ഹാമില്‍ട്ടന്‍:  ആവേശം വീണ്ടും അവസാന പന്തിലെത്തിയപ്പോള്‍ ന്യൂസീലന്‍ഡ് വനിതകള്‍ക്കെതിരേ ഇന്ത്യന്‍ വനിതകള്‍ക്ക് മൂന്നാം തോല്‍വി. ഇത്തവണ രണ്ട് റണ്‍സിനാണ് ന്യൂസീലന്‍ഡ് ഇന്ത്യയെ തകര്‍ത്തത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസ് വനിതകള്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. ഇന്ത്യയുടെ പോരാട്ടം 20 ഓവറില്‍ നാലിന് 159 റണ്‍സിന് അവസാനിച്ചു. ഇതോടെ, മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പര ന്യൂസീലന്‍ഡ് തൂത്തുവാരി. ഏകദിന പരമ്പര നേടിയ ഇന്ത്യയോട് ആതിഥേയരുടെ മധുര പ്രതികാരം.

ഓക്ലന്‍ഡില്‍ നടന്ന രണ്ടാം ട്വന്റി-20യുടെ ആവര്‍ത്തനമായിരുന്നു ഹാമില്‍ട്ടനിലും കണ്ടത്. ഇന്ത്യക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് ആറു പന്തില്‍ 16 റണ്‍സ്. ക്രീസില്‍ മിതാലി രാജും ദീപ്തി ശര്‍മയും. ആദ്യ പന്തില്‍ മിതാലിയും മൂന്നാം പന്തില്‍ ദീപ്തി ശര്‍മയും ബൗണ്ടറി നേടിയെങ്കിലും അവസാന മൂന്നു പന്തില്‍ നാലു റണ്‍സ് മാത്രം വഴങ്ങി കാസ്‌പെറക് ന്യൂസീലന്‍ഡിനെ വിജയതീരത്തെത്തിച്ചു.

ഇന്ത്യയ്ക്കായി ഒരിക്കല്‍ കൂടി ഓപ്പണിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് മന്ദാന പുറത്തെടുത്തത്. 62 പന്തില്‍ 12 ബൗണ്ടറിയും ഒരു സിക്‌സും സഹിതം നേടിയത് 86 റണ്‍സ്. 16-ാം ഓവറില്‍ മന്ദാന പുറത്തായതാണ് കളിയില്‍ നിര്‍ണായകമായത്. ജമീമ റോഡ്രിഗസ് 17 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 21 റണ്‍സെടുത്ത് പുറത്തായി. 

നേരത്തെ ഡിവൈനിന്റെ തന്നെ തകര്‍പ്പന്‍ ഇന്നിങ്സാണ് (52 പന്തില്‍ 72) കിവീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ സാറ്റര്‍ത്വെയ്റ്റ് (23 പന്തില്‍ 31) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ രണ്ടു വിക്കറ്റ് വീഴ്ത്തി.

Content Highlights: Indian women go down in final T-20 by two runs lose series