മുംബൈ: എം.എസ് ധോനിക്കൊത്ത ഒരു പകരക്കാരന്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലില്ലെന്ന് മുന്‍ ദേശീയ സെലക്ടര്‍ സഞ്ജയ് ജഗ്ദലെ. മുന്‍ ബി.സി.സി.ഐ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം.

''ധോനി മഹാനായ ഒരു കളിക്കാരനാണ്, സ്വാര്‍ഥതാത്പര്യങ്ങളൊന്നുമില്ലാതെയാണ് അദ്ദേഹം എപ്പോഴും ഇന്ത്യയ്ക്കായി കളിക്കുന്നത്. എന്റെ അഭിപ്രായത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ ധോനിക്കൊത്ത ഒരു പകരക്കാരനില്ല'' - പി.ടി.ഐക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സഞ്ജയ് ജഗ്ദലെ പറഞ്ഞു.

എപ്പോള്‍ വിരമിക്കണമെന്ന് തീരുമാനിക്കാന്‍ തക്ക പക്വത ധോനിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സഞ്ജയ്, ദേശീയ സെലക്ടര്‍മാര്‍ ധോനിയുമായി സംസാരിച്ച് അദ്ദേഹത്തിന്റെ മനസിലുള്ളത് എന്താണെന്ന് അറിയണമെന്നും കൂട്ടിച്ചേര്‍ത്തു. അല്ലെങ്കില്‍ തങ്ങള്‍ ഭാവിയില്‍ ധോനിയില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്ന കാര്യം സെലക്ടര്‍മാര്‍ അദ്ദേഹത്തെ അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ടീമിന്റെ ആവശ്യമനുസരിച്ചാണ് ലോകകപ്പില്‍ ധോനി കളിച്ചത്. അതേ രീതിയില്‍ തന്നെയാണ് അദ്ദേഹം സെമിയിലും ബാറ്റ് ചെയ്തത്. പക്ഷേ നിര്‍ണായക സമയത്ത് നിര്‍ഭാഗ്യകരമായി അദ്ദേഹം റണ്ണൗട്ടാകുകയായിരുന്നു. 38-കാരനായ ഒരു താരം അദ്ദേഹത്തിന്റെ ആദ്യ കാലത്ത് കളിച്ച അതേ കരുത്തോടെ ഇപ്പോഴും കളിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സഞ്ജയ് പറയുന്നു.

ഇന്ത്യയുടെ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദുമായി ധോനി കൂടിക്കാഴ്ച്ച നടത്തിയതായി ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ധോനി സ്വയം വിരമിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹത്ത ഇനി പതിവുപോലെ ടീമിലേക്ക് പരിഗണിക്കാനിടയില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇതിനു പിന്നാലെ പുറത്തുവന്നു.

Content Highlights: Indian Team Has No Viable Alternative To MS Dhoni Sanjay Jagdale