അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-1 ന് വിജയിച്ചതോടെ ഇന്ത്യ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടും. ജൂണില്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലായിരിക്കും ഫൈനല്‍.

ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയിച്ചാല്‍ മാത്രമേ ഫൈനലിന് യോഗ്യത നേടൂ എന്ന നിലയില്‍ അവിശ്വസനീയമായ പ്രകടനമാണ് ഇന്ത്യ കാഴ്ച വെച്ചത്. പരമ്പര സമനിലയിലോ തോല്‍വിയിലോ അവസാനിച്ചിരുന്നെങ്കില്‍ ഓസ്‌ട്രേലിയ ഫൈനലിന് യോഗ്യത നേടുമായിരുന്നു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചതോടെ ഇന്ത്യ അപകടം മണത്തു. എന്നാല്‍ പിന്നീടുള്ള മൂന്നു ടെസ്റ്റുകളും വിജയിച്ച് ഇന്ത്യ പരമ്പര 3-1 ന് വിജയിച്ച് ഫൈനലിന് യോഗ്യത നേടി.

പോയന്റ് പട്ടികയില്‍ ഇന്ത്യയാണ് ഒന്നാമത്. ആറ് രാജ്യങ്ങളുമായി ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഇന്ത്യ 12 മത്സരങ്ങളില്‍ വിജയം സ്വന്തമാക്കി. ഒന്നില്‍ സമനില വഴങ്ങിയപ്പോള്‍ നാലെണ്ണത്തില്‍ തോല്‍വി വഴങ്ങി. 520 പോയന്റുകള്‍ നേടി 72.2 ശതമാനം വിജയത്തോടെ പട്ടികയില്‍ ഒന്നാമതായി ഫൈനലില്‍ കയറാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. 

ഫൈനലിലെ എതിരാളികളായ ന്യൂസീലന്‍ഡിന് 420 പോയന്റുകളാണുള്ളത്. അഞ്ചുപരമ്പരകളില്‍ നിന്നും ഏഴുവിജയങ്ങളും നാല് തോല്‍വികളും ടീം നേടി. 70 ശതമാനം വിജയമാണ് കിവീസിനുള്ളത്. 

Content Highlights: Indian cricket team qualified for the finals of World Test Championship