Photo: AFP
2007 സെപ്റ്റംബര്‍ 24, മലയാളിയായ എസ്.ശ്രീശാന്തിന്റെ കൈയ്യിലേക്ക് ലോകം ചുരുങ്ങിയ ദിനം. ഇന്ത്യ പ്രഥമ ട്വന്റി 20 കിരീടത്തില്‍ മുത്തമിട്ട ദിനം. ദക്ഷിണാഫ്രിക്കയിലെ ആ രാവ് ഒരു ക്രിക്കറ്റ് പ്രേമിയ്ക്കും മറക്കാനാവില്ല. പാകിസ്താന്റെ മിസ്ബ ഉള് ഹഖ് പുറകോട്ട് ഉയര്‍ത്തിയടിച്ച ആ ഷോട്ട് ശ്രീശാന്തിന്റെ കൈയ്യില്‍ വിശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിച്ച യുവതാരങ്ങള്‍ ഒരു കാര്യം ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ തെളിയിച്ചു. സീനിയേഴ്സിന് മാത്രമല്ല ജൂനിയേഴ്സിനും ലോകകപ്പ് ജയിക്കാനാകുമെന്ന്. അവിടുന്നിങ്ങോട്ട് ഇന്ത്യന്‍ ടീം ട്വന്റി 20യില്‍ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് വിവിധ മത്സരങ്ങളിലൂടെ പുറത്തെടുത്തത്. ട്വന്റി 20 മത്സരങ്ങള്‍ക്ക് ഇന്ധനം പകര്‍ന്നുകൊണ്ട് ഐ.പി.എല്‍ ഉടലെടുത്തതോടെ പരിമിത ഓവര്‍ ക്രിക്കറ്റിലേക്ക് എത്തുന്ന താരങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. മൂന്ന് ട്വന്റി 20 ടീമിനെ ഒരേ സമയം കളിപ്പിക്കാനുള്ള താരസമ്പത്തിലേക്ക് ഇന്ത്യ വളര്‍ന്നു.
ഇത്രയൊക്കെയുണ്ടായിട്ടും ഇന്ത്യയ്ക്ക് പിന്നീടൊരു ട്വന്റി 20 കിരീടം നേടാനായിട്ടില്ല. 2014-ല്‍ ഫൈനലിലെത്തിയെങ്കിലും കലാശപ്പോരില്‍ ഇന്ത്യ ശ്രീലങ്കയോട് തോറ്റു. ഇത്തവണ ഓസ്ട്രേലിയയില്‍ വെച്ചാണ് ട്വന്റി 20 ലോകകപ്പ് നടക്കുന്നത്. ഒക്ടോബര്‍ 16 ന് ടൂര്‍ണമെന്റ് തുടങ്ങും. ടൂര്‍ണമെന്റില്‍ ഇന്ത്യ വലിയ ശക്തിയാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ സെലക്റ്റര്‍മാരുടെ തലയ്ക്ക് തീപ്പിടിപ്പിക്കുന്ന മറ്റൊരു കാര്യമുണ്ട്. ഇന്ത്യന്‍ കുപ്പായമണിഞ്ഞ് കളിക്കുന്ന ആ 11 പേര് ആരൊക്കെ? ഈ ചോദ്യം സെലക്ടര്‍മാരുടെ മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. ഓരോ പൊസിഷനിലേക്കും നാലിലധികം താരങ്ങളാണ് അവസരത്തിനായി കാത്തുനില്‍ക്കുന്നത്. സീനിയര്‍ താരങ്ങള്‍ നിറംമങ്ങുമ്പോഴും ഉജ്ജ്വലഫോമില്‍ കളിക്കുന്ന യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ല. മികച്ച പ്രകടനം പുറത്തെടുത്താലും അടുത്ത മത്സരത്തില്‍ കളിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. സീനിയര്‍ താരങ്ങളില്‍ പലരും ഫോമിന്റെ ഏഴയലത്തില്ല. യുവതാരങ്ങള്‍ ഫോമിന്റെ പാരമ്യത്തില്‍ നില്ക്കുമ്പോള് സീനിയര്‍ താരങ്ങള്‍ ടീമില്‍ നിന്നുവരെ പുറത്താവുന്ന അവസ്ഥയുണ്ടായേക്കാം. അനാവശ്യമായി അനുവദിക്കുന്ന വിശ്രമവും കൃത്യമായി സജ്ജകരിക്കാത്ത ലൈനപ്പുമെല്ലാം ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടികളാണ്.
