സതാംപ്റ്റൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലന്റിനോട് ഇന്ത്യ തോറ്റതിന് പിന്നാലെ ക്യാപ്റ്റൻ വിരാട് കോലിക്കെതിരേ ആരാധകർ. കോലിയുടെ ക്യാപ്റ്റൻസിയെ ചോദ്യം ചെയ്ത ആരാധകർ രോഹിത് ശർമയെ ക്യാപ്റ്റനാക്കണമെന്നും ആവശ്യപ്പെടുന്നു. ട്വീറ്റുകളിലൂടെയാണ് ആരാധകർ രോഷം പ്രകടിപ്പിച്ചത്. പരിശീലകൻ രവി ശാസ്ത്രിയൈ മാറ്റണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്. പകരം രാഹുൽ ദ്രാവിഡിനെ കൊണ്ടുവരണമെന്നും ഇവർ നിർദേശിക്കുന്നു.

ഇന്ത്യയുടെ ക്യാപ്റ്റനായ ശേഷം ഐസിസിയുടെ പ്രധാന ടൂർണമെന്റുകളിൽ ഒന്നിൽപോലും വിജയിക്കാൻ വിരാട് കോലിക്ക് കഴിഞ്ഞിട്ടില്ല. സെമി ഫൈനലിലോ ഫൈനലിലോ തോൽക്കാനായിരുന്നു ഇന്ത്യയുടെ വിധി.

മഴ മൂലം അധിക ദിവസവും നഷ്ടപ്പെട്ട ടെസ്റ്റ് ഫൈനലിനിടെ വിരാട് കോലിയുടെ ഗ്രൗണ്ടിലെ പെരുമാറ്റത്തേയും വിമർശിക്കുന്നവരുണ്ട്. കിവീസ് ബാറ്റ്സ്മാൻമാർ ഔട്ടാകുമ്പോൾ ബൗളർമാരേക്കാൾ ആവേശം കാണിച്ചത് കോലിയായിരുന്നു. ഗ്രൗണ്ടിൽ ഭാംഗ്രാ നൃത്തച്ചുവടുകൾ വെയ്ക്കാനും കോലി സമയം കണ്ടെത്തി. ഇതിനെയെല്ലാമാണ് ആരാധകർ വിമർശിക്കുന്നത്. കോലി നൃത്തം ചെയ്യുന്ന തിരക്കിലായപ്പോൾ കെയ്ൻ വില്ല്യംസൺ ക്യാപ്റ്റന്റെ ഇന്നിങ്സ് കളിച്ച് ന്യൂസീലന്റിന് കിരീടം നേടിക്കൊടുത്തു എന്നുമാണ് ആരാധകർ പറയുന്നത്.

ആദ്യ ഇന്നിങ്സിൽ 132 പന്തിൽ 44 റൺസ് നേടിയ വിരാട് കോലി രണ്ടാം ഇന്നിങ്സിൽ പരാജയമായിരുന്നു. 29 പന്തിൽ 13 റൺസ് മാത്രമാണ് താരം നേടിയത്. രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തിയ കോലിയുടെ തീരുമാനത്തേയും ആരാധകർ ചോദ്യം ചെയ്തു. രണ്ടിന്നിങ്സിലുമായി അശ്വിനും രവീന്ദ്ര ജഡേജയും ചേർന്ന് അഞ്ചു വിക്കറ്റുകളാണ് വീഴ്ത്തിയത്. എന്നാൽ രണ്ട് സ്പിന്നർമാരെ കളിപ്പിച്ച തീരുമാനത്തിൽ കുറ്റബോധമില്ലെന്ന് മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ കോലി വ്യക്തമാക്കി.

Content Highlights: Indian Fans On Twitter Lash Out At Virat Kohli The Captain Demand Rohit Sharma To Lead