സിഡ്നി: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിക്ക് വല്ലാതെ ബാധിക്കുന്നു. പതിനൊന്നോളം താരങ്ങളെയാണ് പരിക്ക് മൂലം ഇന്ത്യയ്ക്ക് നഷ്ടമായത്. ഇതുകാരണം ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ കാര്യമായ അഴിച്ചുപണികൾ നടത്തേണ്ടിവരും. ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ഹനുമ വിഹാരിയുമെല്ലാം നാലാം ടെസ്റ്റിൽ കളിക്കില്ലെന്ന കാര്യം ഉറപ്പായി

ഭുവനേശ്വർ കുമാർ

കഴിഞ്ഞ ഐ.പി.എലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി കളിക്കുമ്പോൾ ഗ്രൗണ്ടിൽ വീഴുകയായിരുന്നു.

തുടയിലെ മസിലുകൾക്കുണ്ടാകുന്ന പ്രശ്നം. ടെസ്റ്റ്‌ പരമ്പര നഷ്ടം.

ഉമേഷ് യാദവ്

അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ ബൗൾ ചെയ്യുന്നതിനിടെ കാലിന്റെ മസിലിൽ പരിക്കേറ്റു. ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പിന്മാറി.

മുഹമ്മദ് ഷമി

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ബാറ്റുചെയ്യുന്നതിനിടെ പാറ്റ് കമ്മിൻസിന്റെ ബൗൺസർ കൊണ്ട് കൈയ്ക്ക് പൊട്ടൽ. ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പിന്മാറി.

മായങ്ക് അഗർവാൾ

പരിശീലനത്തിനിടെ കൈയിൽ പന്തുകൊണ്ടു. സ്കാനിങ് നടത്തി. പൂർണമായി സുഖംപ്രാപിച്ചില്ലെങ്കിലും നാലാം ടെസ്റ്റിൽ വിഹാരിക്ക് പകരം ഇറങ്ങുമെന്ന് കരുതുന്നു

ഹനുമ വിഹാരി

മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിൽ പേശീവലിവുമായാണ് വിഹാരി ബാറ്റുചെയ്തത്. വേദനകാരണം, ഓടി റൺ എടുക്കുന്നത് പലപ്പോഴും ഒഴിവാക്കി.

ഋഷഭ് പന്ത്

മൂന്നാം ടെസ്റ്റിൽ കമ്മിൻസിന്റെ പന്ത് ഇടത്തെ കൈയിൽ കൊണ്ടു. രണ്ടാം ഇന്നിങ്‌സിൽ വിക്കറ്റ് കീപ്പ് ചെയ്യാൻ ഇറങ്ങിയില്ലെങ്കിലും പിന്നീട് ബാറ്റിങ്ങിന് ഇറങ്ങി 97 റൺസടിച്ചു.

കെ.എൽ. രാഹുൽ

ആദ്യ രണ്ട് ടെസ്റ്റുകളിൽ അവസരമില്ലാതിരുന്ന രാഹുലിനെ മൂന്നാം ടെസ്റ്റിൽ കളിപ്പിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കേ, പരിശീലനത്തിനിടെ കൈയിൽ പന്തുകൊണ്ട് പൊട്ടൽ

ബുംറ

മൂന്നാം ടെസ്റ്റിൽ ഫീൽഡ് ചെയ്യുന്നതിനിടെ അടിവയറ്റിൽ വേദന തുടങ്ങി.നാലാം ടെസ്റ്റിൽ കളിക്കില്ലെന്ന് സ്ഥിരീകരണം.

രവീന്ദ്ര ജഡേജ

മൂന്നാം ടെസ്റ്റിൽ മിച്ചൽ സ്റ്റാർക്കിന്റെ ബൗൺസർ കൈയിലെ വിരലിൽ കൊണ്ടു. വിരലിൽ പൊട്ടലുണ്ട്. ഈ പരമ്പരയിൽ രണ്ടാംതവണയാണ് ജഡേജ പരിക്കിലാകുന്നത്. ഒന്നാം ട്വന്റി 20 യിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽനിന്ന് മാറിനിന്നു.

ഇഷാന്ത് ശർമ

ഐ.പി.എലിൽ ഇഷാന്തിന് പരിശീലനത്തിനിടെ അടിവയറ്റിൽ വേദന തുടങ്ങി. സെപ്റ്റംബർ 29-ന് സൺറൈസേഴ്‌സിനെതിരായ ഒരു മത്സരത്തിൽ മാത്രമേ കളിച്ചുള്ളൂ. ദീർഘകാല ചികിത്സ വേണമെന്ന് ഉറപ്പായതോടെ ഓസ്ട്രേലിയ പര്യടനത്തിൽനിന്ന് ഒഴിവാക്കി.

ആർ. അശ്വിൻ

ഈ പരമ്പരയിൽ ഇതുവരെ 134 ഓവർ ബൗൾ ചെയ്തുകഴിഞ്ഞ അശ്വിന് നടുവേദനയാണ് പ്രശ്നമായത്. വേദന കാരണം കഴിഞ്ഞദിവസം അശ്വിന് ഉറങ്ങാൻപോലും കഴിഞ്ഞില്ലെന്ന് ഭാര്യ പ്രീതി ട്വീറ്റ് ചെയ്തു. കഴിഞ്ഞദിവസം ബാറ്റിങ്ങിനിടെ വയറ്റിൽ പന്തുകൊള്ളുകയും ചെയ്തു. നാലാം ടെസ്റ്റ് കളിക്കുന്ന കാര്യം സംശയത്തിൽ.

Content Highlights: Indian Cricket team players suffers injury problems