വിശ്രമം ലേശം കുറയ്ക്കാം കേട്ടോ...
കൃത്യമായി ഒരു ടീമിനെ സജ്ജീകരിച്ച് ടീം ഗെയിം എന്ന വലിയ ആശയത്തിലേക്ക് ഇന്ത്യന്‍ ട്വന്റി 20 ക്രിക്കറ്റ് ടീം ചേക്കേറേണ്ട സമയമായിക്കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് നിലവില്‍ ഓരോ ടൂര്‍ണമെന്റുകള്‍ക്കും ഓരോ ടീമിനെയാണ് സജ്ജമാക്കുന്നത്. അയര്‍ലന്‍ഡിനെതിരേ യുവതാരങ്ങള്‍ മത്സരിച്ചപ്പോള്‍ ഇംഗ്ലണ്ടിനെതിരേ സീനിയര്‍ താരങ്ങള്‍ അണിനിരന്നു. സീനിയര്‍ താരങ്ങള്‍ക്ക് ആവശ്യത്തിനും അനാവശ്യത്തിനും നല്കുന്ന വിശ്രമദിനങ്ങള്‍ സത്യത്തില്‍ ടീമിന്റെ ഘടനയെത്തന്നെയാണ് മാറ്റിമറിക്കുന്നത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുമ്പോള്‍ ടീമിലിടം നേടുന്ന സഞ്ജു സാംസണെയും ദീപക് ഹൂഡയെയും പോലുള്ള കഴിവുള്ള യുവതാരങ്ങള്‍ അവസരത്തിനൊത്തുയരുകയും മികച്ച സ്കോര്‍ കണ്ടെത്തുകയും ചെയ്യും. പക്ഷേ അതൊന്നും പ്രധാന ടീമിന്റെ ഭാഗമാകുന്നതിനുള്ള മാനദണ്ഡത്തില്‍ ഉള്‍പ്പെടുന്നില്ല എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. വിശ്രമത്തിന് ശേഷം സീനിയര്‍ താരങ്ങള്‍ ടീമിലെത്തുമ്പോള്‍ സ്വാഭാവികമായും ജൂനിയര്‍ താരങ്ങള്‍ക്ക് സ്ഥാനം നഷ്ടമാകുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയാണ് അതിനുള്ള ഏറ്റവും വലിയ ഉദാഹരണം.
അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ സെഞ്ചുറിയുള്‍പ്പെടെ രണ്ട് മത്സരങ്ങളില്‍ നിന്ന് 151 റണ്‍സ് (104, 47*) നേടിയ ദീപക് ഹൂഡ മിന്നുന്ന പ്രകടനം പുറത്തെടുത്തു. പ്രകടനത്തിന്റെ മികവില്‍ താരം ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലിടം നേടി. ആദ്യ മത്സരത്തില്‍ സീനിയര്‍ താരങ്ങള്‍ വിട്ടുനിന്നതിനാല്‍ ഹൂഡയ്ക്ക് അവസരം ലഭിച്ചു. വിരാട് കോലിയുടെ പൊസിഷനില്‍ കളിച്ച ഹൂഡ 17 പന്തുകളില്‍ നിന്ന് 33 റണ്‍സെടുത്തു. മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്കോറര്മാരിലൊരാളായിരുന്നു താരം. എന്നാല്‍ രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും വിരാട് കോലി ടീമിലെത്തിയതോടെ ഹൂഡയുടെ സ്ഥാനം നഷ്ടപ്പെട്ടു. എന്നാല്‍ കോലിയാകട്ടെ രണ്ട് മത്സരങ്ങളിലും പരാജയമായി. 1, 11 എന്നിങ്ങനെയാണ് താരത്തിന്റെ സമ്പാദ്യം. കോലി വന്നപ്പോള്‍ ഹൂഡയ്ക്ക് സ്ഥാനം നഷ്ടപ്പെട്ടു. മലയാളി താരം സഞ്ജുവിനും സമാനമായ അവസ്ഥയുണ്ടായി. അയര്‍ലന്‍ഡിനെതിരേ തിളങ്ങിയതോടെ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിനുള്ള ടീമില്‍ സഞ്ജു ഇടം നേടി. പക്ഷേ ആ മത്സരത്തില്‍ ടീമിലിടം നേടാതെപോയ മലയാളിതാരം ആദ്യമത്സരത്തിനുശേഷം നാട്ടിലേക്ക് മടങ്ങി. ഇത്തരത്തിലുള്ള സംഭവവികാസങ്ങള്‍ സത്യത്തില്‍ ഇന്ത്യയുടെ ടീം ഘടനയെത്തന്നെ മാറ്റിമറിക്കുന്നു.

വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി 20 മത്സരങ്ങളില്‍ ഇന്ത്യ ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള യുവനിരയെയാണ് അയയ്ക്കുന്നത്. സഞ്ജുവും ഹൂഡയുമെല്ലാം ടീമിലുണ്ട്. ട്വന്റി 20 ലോകകപ്പ് മുന്നില്‍ നില്‍ക്കേ കെട്ടുറപ്പുള്ള ഒരുടീമിനെ ഒരുക്കുന്നതിന് പകരം ഓരോ പരമ്പരയ്ക്കും ഓരോ ടീമിനെ ഇറക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സീനിയര്‍ താരങ്ങള്‍ക്ക് നല്കുന്ന അനാവശ്യമായ വിശ്രമം സത്യത്തില്‍ ഇന്ത്യന്‍ ടീമിന്റെ ടീം ഗെയിമിനെയാണ് നശിപ്പിക്കുന്നത്.
നീളുന്ന കാത്തിരിപ്പ്
നിലവിലെ ഇന്ത്യന്‍ ടീമിന്റെ ബലം പരിശോധിച്ചാല്‍ ലോകത്തില്‍ മറ്റൊരു ടീമിനും അടുത്തെത്താനാകില്ല. ഓരോ പൊസിഷനിലും കളിക്കാന്‍ മൂന്നും നാലും കളിക്കാരാണുള്ളത്. ട്വന്റി 20യില്‍ ഓപ്പണറുടെ റോളില്‍ സാധാരണയായി രോഹിത് ശര്‍മയും കെ.എല്‍ രാഹുലുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങാണ്. ട്വന്റി 20 ലോകകപ്പിലെ ഓപ്പണിങ് ജോഡിയും ഇവര്‍തന്നെയായിരിക്കും. എന്നാല്‍ കഴിഞ്ഞ ഐ.പി.എല്ലില്‍ രോഹിതിനേക്കാള്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യയുടെ ശിഖര്‍ ധവാന് ഇപ്പോഴും ടീമിന് പുറത്താണ്. ഓപ്പണറുടെ റോളിലേക്ക് ശിഖര്‍ ധവാന്, ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ് തുടങ്ങിവരെല്ലാം പോരടിക്കുന്നുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട റോളാണ് വണ്‍ ഡൗണ്‍ ബാറ്റര്‍ക്കുള്ളത്. ഇത്രയും കാലം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളായ വിരാട് കോലി അത് ഭംഗിയോടെ നിര്‍വഹിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴത്തെ കോലിയുടെ ഫോം അദ്ദേഹത്തിന്റെ പ്രതാപകാലത്തിന്റെ നിഴലിന്റെ ഏഴയലത്തുപോലുമില്ല. ഫോം കണ്ടെത്താന്‍ പാടുപെടുന്ന കോലിയെ മൂന്നാം നമ്പറില്‍ പരിഗണിക്കുമോ എന്ന കാര്യംപോലും സംശയമാണ്. ദീപക് ഹൂഡയും ശ്രേയസ് അയ്യരുമെല്ലാം ഫോമിലേക്കുയര്‍ന്നാല്‍ ധവാനെപ്പോലെ കോലിയും ചിലപ്പോള്‍ പുറത്തിരിക്കേണ്ടിവരും. ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ് തുടങ്ങിയ താരങ്ങളെല്ലാം മൂന്നാം നമ്പറില്‍ കളിക്കുന്നവരാണ്.

