്ഷപ്പെട്ടു. എന്നാല്‍ ഇന്ദോറിലെ പിച്ച് അങ്ങനെ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. മൂന്ന് ദിവസത്തിനുള്ളില്‍ 31 വിക്കറ്റുകള്‍ വീണ പിച്ചിന് ശരാശരിയില്‍ താഴെ നിലവാരമേ ഒള്ളൂ എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇതിനാല്‍ തന്നെ ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡിന്റെ റിപ്പോര്‍ട്ടിന് കണ്ണുംനട്ട് കാത്തിരിക്കുകയാണ് ബിസിസിഐ. മാച്ച് റഫറിയുടെ റിപ്പോര്‍ട്ട് പ്രതികൂലമാണെങ്കില്‍ മത്സരവിലക്കും ഡീമെറിറ്റ് പോയന്റും അടക്കമുള്ള കാര്യങ്ങളാണ് കാത്തിരിക്കുന്നത്.
എന്തൊക്കെയാണെങ്കിലും പിച്ചിന്റെ സ്വഭാവം മനസിലാക്കി ബാറ്റ് ചെയ്ത ഉസ്മാന്‍ ഖവാജയടക്കമുള്ള ഓസീസ് ബാറ്റര്‍മാരും കൃത്യമായ ലെങ്തില്‍ പന്തെറിഞ്ഞ നേതന്‍ ലയണും മാത്യു കുനെമാനും അടക്കമുള്ളവരും ഇവിടെ എങ്ങനെ കളിക്കണമെന്ന് ടീം ഇന്ത്യയ്ക്ക് കാണിച്ചുകൊടുക്കുകയായിരുന്നു. വിദേശ ടീമുകള്‍ക്ക് മേല്‍ ജയം മാത്രം ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം പിച്ചൊരുക്കല്‍ അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞുവെന്ന് തന്നെ വേണം പറയാന്‍.
ഇത്തരത്തിലുള്ള പിച്ചൊരുക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിനെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞത് മറ്റാരുമല്ല, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലീപ് വെങ്‌സാര്‍ക്കറായിരുന്നു. കമന്റേറ്റര്‍ കൂടിയായ മുന്‍ ഓസ്ട്രേലിയന്‍ താരം മാത്യു ഹെയ്ഡനും പിച്ചിനെതിരേ വിമര്‍ശനമുന്നയിച്ചിരുന്നു. ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ആറാം ഓവറില്‍ സ്പിന്നര്‍മാര്‍ പന്തെറിയാനെത്തുന്നതുപോലെ ഒരു പിച്ച് ലോകത്തെവിടെയും ഉണ്ടാവില്ലെന്നായിരുന്നു ലൈവ് കമന്ററിക്കിടെ ഹെയ്ഡന്റെ വാക്കുകള്‍.
Content Highlights: Indore pitch could very well get a below-average rating by the ICC match referee
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..