ലണ്ടന്‍: വിജയറണ്‍ സിക്‌സിലൂടെ നേടുക. ക്രിക്കറ്റില്‍ മനോഹരമായൊരു കാഴ്ച്ച തന്നെയാണ് അത്. ലണ്ടനില്‍ നടക്കുന്ന വനിതാ ക്രിക്കറ്റ് സൂപ്പര്‍ ലീഗും അങ്ങിനെയൊരു കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. അതും ഒരു ഇന്ത്യന്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്ന സിക്‌സ്. മറ്റാരുമല്ല, ഇന്ത്യയുടെ ടിട്വന്റി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ആ സിക്‌സിന് ഉടമ. 

സര്‍റേ സ്റ്റാര്‍സും ലാന്‍സെഷെയര്‍ തണ്ടറും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം. 148 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലാന്‍സെഷെയര്‍ അരങ്ങേറ്റക്കാരിയായ ഹര്‍മന്‍പ്രീതിന്റെ മികവില്‍ ഒരു പന്ത് ബാക്കി നില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

അവസാന ഓവറില്‍ ലാന്‍സെഷയറിന് ജയിക്കാന്‍ വേണ്ടത് 11 റണ്‍സായിരുന്നു. അവസാന മൂന്നു പന്തില്‍ എട്ടു റണ്‍സ് എന്ന അവസ്ഥയില്‍ നില്‍ക്കെ അവര്‍ക്ക് ഒരു വിക്കറ്റ് കൂടി നഷ്ടമായി. തുടര്‍ന്ന് ഹര്‍മന്‍പ്രീത് സ്‌ട്രൈക്കറുടെ എന്‍ഡിലെത്തി. നേരിട്ട ആദ്യ പന്തില്‍ ഫോറടിച്ച ഹര്‍മന്‍പ്രീത് അടുത്ത പന്തില്‍ സിക്‌സിലൂടെ ടീമിനെ വിജയ തീരത്തെത്തിച്ചു. ഇന്ത്യയുടെ ബെസ്റ്റ് ഫിനിഷറായ എം.എസ് ധോനിയെ ഓര്‍മിപ്പിക്കുന്നതായിരുന്നു ഹര്‍മന്‍പ്രീതിന്റെ ബാറ്റിങ്. 

അര മണിക്കൂര്‍ ക്രീസില്‍ ചിലവഴിച്ച ഇന്ത്യന്‍ താരം 21 പന്തില്‍ ഒരു സിക്‌സും മൂന്നു ഫോറുമടക്കം പുറത്താകാതെ 34 റണ്‍സ് നേടി. ലാന്‍സെഷയറിന്റെ ഓപ്പണിങ് താരം നിക്കോളെ ബോള്‍ട്ടണാണ് ടോപ്പ് സ്‌കോറര്‍. 13 ഫോറടക്കം 61 പന്തില്‍ 87 റണ്‍സാണ് നിക്കോളെ അടിച്ചെടുത്തത്.

Content Highlights: Indian skipper Harmanpreet Kaur does a Dhoni to win her side match on Women's Cricket Super League