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ഏകദേശം സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. സ്ഥിരതയോടെ കളിക്കുന്ന സൂര്യകുമാര്‍ ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി 20യില്‍ സെഞ്ചുറി നേടി നാലാം സ്ഥാനം ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. അഞ്ചാമനായി ഹാര്‍ദിക് പാണ്ഡ്യയും സ്ഥാനം ഏകദേശം ഉറപ്പാക്കി. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങുന്ന ഹാര്‍ദിക് എന്തായാലും ലോകകപ്പ് ടീമിലുണ്ടാകുമെന്ന കാര്യമുറപ്പാണ്. ഫിനിഷറുടെ റോളില്‍ കളിക്കാനും ഹാര്‍ദിക് മിടുക്കനാണ്.
ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന ഇതൊന്നുമല്ല. ഏത് വിക്കറ്റ് കീപ്പര്‍ ബാറ്ററെ തിരഞ്ഞെടുക്കുമെന്നതാണ്. ഒന്നാം വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് കഴിഞ്ഞ കുറേ മത്സരങ്ങളില്‍ പരാജയമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ കളി പുറത്തെടുക്കുന്നുണ്ടെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ പന്തിന് താളം കണ്ടെത്താനാകുന്നില്ല. കെ.എല്‍.രാഹുല്‍, ദിനേഷ് കാര്‍ത്തിക്, ഇഷാന് കിഷന്, സഞ്ജു സാംസണ് എന്നീ താരങ്ങളാണ് പന്തിന് ബദലായി ടീമിലിടം നേടാനായി കാത്തിരിക്കുന്നത്. ഇനിയും ഫോം കണ്ടെത്തിയില്ലെങ്കില്‍ സീനിയര്‍ താരമായ പന്തിന് ടീമില്‍ നിന്ന് സ്ഥാനം നഷ്ടപ്പെട്ടേക്കും. രാഹുല്‍ കീപ്പറായാല്‍ പകരം ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററെ കൊണ്ടുവരാം. കാര്ത്തിക്കിനെയെടുത്താല് ഒരു മികച്ച ഫിനിഷറുടെ സേവനം ലഭിക്കും. സഞ്ജുവിനാണ് നറുക്കുവീഴുന്നതെങ്കില്‍ മധ്യനിരയില്‍ ഉപയോഗിക്കാനാകും. ഇഷാന് കിഷനെ ഓപ്പണറായും വിക്കറ്റ് കീപ്പറായും പരിഗണിക്കാം. ഇനിയുള്ള മത്സരങ്ങളില്‍ തിളങ്ങിയില്ലെങ്കില്‍ പന്തിന്റെ വമ്പെല്ലാം ചോര്‍ന്നുപോകുന്നത് കാണേണ്ടിവരും.

