Photo: ANI
ഭോപ്പാല്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിനായി ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തി ടീം അംഗങ്ങള്‍.
മധ്യപ്രദേശിലെ ഉജ്ജയ്നിലെ മഹാകലേശ്വര്‍ ക്ഷേത്രത്തിലെത്തിയാണ് സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരടക്കമുള്ള താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫിലെ ഏതാനും അംഗങ്ങളും ക്ഷേത്രത്തിലെത്തി ഭസ്മ ആരതിയില്‍ ഏര്‍പ്പെട്ടത്.
''ഋഷഭ് പന്ത് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ഞങ്ങള്‍ പ്രാര്‍ഥിച്ചു. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്.'' - ക്ഷേത്രദര്‍ശനത്തിന് ശേഷം സൂര്യകുമാര്‍ യാദവ് എഎന്‍ഐയോട് പ്രതികരിച്ചു.
ഡിസംബര്‍ 30-ാം തീയതി പുലര്‍ച്ചെയാണ് പന്ത് ഓടിച്ച കാര്‍ ഡല്‍ഹി - ദെഹ്റാദൂണ്‍ ദേശീയപാതയിലെ മംഗളൗരിയില്‍ അപകടത്തില്‍പ്പെട്ടത്. അതിവേഗത്തിലെത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ചുകത്തി. തീപിടിച്ചുകൊണ്ടിരുന്ന കാറിനുള്ളിലായിരുന്ന പന്തിനെ അതുവഴിവന്ന ഹരിയാണ റോഡ്വെയ്സ് ബസ് ഡ്രൈവര്‍ സുശീല്‍ മാന്നും കണ്ടക്ടര്‍ പരംജീത്തും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. പന്ത് ഓടിച്ചിരുന്ന മെഴ്സിഡസ് ബെന്‍സ് കാര്‍ അപകടത്തില്‍ പൂര്‍ണമായും കത്തിനശിച്ചു.
അതേസമയം പരിക്കേറ്റ് ചികിത്സയിലുള്ള പന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ ഒന്നര വര്‍ഷത്തോളം എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കിന്റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ പൂര്‍ണമായും ഭേദമാകാന്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന സൂചന. അതിനാല്‍ ചികിത്സയ്ക്ക് ശേഷവും മാസങ്ങളോളം വിശ്രമം ആവശ്യമായി വന്നേക്കും. ഇതോടെ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍ ഉള്‍പ്പെടെ കൂടുതല്‍ മത്സരങ്ങള്‍ പന്തിന് നഷ്ടമാകും.
ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ഏകദിന ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നിവ പന്തിന് നഷ്ടമാകുമെന്ന്
ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഇതിനുപുറമേ അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പകുതിയോളം മത്സരങ്ങളും 2024 ഐ.പി.എല്ലും അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പും അടുത്ത ഏഷ്യാ കപ്പും താരത്തിന് നഷ്ടമായേക്കും.
നിലവില്‍ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലുള്ള പന്ത് ചികിത്സ പൂര്‍ത്തിയാകും വരെ അവിടെ തന്നെ തുടരും. അപകടത്തിനു ശേഷം ദെഹ്റാദൂണിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി ആകാശമാര്‍ഗം മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അപകടത്തില്‍ പന്തിന്റെ വലത് കാല്‍മുട്ടിന്റെ ലിഗമെന്റിനേറ്റ പരിക്ക് ഭേദമാകാനാണ് കൂടുതല്‍ സമയമെടുക്കുക. ഇതിനുപുറമേ വലത് കൈത്തണ്ട, കണങ്കാല്, കാല്‍വിരല്‍, നെറ്റി എന്നിവിടങ്ങളിലും താരത്തിന് പരിക്കേറ്റിരുന്നു.
കാല്‍മുട്ടിലെ ലിഗമെന്റിനേറ്റ പരിക്കില്‍ ഇതിനോടകം രണ്ട് ശസ്ത്രക്രിയയും കഴിഞ്ഞു. വിക്കറ്റിന് പിന്നിലെ ചടുലമായ നീക്കങ്ങള്‍ക്ക് കാല്‍മുട്ടിലെ പരിക്ക് ഭേദമാകേണ്ടത് ഏറെ നിര്‍ണായകമാണ്. തിരക്കുപിടിച്ച് പരിക്ക് ഭേദമാക്കാനാകില്ലെന്നും ചികിത്സ കഴിഞ്ഞ് കായികക്ഷമത വീണ്ടെടുക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും പന്തിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: indian team players offered prayers for the speedy recovery of Rishabh Pant
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..