ന്യൂഡൽഹി: ശിഖർ ധവാന്റെ ക്യാപ്റ്റൻസിൽ ശ്രീലങ്കൻ പര്യടനത്തിന് ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം കൊളംബോയിൽ മൂന്നു ഇൻട്രാ-സ്ക്വാഡ് മത്സരങ്ങൾ കളിക്കും. ആതിഥേയ രാജ്യത്തിന്റെ എ ടീമുമായാണ് സാധാരണ സന്നാഹ മത്സരങ്ങൾ കളിക്കാറുള്ളത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ടീം തന്നെ രണ്ടു ടീമായി തിരിഞ്ഞ് മൂന്നു മത്സരങ്ങൾ കളിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കുന്നു. ഒരു ട്വന്റി-20യും രണ്ട് ഏകദിനവുമാണ് സന്നാഹ മത്സരത്തിൽ കളിക്കുക.

ശ്രീലങ്കയിലേക്ക് പോകുന്നതിന് മുമ്പ് 14 ദിവസം ഇന്ത്യൻ ടീം ക്വാറന്റീനിൽ ഇരിക്കും. ഇതിൽ ഏഴ് ദിവസരം ഹാർഡ് ക്വാറന്റീനും ഏഴ് ദിവസം സോഫ്റ്റ് ക്വാറന്റീനുമായിരിക്കും. ക്വാറന്റീൻ തിങ്കളാഴ്ച്ച ആരംഭിക്കും. കൊളംബോയിൽ എത്തിയാലും ഇന്ത്യൻ ടീം ക്വാറന്റീനിൽ ഇരിക്കും.

ജൂൺ 28-നാണ് ഇന്ത്യൻ ടീം കൊളംബോയിലേക്ക് പറക്കുക. കൊളംബോയിൽ മൂന്നു ദിവസം ഹാർഡ് ക്വാറന്റീനിൽ കഴിയണം. ഇതിനുശേഷം പരിശീലനം ആരംഭിക്കും. സോഫ്റ്റ് ക്വാറന്റീൻ കൂടി കഴിയുമ്പോൾ ജൂലായ് നാല് ആകും. ജൂലായ് 12-നാണ് പരമ്പരയിലെ ആദ്യ മത്സരം.

മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കലും സഞ്ജു സാംസണും ടീമിൽ ഇടം നേടി. ദേവ്ദത്ത്, ഋതുരാജ് ഗെയ്ക്ക്​വാദ്, ചേതൻ സക്കറിയ എന്നിവർക്ക് ഇത് അരങ്ങേറ്റ മത്സരമാണ്.

Content Highlights: indian team undergo 14 day quarantine in India from Monday will play 3 intra squad games in SL