സ്പിന്‍ വിഭാഗത്തില്‍ സീനിയര്‍ താരങ്ങളായ യൂസ്വേന്ദ്ര ചാഹലും അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയുമെല്ലാമുണ്ട്. കുല്‍ദീപ് യാദവും രവി ബിഷ്ണോയിയും വരുണ്‍ ചക്രവര്‍ത്തിയുമെല്ലാം അവസരം കാത്ത് പുറത്തുണ്ട്. ചാഹല്‍ ഫോമിലല്ലെങ്കില്‍ താരത്തിന് സ്ഥാനം നഷ്ടപ്പെട്ടേക്കും. പഴയ ഫോമിന്റെ അടുത്തെത്താന്‍ പോലും ചാഹലിന് സാധിക്കുന്നില്ല. റണ്‍ നന്നായി വഴങ്ങുന്നുമുണ്ട്. ചാഹല്‍ ഫോം കണ്ടെത്തിയില്ലെങ്കില്‍ സ്പെഷ്യലിസ്റ്റ് സ്പിന്നറായി രവി ബിഷ്ണോയി ടീമിലിടം നേടും. ചൈനാമെന്‍ ബൗളറായ കുല്‍ദീപിനും സാധ്യതയുണ്ട്. ജഡേജയും അക്ഷര്‍ പട്ടേലും ഓള്റൗണ്ടര്മാരായതിനാല് ഈ താരങ്ങളിലൊരാള്‍ ടീമിലിടം നേടും. ജഡേജയുടെ ഫോമില്‍ അക്ഷറിന് അവസരം കിട്ടാന്‍ സാധ്യത കുറവാണ്. ഓള്‍റൗണ്ടറായ ഹര്‍ഷല്‍ പട്ടേലും ടീമില്‍ അവസരം നേടാനുള്ള സാധ്യതകളുണ്ട്. മീഡിയം പേസറും ബാറ്ററുമായ ഹര്‍ഷലിന് ഹാര്‍ദിക് പാണ്ഡ്യയുമായും മത്സരമുണ്ട്. ശാര്‍ദുല്‍ ഠാക്കൂറും ഈ വിഭാഗത്തില്‍പ്പെടുന്നു.

പേസ് ബൗളിങ് വിഭാഗത്തിലും ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. വിശ്വസ്ത താരങ്ങളായ ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും ടീമിലുണ്ടാകുമെന്ന കാര്യമുറപ്പാണ്. കുറച്ചുകാലം മുന്‍പ് വരെ ഫോം കണ്ടെത്താന്‍ വിഷമിച്ച ഭുവി സ്വിങ് ബൗളിങ്ങുമായി തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരെയും അയര്‍ലന്‍ഡിനെതിരേയും പുറത്തെടുത്തത്. ബുംറ എപ്പോഴും സ്ഥിരതയോടെ പന്തെറിയുന്നുമുണ്ട്. മൂന്നാമത്തെ ബൗളറായി സാധാരണ മുഹമ്മദ് ഷമിയെയാണ് പരിഗണിക്കാറ്. എന്നാല്‍ ഷമിയ്ക്ക് കടുത്ത മത്സരമേകി ആവേശ് ഖാനും അര്‍ഷ്ദീപ് സിങ്ങും ഉമ്രാന് മാലിക്കും ഖലീല്‍ അഹമ്മദും നടരാജനുമെല്ലാം രംഗത്തുണ്ട്. ഇനിയുള്ള മത്സരങ്ങളില്‍ യുവതാരങ്ങള്‍ നന്നായി കളിച്ചാല്‍ ഷമി പുറത്താകാനും സാധ്യതയുണ്ട്.
