മെല്‍ബണ്‍: വനിതകളുടെ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍. ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ ന്യൂസീലന്‍ഡിനെ നാല്  റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ബാറ്റിങ്ങില്‍ 34 പന്തില്‍ 46 റണ്‍സെടുത്ത കൗമാര താരം ഷെഫാലി വര്‍മയും അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരുമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ഷെഫാലിയാണ് കളിയിലെ താരം. ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ എട്ടിന് 133; ന്യൂസീലന്‍ഡ് 20 ഓവറില്‍ ആറിന് 129.

ഷെഫാലിക്ക് പുറമെ താനിയ ഭാട്ടിയയും (23) ഇന്ത്യയ്ക്കായി തിളങ്ങി. ന്യൂസീലന്‍ഡിനായി ബാറ്റിങ്ങില്‍ മാഡി ഗ്രീന്‍ (24), കാറ്റി മാര്‍ട്ടിന്‍ (25), അമേലിയ കെര്‍ (34*), ഹെയ്‌ലി ജെന്‍സന്‍ (11) എന്നിവര്‍ തിളങ്ങി.

അവസാന രണ്ട് ഓവറില്‍ ന്യൂസീലന്‍ഡിന് ജയിക്കാന്‍ 34 റണ്‍സ് വേണമായിരുന്നു. പൂനം യാദവെറിഞ്ഞ 19-ാം ഓവറില്‍ നാല് ഫോറടക്കം 18 റണ്‍സെടുത്തു. മുഴുവന്‍ റണ്‍സും അമേലിയ കെറിന്റെ വകയായിരുന്നു. ഇതോടെ അവസാന ഓവറില്‍ 16 റണ്‍സ് വേണമെന്ന നിലയിലായി. ശിഖ പാണ്ഡെയെറിഞ്ഞ ആദ്യ പന്തില്‍ ഹെയ്‌ലി ജെന്‍സണ്‍ ഫോറടിച്ചു. രണ്ട്, മൂന്ന്, നാല് പന്തുകളില്‍ ഓരോ റണ്ണെടുക്കാനെ കിവീസിന് സാധിച്ചുള്ളൂ. ഇതോടെ രണ്ട് പന്തില്‍ ഒമ്പത് റണ്‍സ് വേണമെന്നായി. അഞ്ചാം പന്തില്‍ കെര്‍ ഫോറടിച്ചു. ഇതോടെ അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണമെന്നായി. എന്നാല്‍ ശിഖയുടെ അവസാന പന്തില്‍ ജെന്‍സന്‍ റണ്ണൗട്ടായതോടെ ഇന്ത്യ സെമിയിലേക്ക് കുതിച്ചു.

നേരത്തെ, ടോസ് നേടിയ ന്യൂസീലന്‍ഡ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ സ്മൃതി മന്ഥാനയെ (11) നഷ്ടമായെങ്കിലും ഇന്ത്യ രണ്ടാം വിക്കറ്റില്‍ തിരിച്ചുവന്നു. ഷെഫാലിയും വിക്കറ്റ്കീപ്പര്‍ താനിയയും ഇന്ത്യയുടെ സ്‌കോറുയര്‍ത്തി. 51 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരുമുണ്ടാക്കിയത്.

സ്‌കോര്‍ 68 ല്‍ നില്‍ക്കെ താനിയ മടങ്ങി. ഒരുഭാഗത്ത് ഷെഫാലി നിലയുറപ്പിച്ചതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങുമെന്ന് തോന്നി. എന്നാല്‍ 80 ല്‍ നില്‍ക്കെ ജെമീമ റോഡ്രിഗസും (10) 93-ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും (1) 95-ല്‍ നില്‍ക്കെ ഷെഫാലിയും മടങ്ങിയതോടെ ഇന്ത്യ തകര്‍ച്ച മുന്നില്‍ കണ്ടു. ശിഖ പാണ്ഡെ (10), രാധ യാദവ് (14) എന്നിവരുടെ ഭേദപ്പെട്ട പ്രകടനാണ് ഇന്ത്യന്‍ സ്‌കോര്‍ 130 കടത്തിയത്.

Content Highlights: Indian women enter to semi