ലോര്‍ഡ്സ്: എജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റിലെ തോല്‍വിക്കു ശേഷം ഇംഗ്ലണ്ടിനെതിരേ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ. നായകന് വിരാട് കോലിയും ഹാര്‍ദിക്ക് പാണ്ഡ്യയും ഒഴികെയുള്ള താരങ്ങള്‍ ബാറ്റിങ്ങിന്റെ അടിസ്ഥാന പാഠങ്ങള്‍ മറന്നപ്പോള്‍ ജയിക്കാമായിരുന്ന മത്സരം വെറും 31 റണ്‍സിനാണ് ഇന്ത്യ അടിയറവു പറഞ്ഞത്.
രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് ഒന്‍പതിന് ലോര്‍ഡ്സില്‍ ആരംഭിക്കുകയാണ്. ലോക ഒന്നാം നമ്പര്‍ ടീമിന് ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ പലതും തെളിയിക്കേണ്ടതായിട്ടുണ്ട്. ഇന്ത്യയ്ക്ക് ആശ്വാസമായി ലോര്‍ഡ്സിലെ ചരിത്രവും കൂടെയുണ്ട്. 2014-ലെ പരമ്പരയില്‍ ലോര്‍ഡ്സില്‍ നടന്ന ടെസ്റ്റ് ഇന്ത്യ 95 റണ്‍സിന് ജയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ലോര്‍ഡ്സില്‍ തിരിച്ചുവരവിന് ഒരുങ്ങുന്ന ഇന്ത്യ നിലവിലെ ടീമില്‍ മാറ്റം വരുത്താന്‍ ശ്രമിക്കേണ്ടതുണ്ട്. ഇക്കാര്യം ടീം മാനേജ്മെന്റും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തരത്തില്‍ ഇന്ത്യ ഒഴിവാക്കേണ്ടതും ടീമിലെടുക്കേണ്ടതുമായ താരങ്ങള്‍ ആരെല്ലാമെന്നു നോക്കാം.
ചേതേശ്വര്‍ പൂജാര
എഡ്ജ്ബാസ്റ്റണിലെ ഇന്ത്യയുടെ തോല്‍വിക്കുശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് മധ്യനിര ബാറ്റ്സ്മാന് ചേതേശ്വര്‍ പൂജാരയുടെ അഭാവമായിരുന്നു. ദ്രാവിഡ് വിരമിച്ചതിനുശേഷം ഇന്ത്യയ്ക്ക് ലഭിച്ച സാങ്കേതികത്തികവേറിയ ബാറ്റ്സ്മാന് എന്ന ഖ്യാതിയോടെയാണ് പൂജാര ടീമിലെത്തിയത്. ബാറ്റിങ്ങില്‍ നങ്കൂരമിട്ട് കളിക്കുന്ന പൂജാരയുടെ അഭാവം ആദ്യ ടെസ്റ്റില്‍ ശരിക്കും നിഴലിച്ചിരുന്നു. പ്രത്യേകിച്ചും പൂജരയ്ക്ക് പകരം ടീമിലെത്തിയ ലോകേഷ് രാഹുല്‍ രണ്ട് ഇന്നിങ്സിലുമായി വെറും 17 റണ്‍സ് മാത്രം നേടിയ സാഹചര്യത്തില്‍. ആദ്യ ടെസ്റ്റില്‍ രാഹുല്‍ ആകെ നേരിട്ടത് 26 പന്തുകള്‍ മാത്രമാണെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. സമീപകാലത്തെ മോശം ഫോമാണ് പൂജാരയ്ക്ക് ടീമിന് പുറത്തേക്കുള്ള വഴി തുറന്നത്. എന്നാല്‍ പൂജാരയെപോലെ ഇത്രയും ക്ഷമയോടെ ക്രീസില്‍ നില്ക്കുന്ന ഒരു താരത്തെ ടീമിന് ഇപ്പോള്‍ ആവശ്യമാണ്.
ശിഖര്‍ ധവാന്
ഏകദിനത്തിലും ടിട്വന്റിയിലും ഇന്ത്യയുടെ മികച്ച ഓപ്പണര്‍ എന്ന് പേരെടുത്ത ശിഖര്‍ ധവാന് പക്ഷേ ടെസ്റ്റില്‍ പലപ്പോഴും ഈ മികവ് ആവര്‍ത്തിക്കാനാകുന്നില്ല. രണ്ടാം ടെസ്റ്റില്‍ ധവാന് പകരം മറ്റാരെയെങ്കിലും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. പ്രത്യേകിച്ചും ഉപഭൂഖണ്ഡത്തിനു പുറത്തുള്ള ടെസ്റ്റുകളില്‍ അദ്ദേഹത്തിന്റെ പ്രകടനം ശരാശരിക്കും താഴെയായിരിക്കുന്ന സാഹചര്യത്തില്‍. നല്ല സ്വിങ്ങും പേസും ലഭിക്കുന്ന പിച്ചുകളില്‍ ധവാന് പതറുന്നത് സ്ഥിരം കാഴ്ചയാണ്. ലോര്‍ഡ്സില്‍ ധവാനു പകരം ലോകേഷ് രാഹുലിനെ ഉള്‍പ്പെടുത്തി ചേതേശ്വര്‍ പൂജാരയെ കൂടി കളിപ്പിക്കുകയും ചെയ്യാം.