പക്ഷേ യുവതാരങ്ങളുടെ ടീമിലേക്കുള്ള പ്രവേശനം എത്രത്തോളം സാധ്യമാണെന്ന കാര്യം സംശയമാണ്. പരിചയസമ്പത്തിന്റെ ബലമാണ് സീനിയര്‍ താരങ്ങളുടെ പ്രധാന ആയുധം. പക്ഷേ പരിചയസമ്പത്തുമാത്രം കൈമുതലായുണ്ടായാല് കിരീടം ഇന്ത്യയിലേക്ക് പോരുമോ? സീനിയര്‍ താരങ്ങളുടെ കണക്കെടുക്കുമ്പോള്‍ നായകന് രോഹിത് ശര്‍മ പോലും ഫോം കണ്ടെത്തിയിട്ട് മാസങ്ങളായി. തുടര്‍ച്ചായി 14 വിജയങ്ങള്‍ നേടി ട്വന്റി 20 റെക്കോഡ് നേടുമ്പോഴും രോഹിത് ഫോം കണ്ടെത്താന്‍ നന്നായി പാടുപെടുന്നുണ്ട്. കോലിയുടെ കാര്യം അതിലും കഷ്ടമാണ്. പന്ത് കൃത്യമായി വിലയിരുത്താന്‍ പോലും താരത്തിന് സാധിക്കുന്നില്ല. ഇന്ത്യയുടെ രണ്ട് പ്രധാന ശക്തികേന്ദ്രങ്ങള്‍ തളരുമ്പോള്‍ സ്വാഭാവികമായും ടീം ദുര്‍ബലമാകും. പരിക്കുമൂലം രാഹുല്‍ കുറച്ചുനാളായി അന്താരാഷ്ട്ര ട്വന്റി 20 കളിക്കുന്നില്ല. താരം ടീമിലേക്ക് തിരിച്ചുവരുമ്പോള്‍ ഫോം കണ്ടെത്തുമോ എന്ന കാര്യവും സംശയമാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് നിരവധി അവസരം ലഭിച്ചെങ്കിലും ഒന്നുപോലും മുതലാക്കാനായിട്ടില്ല. ഇങ്ങനെയൊരു ടീമിനെയാണ് ലോകകപ്പിന് അയയ്ക്കുന്നതെങ്കില്‍ ഇന്ത്യയ്ക്ക് ഭാഗ്യത്തിന്റെ അകമ്പടി കൂടി വേണ്ടിവരും.

2007-ല്‍ സമാനസാഹചര്യത്തിലൂടെ ഇന്ത്യ കടന്നുപോയിരുന്നു. അന്ന് ഏകദിന ലോകകപ്പില്‍ സച്ചിനും ദ്രാവിഡുമെല്ലാം അടങ്ങിയ സീനിയര്‍ ഇന്ത്യന്‍ നിര ആദ്യ ഘട്ടത്തില്‍ തന്നെ നാണംകെട്ട് പുറത്തായി. ബംഗ്ലാദേശിനോടുപോലും ഇന്ത്യ പരാജയപ്പെട്ടു. ഇതിനുപിന്നാലെയാണ് ഇന്ത്യ ട്വന്റി 20 ലോകകപ്പിനായി യുവനിരയെ അയച്ചത്. വീരേന്ദര്‍ സെവാഗ് മാത്രമായിരുന്നു അന്ന് ടീമിലെ സീനിയര്‍ താരം. ആരും കിരീടസാധ്യതപോലും കല്‍പ്പിക്കാതിരുന്ന ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം അന്ന് കപ്പുയര്‍ത്തിയപ്പോള്‍ ക്രിക്കറ്റ് സമവാക്യങ്ങളും മുന്‍ധാരണകളുമെല്ലാം തകര്‍ന്നടിഞ്ഞു. ഇന്ത്യ ചരിത്രം കുറിക്കുകയും ചെയ്തു. 15 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യ മറ്റൊരു ലോകകപ്പിന് തയ്യാറെടുക്കുകയാണ്. യുവതാരങ്ങളെ അണിനിരത്തി 2007-ലെന്ന പോലെ ഇന്ത്യ കിരീടമുയര്‍ത്തുമോ? മറ്റൊരു ധോനിയും കൂട്ടരും പിറവിയെടുക്കുമോ?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..