ടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ഒരുക്കം എന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍ ഇംഗ്ലണ്ടില്‍ പരമ്പര കളിച്ചുകൊണ്ടിരിക്കുന്നത്. റാങ്കിങ്ങില്‍ ഒന്നാമതുള്ള ഇംഗ്ലണ്ടും രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയും തമ്മിലുള്ള ഏകദിനപരമ്പര ലോകകപ്പിലേക്കുള്ള ദിശാസൂചികൂടിയാണ്.

ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ഇന്ത്യ തുടര്‍ന്ന് രണ്ടു മത്സരങ്ങള്‍ തോറ്റ് പരമ്പര അടിയറവെച്ചതോടെ ലോകകപ്പിന് ഇന്ത്യയുടെ ഒരുക്കം ശരിയായ ദിശയിലാണോ എന്ന സംശയം ഉയര്‍ന്നുതുടങ്ങി. ഏകദിന ബാറ്റിങ്ങിലും (വിരാട് കോലി) ബൗളിങ്ങിലും (ജസ്പ്രീത് ബുംറ) ഒന്നാം റാങ്കിലുള്ളത് ഇപ്പോള്‍ ഇന്ത്യക്കാരാണ്. ലോകോത്തര താരങ്ങള്‍ അണിനിരക്കുമ്പോഴും മധ്യനിരബാറ്റിങ് ഇപ്പോഴും ഇന്ത്യയ്ക്ക് തലവേദനയായി തുടരുന്നു.

ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രതീക്ഷിച്ചപോലെ സ്‌കോര്‍ ചെയ്തില്ലെങ്കില്‍ മധ്യനിരയും തകരുന്നു. മധ്യനിരയില്‍ ആര്‍ക്കും സ്ഥാനം ഉറപ്പില്ലാത്തത് പ്രശ്‌നത്തിന് ആക്കംകൂട്ടുന്നു. ഉറച്ച മധ്യനിരയെ കണ്ടെത്തണമെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി കഴിഞ്ഞദിവസം പ്രതികരിച്ചത് ഈ സാഹചര്യത്തിലാണ്. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഭേദപ്പെട്ട തുടക്കം നല്‍കുന്നു. മൂന്നാമനായെത്തുന്ന ക്യാപ്റ്റന്‍ വിരാട് കോലിയും ഇന്ത്യന്‍ സ്‌കോറിനെ മുന്നോട്ടുനയിക്കുന്നു. എന്നാല്‍, ഇവര്‍ പരാജയപ്പെട്ടാല്‍ മിക്കപ്പോഴും ബാറ്റിങ് ഒന്നാകെ തകരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലും ഇതു കണ്ടു.

അവശ്യസമയത്ത് വമ്പനടികളിലൂടെ സ്‌കോര്‍ ഉയര്‍ത്താനും മധ്യനിരയ്ക്കാകുന്നില്ല. ലോകേഷ് രാഹുല്‍, അജിന്‍ക്യ രഹാനെ, ദിനേഷ് കാര്‍ത്തിക്, സുരേഷ് റെയ്ന എന്നിവരാണ് ഇന്ത്യന്‍ ടീമിന്റെ മധ്യനിരയിലെ താരങ്ങള്‍. ഇതിനിടെ മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ശ്രേയസ്സ് അയ്യര്‍ എന്നിവരെ പരീക്ഷിച്ചെങ്കിലും നാല്, അഞ്ച് സ്ഥാനങ്ങളില്‍ സ്ഥിരമായ കൂട്ടുകെട്ട് കണ്ടെത്താന്‍ കഴിയുന്നില്ല. ആറാമനായി ധോനിയും ഏഴാമനായി ഹാര്‍ദിക് പാണ്ഡ്യയുമാണ് ഇറങ്ങുന്നത്.

