ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനായ് ബ്രിസ്‌ബേനിലെത്തിയ ഇന്ത്യന്‍ ടീം ദുരിതത്തിലെന്ന് റിപ്പോര്‍ട്ട്. കര്‍ക്കശമായ കോവിഡ് ചട്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ് ടീം. സഹായികളാരുമില്ലാതെ ഹോട്ടല്‍മുറികളില്‍ ഒറ്റപ്പെട്ടു കഴിയുകയാണ്.

കിടക്ക വിരിക്കുന്നതും തൂത്തുവാരുന്നതും തുണിയലക്കുന്നതും ശൗചാലയം വൃത്തിയാക്കുന്നതുമെല്ലാം കളിക്കാര്‍ തന്നെ. റൂം സര്‍വീസോ ഹൗസ് കീപ്പിങ് സൗകര്യങ്ങളോ ഇല്ല. മുറികളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ല. ഹോട്ടലില്‍ മറ്റതിഥികള്‍ ആരുമില്ല. ഹോട്ടലിലെ ഒരു സൗകര്യവും ഉപയോഗിക്കാന്‍ കഴിയുന്നില്ല.

നീന്തല്‍ക്കുളത്തിലേക്കോ ജിംനേഷ്യത്തിലേക്കോ പ്രവേശനമില്ല. ഹോട്ടലിലെ റെസ്റ്റോറന്റുകളും കഫേകളും പൂട്ടിക്കിടക്കുകയാണ്. അടുത്തുള്ള ഒരു ഇന്ത്യന്‍ റെസ്റ്റോറന്റില്‍ നിന്നാണ് ഭക്ഷണം കൊണ്ടുവരുന്നത്. അത് മുറിക്ക് പുറത്തുവെച്ചിട്ടുപോകും.

ടീം മാനേജര്‍ ഹോട്ടല്‍ അധികൃതരോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല. ഓസ്‌ട്രേലിയന്‍ ടീമിനും ഇക്കാര്യങ്ങള്‍ ബാധകമാണെന്നായിരുന്നു അവരുടെ മറുപടി. ടീം മാനേജ്‌മെന്റ് അറിയിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.

എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്ന ചിന്തയിലാണ് ബ്രിസ്‌ബേനില്‍ ഒറ്റപ്പെട്ടു കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെന്ന് റിപ്പോര്‍ട്ട്. താമസിക്കുന്ന ഹോട്ടലിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി വേണമെന്നും ഇല്ലെങ്കില്‍ തങ്ങളെ നാട്ടിലേക്ക് മടക്കിവിളിക്കണമെന്നുമാണ് ഇന്ത്യന്‍ ടീമിന്റെ നിലപാട്. ജയിലില്‍ കിടക്കുന്ന അവസ്ഥയാണെന്ന് കളിക്കാര്‍ പറയുന്നു. കളിക്കാര്‍ക്കെല്ലാം ഒരു മുറിയില്‍ കുറച്ചുസമയം ഒത്തുകൂടാന്‍ അനുവാദമുണ്ട്. അതുമാത്രമാണ് അല്പം ആശ്വാസം.

കോവിഡ് മൂലം കടുത്ത നിയന്ത്രണങ്ങളുള്ള ബ്രിസ്‌ബേനിലേക്ക് പോകാന്‍ ഇന്ത്യന്‍ സംഘം ആദ്യം മടികാണിച്ചിരുന്നു. ടീമിന് ഇളവുകള്‍ ഉണ്ടാകുമെന്ന ഉറപ്പിലാണ് പോയത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഭാരവാഹികളുമായി ടീമിന്റെ ദുസ്ഥിതിയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. പരിഹാരമുണ്ടാവമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ.

ഇരുടീമുകളും ടെസ്റ്റ് പരമ്പരയില്‍ 11ന് തുല്യനിലയില്‍ ആയതിനാല്‍ നാലാം ടെസ്റ്റ് നിര്‍ണായകമാണ്. അതുകഴിഞ്ഞാല്‍, നാട്ടിലെത്തുന്ന ടീമിന് ഇംഗ്ലണ്ടുമായി കളിക്കണം. പിന്നീട് ഐ.പി.എല്‍. തുടങ്ങുകയായ്. തങ്ങളുടെ ശാരീരിക, മാനസിക ആരോഗ്യങ്ങള്‍ തകര്‍ക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നാണ് കളിക്കാരുടെ നിലപാട്. 15നാണ് ടെസ്റ്റ് തുടങ്ങുന്നത്.

Content Highlights: Indian Cricket team suffers a lot in brisbane hotel