ന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റിന്റെ അടുത്ത സീസണിലേക്ക് ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ കൂടുതല്‍ ശ്രദ്ധ നേടിയത് 'സ്വതന്ത്രരായ' കളിക്കാര്‍. പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍, മുന്‍ ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍, ഡല്‍ഹി കാപ്പിറ്റല്‍സിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, മുംബൈ ഇന്ത്യന്‍സിന്റെ മുന്‍നിര താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍ തുടങ്ങിയവര്‍ക്കൊന്നും ഇപ്പോള്‍ ടീമില്ല. ഇവര്‍ ഇനി ലേലത്തില്‍ പങ്കെടുക്കും.

ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്‌ണോയി, ദീപക് ചഹാര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചാഹല്‍, ദേവദത്ത് പടിക്കല്‍ തുടങ്ങിയവരും ലേലത്തിനെത്തും. ലീഗിലേക്ക് ലഖ്‌നൗ, അഹമ്മദാബാദ് എന്നീ രണ്ടു ടീമുകള്‍ പുതുതായി വന്നതോടെയാണ് നിലവിലെ താരങ്ങളെ റിലീസ് ചെയ്ത് മെഗാലേലം നടത്താന്‍ തീരുമാനിച്ചത്. നിലവിലെ എട്ടു ടീമുകള്‍ക്ക് നാലു കളിക്കാരെ നിലനിര്‍ത്താമായിരുന്നു.

നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാനുള്ള അവസാന ദിവസം നവംബര്‍ 30 ആയിരുന്നു. ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ ടീമുകള്‍ നാലുപേരെ നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് രണ്ടുപേരെ മാത്രമേ നിലനിര്‍ത്തിയുള്ളൂ. രാജസ്ഥാന്‍, ബാംഗ്ലൂര്‍, ഹൈദരാബാദ് ടീമുകള്‍ മൂന്നുപേരെ വീതം നിലനിര്‍ത്തി.

ഡിസംബര്‍ അവസാനമായിരിക്കും ലേലം. പക്ഷേ, ലഖ്‌നൗ, അഹമ്മദാബാദ് ടീമുകള്‍ക്ക് ഇപ്പോള്‍ റിലീസ് ആയവരില്‍ മൂന്നുപേരെവീതം നേരത്തേ സ്വന്തമാക്കാം. കെ.എല്‍. രാഹുലിനെ ലഖ്‌നൗ ക്യാപ്റ്റനാക്കാന്‍ നീക്കം നടക്കുന്നതായി വാര്‍ത്തയുണ്ട്. അശ്വിന്‍ വീണ്ടും പഞ്ചാബ് ടീമിലെത്താന്‍ സാധ്യതയുണ്ട്. സ്ഥിരം ക്യാപ്റ്റനായിരുന്ന ഡേവിഡ് വാര്‍ണറെ ഒഴിവാക്കിയ ഹൈദരാബാദ് ടീം ശ്രേയസ് അയ്യരെ ലക്ഷ്യമിടുന്നു.

ലേലത്തില്‍ ഓരോ ടീമിനും 90 കോടി വരെ ചെലവഴിക്കാം (നിലനിര്‍ത്തിയ താരങ്ങള്‍ക്ക് നല്‍കിയത് ഉള്‍പ്പെടെ). പഞ്ചാബിനാണ് ഇനി കൂടുതല്‍ തുക ചെലവഴിക്കാനുള്ളത്, 72 കോടി രൂപ.

ഓരോ ടീമിനും ശേഷിക്കുന്ന തുക 

ചെന്നൈ സൂപ്പര്‍ കിങ്‌സ് - 48 കോടി
ഡല്‍ഹി ക്യാപിറ്റല്‍സ് - 47.5 കോടി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - 48 കോടി
മുംബൈ ഇന്ത്യന്‍സ് -  48 കോടി
പഞ്ചാബ് കിങ്‌സ് - 72 കോടി
രാജസ്ഥാന്‍ റോയല്‍സ് - 62 കോടി
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് - 57 കോടി
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - 68 കോടി

Content Highlights: indian premier league 2022 season mega auction