സിഡ്‌നി: ഓസീസിനെതിരായ ആദ്യ ഏകദിനത്തിലെ തോല്‍വിക്ക് പിന്നാലെ ടീം ഇന്ത്യയ്ക്ക് പിഴ ശിക്ഷയും. കുറഞ്ഞ ഓവര്‍നിരക്കിനെ തുടര്‍ന്നാണ് ടീമിനെതിരായ നടപടി. 

ടീം അംഗങ്ങളെല്ലാം മാച്ച് ഫീയുടെ 20 ശതമാനം പിഴയായി നല്‍കണം. അനുവദിച്ച സമയത്ത് ഇന്ത്യ ഒരു ഓവര്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ടായിരുന്നു. ഐ.സി.സിയുടെ പുതിയ നിയമമനുസരിച്ച് നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇപ്പോള്‍ ടീമിലെ എല്ലാ അംഗങ്ങളും പിഴയൊടുക്കണം. നേരത്തെ ക്യാപ്റ്റന്‍മാര്‍ക്ക് മാത്രമാണ് പിഴയിട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം ടീം അംഗങ്ങള്‍ക്കും പിഴചുമത്തുന്ന രീതിയിലേക്ക് ഐ.സി.സി ഈ നിയമം പരിഷ്‌കരിച്ചിരുന്നു.

സിഡ്‌നിയില്‍ മത്സരം നിയന്ത്രിച്ച മാച്ച് റഫറി ഡേവിഡ് ബൂണ്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് ഐ.സി.സിയുടെ നടപടി. നാലു മണിക്കൂറിലധികമാണ് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് പൂര്‍ത്തിയാകാന്‍ എടുത്തത്. കരിയറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ 50 ഓവര്‍ മത്സരമാണ് കളിച്ചതെന്ന് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ സ്റ്റീവ് സ്മിത്ത് മത്സര ശേഷം പ്രതികരിച്ചിരുന്നു.

ആദ്യ ഏകദിനത്തില്‍ 66 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഓസീസ് ഉയര്‍ത്തിയ 375 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 308 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

Content Highlights: Indian team fined 20 percent of match fee for slow over-rate in 1st ODI