Photo: Getty Images
ക്വീന്‍സ്ലന്‍ഡ്: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ ഹാട്രിക്കുമായി തിളങ്ങി ഇന്ത്യന്‍ വംശജനായ പേസര്‍ ഗുരീന്ദര്‍ സന്ധു. ക്വീന്‍സ്‌ലഡിലെ കാറാറ ഓവലില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിനെതിരായ മത്സരത്തിലായിരുന്നു സിഡ്‌നി തണ്ടര്‍ താരമായ ഗുരീന്ദറിന്റെ ഹാട്രിക്ക് നേട്ടം.
ഓസ്‌ട്രേലിയന്‍ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ ഗുരീന്ദറിന്റെ മൂന്നാം ഹാട്രിക്ക് നേട്ടമാണിത്. മത്സരത്തിന്റെ 12-ാം ഓവറില്‍ കോളിന്‍ മണ്‍റോയെ പുറത്താക്കിയ ഗുരീന്ദര്‍, 16-ാം ഓവറിലെ ആദ്യ പന്തില്‍ ആരോണ്‍ ഹാര്‍ഡി, രണ്ടാം പന്തില്‍ ലൗറി ഇവാന്‍സ് എന്നിവരെ പുറത്താക്കിയാണ് ഹാട്രിക്ക് തികച്ചത്. മത്സരത്തിലാകെ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയ താരം നാലു വിക്കറ്റ് വീഴ്ത്തി.
ഇന്ത്യയിലെ പഞ്ചാബില്‍ ജനിച്ച് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതാണ് ഗുരീന്ദര്‍. 2018-ലെ ജെടിഎല്‍ വണ്‍ഡേ കപ്പില്‍ ടാസ്മാനിയക്ക് വേണ്ടി വിക്ടോറിയക്കെതിരേ കളിക്കുമ്പോഴാണ് ഗുരീന്ദര്‍ കരിയറിലെ ആദ്യ ഹാട്രിക്ക് നേടുന്നത്.
പിന്നാലെ 2021 നവംബറില്‍ മാര്‍ഷ് കപ്പിലും ഹാട്രിക് നേടിയ താരം ആഭ്യന്തര തലത്തില്‍ 50 ഓവര്‍ ക്രിക്കറ്റില്‍ രണ്ട് ഹാട്രിക്കുകള്‍ നേടുന്ന ആദ്യ ബൗളറെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.
ഓസ്‌ട്രേലിയക്കായി രണ്ട് ഏകദിനങ്ങള്‍ കളിച്ച താരം കൂടിയാണ് ഗുരീന്ദര്‍. 2015 ജനുവരിയില്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. അന്ന് അജിങ്ക്യ രഹാനെയുടെ വിക്കറ്റെടുത്ത താരം പിന്നീട് ഇംഗ്ലണ്ടിനെതിരെയും കളത്തിലിറങ്ങി ഇയാന്‍ ബെല്ലിന്റെയും ഓയിന്‍ മോര്‍ഗന്റെയും വിക്കറ്റ് വീഴ്ത്തിയിരുന്നു.
അതേസമയം മത്സരം ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആറു വിക്കറ്റിന് സിഡ്‌നി തണ്ടര്‍ ജയിച്ചു.
Content Highlights: Indian-origin Australia bowler Gurinder Sandhu with BBL hat-trick
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..