രോഹിത് ശർമയും വിരാട് കോലിയും തിരുവനന്തപുരത്തെത്തിയപ്പോൾ | Photo: KCA Media
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിന മത്സരത്തിനായി ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ തിരുവനന്തപുരത്തെത്തി. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തിനു ശേഷം എയര്‍ വിസ്താരയുടെ പ്രത്യേക വിമാനത്തില്‍ വൈകിട്ട് നാലുമണിയോടെയാണ് ടീമുകള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് അഡ്വ രാജീവിന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ ടീമുകളെ സ്വീകരിച്ചു. സ്വീകരണത്തിനുശേഷം ഇന്ത്യന്‍ ടീം ഹോട്ടല്‍ ഹയാത്തിലേക്കും ശ്രീലങ്കന്‍ ടീം ഹോട്ടല്‍ താജ് വിവാന്തയിലേക്കും പോയി. ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുന്നത്.
ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇതിനോടകം ഏകദിന പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. നിതിന്‍ മേനോനും ജെ.ആര്. മദനഗോപാലുമാണ് അമ്പയര്‍മാര്‍. കെ.എന്‍. അനന്തപത്മനാഭനാണ് ഫോര്‍ത്ത് അംപയര്‍. ജവഗല്‍ ശ്രീനാഥ് മാച്ച് റഫറിയും. ഇവരെല്ലാം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.
ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. അപ്പര്‍ ടയറിന് 1000 രൂപയും ലോവര്‍ ടയറിന് 2000 രൂപയുമാണ് നിരക്ക്. വിദ്യാര്‍ഥികള്‍ക്ക് 500 രൂപയാണ് നിരക്ക്. ഇതിനുപുറമേ 18 ശതമാനം ജി.എസ്.ടി.യും 12 ശതമാനം എന്റര്‍ടെയിന്‍മെന്റ് ടാക്സും നല്‍കണം. പേടിഎം ഇന്സൈഡറില്നിന്നും ഓണ്‍ലൈനായാണ് ടിക്കറ്റ് വില്‍പ്പന. വിദ്യാര്‍ഥികള്‍ക്കുള്ള ടിക്കറ്റുകള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കെ.സി.എ.യുമായി ബന്ധപ്പെട്ടാണ് വാങ്ങേണ്ടത്.
കാര്യവട്ടത്ത് നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഏകദിന മത്സരമാണിത്. 2018 നവംബര്‍ ഒന്നിനുനടന്ന ആദ്യ ഏകദിന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇവിടെനടന്ന ട്വന്റി 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യ വിജയിച്ചിരുന്നു.

ഗ്രീന്‍ഫീല്‍ഡിലെ മാണ്ഡ്യ പിച്ചിലാണ് മത്സരം നടക്കുക. മൂന്ന് സെന്റര്‍ പിച്ചുകളാണ് മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍നിന്നുള്ള ക്ലേകൊണ്ട് നിര്‍മിച്ച പിച്ചാണ് മാണ്ഡ്യ പിച്ച്. മറ്റ് രണ്ടു പിച്ചുകളും കേരളത്തിലെ ക്ലേകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. മാണ്ഡ്യ പിച്ചിലെ ആദ്യ അന്താരാഷ്ട്രാ മത്സരമാണ് ഞായറാഴ്ചത്തേത്. ആഭ്യന്തരമത്സരങ്ങള്‍ മാത്രമാണ് ഈ പിച്ചില്‍ കളിച്ചിട്ടുള്ളത്. റണ്ണൊഴുകുന്ന പിച്ചാണ് മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ആദ്യം ബാറ്റുചെയ്യുന്ന ടീമിന് 300-ലധികം റണ്‍സ് സ്കോര്‍ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മികച്ച വേഗമുള്ള ഔട്ട്ഫീല്‍ഡാണ് ഗ്രീന്‍ഫീല്‍ഡിലേത്. ബി.സി.സി.ഐ. ക്യൂറേറ്റര്‍ പ്രകാശ് ആദവിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച പിച്ച് പരിശോധന നടന്നിരുന്നു.
Content Highlights: indian srilankan players reached trivandrum for third odi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..