മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള കായിക ഇനമാണ് ക്രിക്കറ്റ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് രാജ്യത്ത് ലഭിക്കുന്ന പിന്തുണ പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്.

അതുപോലെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡുകളിലൊന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡാണ് (ബി.സി.സി.ഐ). ഒരു പക്ഷേ ഐ.സി.സിയേക്കാള്‍ സമ്പന്നമായ ക്രിക്കറ്റ് സംഘടന. 

ലോക ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലും ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ് മുന്നില്‍. കോടികളുടെ പണക്കിലുക്കം തന്നെയാണ് കൂടുതല്‍ താരങ്ങളെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുന്നത്. ദേശീയ ടീമില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ട.

ഈ വര്‍ഷം താരങ്ങളുടെ പ്രതിഫലം ബി.സി.സി.ഐ പരിഷ്‌കരിച്ചിരുന്നു. താരങ്ങളെ നാലു ഗ്രേഡുകളാക്കി തിരിച്ചാണ് പ്രതിഫലം നല്‍കുന്നത്. എ പ്ലസ്, എ, ബി, സി എന്നിങ്ങനെയാണ്. ഇന്ത്യയ്ക്കായി ടെസ്റ്റ്, ഏകദിനം, ടി ട്വന്റി എന്നീ ഫോര്‍മാറ്റുകളില്‍ കളിക്കുന്നതിന് അനുസരിച്ചാണ് താരങ്ങളെ തരംതിരിക്കുന്നത്.

kohli

ഗ്രേഡ് എ പ്ലസ് 
 
എ പ്ലസ് ഗ്രേഡിലുള്ളവര്‍ക്ക് ലഭിക്കുന്ന വാര്‍ഷിക പ്രതിഫലം ഏഴു കോടി രൂപയാണ്. നിലവില്‍ അഞ്ചു താരങ്ങള്‍ മാത്രമാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോലി, ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരാണ് എ പ്ലസ് കരാര്‍ ലഭിച്ചവര്‍.

dhoni

ഗ്രേഡ് എ

എ ഗ്രേഡ് കരാറില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്കു ലഭിക്കുന്ന വാര്‍ഷിക പ്രതിഫലം അഞ്ചു കോടി രൂപയാണ്. മുന്‍ നായകന്‍ എം.എസ് ധോനി, ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, വൃദ്ധിമാന്‍ സാഹ, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് എ ഗ്രേഡ് കരാറിലുള്ളവര്‍.

lokesh rahul

ഗ്രേഡ് ബി

മൂന്നു കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന കരാറാണിത്. ലോകേഷ് രാഹുല്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, ദിനേഷ് കാര്‍ത്തിക്, മുഹമ്മദ് ഷമി എന്നിവരാണ് ബി ഗ്രേഡ് കരാര്‍ ലഭിച്ചവര്‍.

ഗ്രേഡ് സി

സി ഗ്രേഡ് കരാറിലുള്ളവര്‍ക്ക് ഒരു കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍, അക്ഷര്‍ പട്ടേല്‍, പാര്‍ഥിവ് പട്ടേല്‍, ജയന്ത് യാദവ് എന്നിവരാണ് സി ഗ്രേഡിലുള്ളവര്‍.

Content Highlights: indian cricketers and their current salaries