രവീന്ദ്ര ജഡേജ
രവീന്ദ്ര ജഡേജയും ഇന്ത്യന്‍ ടീമും തമ്മില്‍ കുറച്ചുനാള്‍ മുന്‍പുണ്ടായിരുന്ന ബന്ധമല്ല ഇപ്പോഴുള്ളത്. മുന്‍പ് ടീമിലെ ജഡേജയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. നാല് ഫാസ്റ്റ് ബൗളര്‍മാരെയും ഒരു സ്പിന്നറെയും കൊണ്ടിറങ്ങുന്ന കോലിക്ക് രണ്ടാം ടെസ്റ്റില്‍ ഒന്ന് മാറി ചിന്തിക്കാവുന്നതാണ്. ബാറ്റുകൊണ്ട് താരതമ്യേന മികച്ച പ്രകടനം നടത്തിയെങ്കിലും ഹാര്‍ദിക്ക് പാണ്ഡ്യയുടെ ബൗളിങ്ങ് ഇന്ത്യയ്ക്ക് ഒരു തലവേദനയാണ്. ജഡേജ ഇന്ത്യയ്ക്ക് പുറത്തുകളിച്ച 10 ടെസ്റ്റുകളില്‍ നിന്നായി നേടിയിരിക്കുന്നത് 34 വിക്കറ്റുകളാണ്. വിദേശത്ത് ജഡേജയുടെ ബാറ്റിങ് ശരാശരി 25 ആണ്. മാത്രമല്ല 2014-ലെ ലോര്‍ഡ്സ് ടെസ്റ്റിലെ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമാകാനും ജഡേജയ്ക്കായിരുന്നു. രണ്ട് ഇന്നിങ്സിലുമായി മൂന്നു വിക്കറ്റ് വീഴ്ത്തിയ ജഡേജ, രണ്ടാം ഇന്നിങ്സില്‍ അതിവേഗം 68 റണ്‍സും സ്കോര്‍ ചെയ്തിരുന്നു.
ദിനേഷ് കാര്‍ത്തിക്ക്
ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ദിനേഷ് കാര്‍ത്തിക്കിന് ടെസ്റ്റ് ടീമിലേക്കുള്ള വിളിയെത്തുന്നത്. എന്നാല്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. കോലിക്ക് പിന്തുണ നല്കുന്നതില് പരാജയപ്പെട്ട കാര്‍ത്തിക്ക് രണ്ടിന്നിങ്സുകളിലുമായി നേടിയത് വെറും 20 റണ്‍സാണ്. ഈ സാഹചര്യത്തില്‍ രണ്ടാം ടെസ്റ്റില്‍ കാര്‍ത്തിക്കിനു പകരം ഋഷഭ് പന്തിന് അവസരം കൊടുക്കാവുന്നതാണ്. സമീപകാലത്ത് മികച്ച ഫോം തുടരുന്ന പന്തിന് തിളങ്ങാനായേക്കും.
കരുണ്‍ നായര്‍
ഇന്ത്യന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരമായതാണ് എഡ്ജ്ബാസ്റ്റണില് ഇന്ത്യയ്ക്ക് വിനയായത്. ധവാന്റെ സാങ്കേതികതയേക്കാളും ലോകേഷ് രാഹുലിന്റെ ക്ഷമയില്ലായ്മയേക്കാളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് രഹാനെയുടെ പരാജയമായിരുന്നു. കഴിഞ്ഞ നാല് ഇന്നിങ്സുകളി ലെ രഹാനെയുടെ പ്രകടനം ഇങ്ങനെ 9, 48, 15, 2. നാല് ഇന്നിങ്സുകളില്‍ നിന്നായി വെറും 74 റണ്‍സ്. ഈ സാഹചര്യത്തിലാണ് കരുണ്‍ നായര്‍ക്ക് അവസരം നല്‍കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. ആറ് ടെസ്റ്റുകള്‍ ഇന്ത്യയ്ക്കായി കളിച്ച കരുണ്‍ 62.33 ശരാശരിയില്‍ 374 റണ്‍സ് നേടിയ താരമാണ്. ഒരു ട്രിപ്പിള്‍ സെഞ്ച്വറിയും കരുണിന്റെ പേരിലുണ്ട്. കരുണ്‍ കളിച്ച ആറ് ടെസ്റ്റുകളില്‍ മൂന്നെണ്ണവും ഇംഗ്ലണ്ടിനെതിരെയായിരുന്നു. 160 റണ്‍ ശരാശരിയില്‍ 320 റണ്‍സെന്ന റെക്കോഡും ഇംഗ്ലണ്ടിനെതിരേ കരുണിനുണ്ട്.
ഉമേഷ് യാദവ്
എഡ്ജ്ബാസ്റ്റണില് ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും രണ്ടാമിന്നിങ്സില്‍ 87-7 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ പെട്ടെന്ന് പുറത്താക്കാന്‍ സാധിക്കാതിരുന്നത് വെല്ലുവിളിയായിരുന്നു. കൂട്ടത്തില്‍ ഇന്ത്യന്‍ ബൗളിങ്ങിലെ മോശം പ്രകടനം നടത്തിയത് ഉമേഷ് യാദവായിരുന്നു. ജസ്പ്രീത് ബുംറ രണ്ടാം ടെസ്റ്റില്‍ കളിക്കുകയാണെങ്കില്‍ ഉമേഷ് ടീമിന് പുറത്തു പോകുന്നതാണ് നല്ലത്.
Content Highlights: indian players who should be selected or droped for the second test