മധ്യനിര ഉറപ്പുള്ളതാണെങ്കില്‍ പിന്നീടെത്തുന്ന ധോനിക്കും ഹാര്‍ദിക് പാണ്ഡ്യക്കും റണ്‍റേറ്റ് ഉയര്‍ത്താനാകും. എന്നാലിപ്പോള്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നാല്‍ ഇന്നിങ്സ് കെട്ടിപ്പടുക്കേണ്ട ഉത്തരവാദിത്വം നേരെ ധോനിയിലേക്ക് ചെന്നെത്തിപ്പെടുകയാണ്. അജിന്‍ക്യ രഹാനെയെ ഇംഗ്ലണ്ടിലേക്കുള്ള ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പകരമെത്തിയ റെയ്നയ്ക്കും രാഹുലിനും തിളങ്ങാനുമായില്ല.

രാഹുല്‍ രണ്ട് ഇന്നിങ്സില്‍ കേവലം ഒമ്പത് റണ്‍സെടുത്തപ്പോള്‍ ഒരിന്നിങ്സില്‍ നാലാമനായി കളിക്കാന്‍ അവസരം കിട്ടിയ ദിനേശ് കാര്‍ത്തിക് 21 റണ്‍സെടുത്തു. സുരേഷ് റെയ്നയ്ക്ക് പരമ്പരയില്‍ 47 റണ്‍സെടുക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. മധ്യനിര ശക്തമാക്കാന്‍ രാഹുലിനും രഹാനെയ്ക്കും കൂടുതല്‍ സമയം ലഭ്യമാക്കണമെന്നാണ് ഗാംഗുലിയുടെ അഭിപ്രായം. തുടര്‍ച്ചയായ 15 മത്സരങ്ങളിലെങ്കിലും അവസരമുറപ്പിച്ച് ഇഷ്ടമുള്ളതുപോലെ കളിക്കാന്‍ ആവശ്യപ്പെടണം -ഗാംഗുലി പറയുന്നു

ഇന്ത്യന്‍ താരങ്ങളുടെ മധ്യനിരയിലെ പ്രകടനം

അജിന്‍ക്യ രഹാനെ
നാലാം നമ്പറില്‍

ഇന്നിങ്സ്: 25
റണ്‍സ്: 843
ശരാശരി: 36.45

ആറാം നമ്പര്‍

ഇന്നിങ്സ്: 1
റണ്‍സ്: 4
ശരാശരി: 4

രഹാനെ അഞ്ചാം നമ്പറില്‍ ബാറ്റുചെയ്തിട്ടില്ല

ദിനേശ് കാര്‍ത്തിക്
നാലാം നമ്പര്‍

ഇന്നിങ്സ്: 15
റണ്‍സ്: 325
ശരാശരി: 36.11

അഞ്ചാം നമ്പര്‍

ഇന്നിങ്സ്: 9
റണ്‍സ്: 220
ശരാശരി: 36.67

ആറാം നമ്പര്‍

ഇന്നിങ്സ്: 9
റണ്‍സ്: 169
ശരാശരി: 28.17

ലോകേഷ് രാഹുല്‍

നാലാം നമ്പര്‍

ഇന്നിങ്സ്: 3
റണ്‍സ്: 26
ശരാശരി: 13

അഞ്ചാം നമ്പര്‍

ഇന്നിങ്സ്: 1
റണ്‍സ്: 7
ശരാശരി: 7

രാഹുല്‍ ആറാം നമ്പറില്‍ ബാറ്റു ചെയ്തിട്ടില്ല

സുരേഷ് റെയ്ന
നാലാം നമ്പര്‍

ഇന്നിങ്സ്: 18
റണ്‍സ്: 675
ശരാശരി: 45.00

അഞ്ചാം നമ്പര്‍

ഇന്നിങ്സ്: 82
റണ്‍സ്: 2448
ശരാശരി: 35.48

ആറാം നമ്പര്‍

ഇന്നിങ്സ്: 62
റണ്‍സ്: 1707
ശരാശരി: 34.84

Content Highlights: Indian Cricket Team Midfield Problems World Cup Cricket 2019