ളി തുടങ്ങിയ കാലംതൊട്ടേ അഭിനന്ദനങ്ങളും ആര്‍പ്പുവിളികളും കേട്ടാണ് വിരാട് കോലിക്ക് ശീലം. എതിരാളികളെയെന്നപോലെ സഹ താരങ്ങളെപ്പോലും അദ്ഭുതപ്പെടുത്തിയ എത്രയോ ബാറ്റിങ് പ്രകടനങ്ങള്‍. സമാനതകളില്ലാത്ത റെക്കോഡുകള്‍... പക്ഷേ, ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ 227 റണ്‍സിന് തോറ്റതോടെ കോലിക്കുനേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു. കോലിക്കു കീഴില്‍ ടെസ്റ്റില്‍ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ക്യാപ്റ്റനായശേഷം ടെസ്റ്റില്‍ തുടര്‍ച്ചയായി നാലുകളി തോല്‍ക്കുന്നത് ആദ്യം.

അഡ്‌ലെയ്ഡില്‍ അടിപതറി

ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് അടക്കമുള്ളവര്‍ ചെന്നൈയിലെ കോലിയുടെ സമീപനത്തെ ചോദ്യം ചെയ്തു. ഡിസംബറില്‍, ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ 36 റണ്‍സിന് പുറത്തായതുകൂടി ഓര്‍ത്തുകൊണ്ടാണ് വിമര്‍ശകര്‍ വിരല്‍ ചൂണ്ടുന്നത്. ഇംഗ്ലണ്ടിനെതിരായ തോല്‍വി പെട്ടെന്നുള്ള പ്രകോപനം മാത്രം. ഓസ്‌ട്രേലിയയില്‍നിന്ന് കോലി മടങ്ങിയശേഷം അജിന്‍ക്യ രഹാനെ നയിച്ച ടീം ശേഷിച്ച മൂന്നു ടെസ്റ്റില്‍ രണ്ടും ജയിച്ച് പരമ്പര നേടിയതോടെ കോലിയെ വിമര്‍ശിക്കാന്‍ മതിയായ കാരണമായി. ശനിയാഴ്ച ചെന്നൈയില്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റിലും ഫലം ഇന്ത്യയ്ക്ക് അനുകൂലമല്ലെങ്കില്‍ വിമര്‍ശനങ്ങള്‍ കനക്കും എന്നുറപ്പ്. മത്സരത്തിനിറങ്ങുമ്പോള്‍ കോലിക്ക് അതിന്റെ സമ്മര്‍ദമുണ്ടാകും.

ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചവരില്‍ ഏറ്റവുമുയര്‍ന്ന വിജയശതമാനം കോലിക്കാണ്. നയിച്ച 57 ടെസ്റ്റില്‍ 33 മത്സരങ്ങള്‍ ജയിച്ചു. 57.89 വിജയശതമാനം. ഇതിനിടെ, ഓസ്‌ട്രേലിയയ്‌ക്കെതിരേ അവരുടെ നാട്ടില്‍ പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി (2018-19).

എങ്കിലും ഐ.സി.സി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയശേഷമുള്ള പ്രകടനങ്ങള്‍ അത്ര ആശാവഹമല്ല. വെസ്റ്റിന്‍ഡീസ് (2-0), ദക്ഷിണാഫ്രിക്ക (4-0), ബംഗ്ലാദേശ് (2-0) ടീമുകള്‍ക്കെതിരേ തുടര്‍ച്ചയായി എട്ടു മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പോയന്റ് പട്ടികയില്‍ മുന്നിലെത്തിയത്. സ്വതവേ ദുര്‍ബലരായ ഈ ടീമുകള്‍ക്കെതിരേ ഇന്ത്യന്‍ മണ്ണിലായിരുന്നു കളി.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് യഥാര്‍ഥ വെല്ലുവിളി കഴിഞ്ഞ ഫെബ്രുവരിയിലെ ന്യൂസീലന്‍ഡ് പര്യടനമായിരുന്നു. അവിടെ രണ്ടു മത്സരങ്ങളും തോറ്റു. പിന്നീട് ഓസ്‌ട്രേലിയന്‍ പര്യടനം. അവിടെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോറിന് ഓള്‍ഔട്ടായതും കോലിക്കു കീഴില്‍. ഈ കഥയിലെ അവസാന അധ്യായമാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര. പരമ്പര തോറ്റാല്‍ ഇതിലും വലിയ ചോദ്യങ്ങള്‍ വരും. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളെപ്പോലെ വിവിധ ഫോര്‍മാറ്റുകളില്‍ വെവ്വേറെ ടീമുകളും ക്യാപ്റ്റന്‍മാരും വേണമെന്ന ആവശ്യം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

Content Highlights: Indian cricket team lost last four test matches under the captiancy of Kohli