Photo: twitter.com/ICC
2022-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിച്ചത് അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളാണ്. അഞ്ചും തോറ്റു. പുതിയവര്‍ഷം, പുതിയ ക്യാപ്റ്റന്‍, പുതിയ കോച്ച്... ഇങ്ങനെ രൂപാന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റിന് തുടക്കത്തില്‍ കിട്ടിയ കല്ലുകടിയായി ദക്ഷിണാഫ്രിക്കന്‍ പര്യടനം. ആദ്യടെസ്റ്റ് ജയിച്ച് ഗംഭീരമായി തുടങ്ങിയ ഇന്ത്യ പിന്നീട് ടെസ്റ്റിലും ഏകദിനത്തിലുമായി തോറ്റത് തുടരെ അഞ്ച് കളികള്‍. ഇതില്‍ ഏകദിന പരമ്പര, ഒരു കളിപോലും ജയിക്കാതെ കൈവിട്ടത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു. ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് സംഭവിച്ചത് എന്താണ്?
കറങ്ങാത്ത പന്തുകള്‍
മധ്യ ഓവറുകളില്‍ കളി ജയിപ്പിക്കാന്‍ശേഷിയുള്ള സ്പിന്നര്‍മാരില്ലാതെപോയി. യുസ്‌വേന്ദ്ര ചാഹലും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്ന് പരമ്പരയിലാകെ നേടിയത് മൂന്ന് വിക്കറ്റുകളാണ്. ചാഹലിന് രണ്ടും അശ്വിന് ഒരു വിക്കറ്റും. ആറാം ബൗളറായി ഉപയോഗിക്കാന്‍ കഴിയുന്ന ഹാര്‍ദിക് പാണ്ഡ്യയുടെയും രവീന്ദ്ര ജഡേജയുടെയും അഭാവം ശരിക്കും നിഴലിച്ചു. മൂന്നാം ഏകദിനത്തില്‍ ആറാം ബൗളറായി ഉപയോഗിച്ചത് ശ്രേയസ് അയ്യരെയാണ്. ഒരു ഫലവുമുണ്ടായില്ല.
ചേരാത്ത നായകവേഷം
വിരാട് കോലി നായകസ്ഥാനത്തുനിന്ന് മാറിയശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയായിരുന്നു ഇത്. പരിക്കേറ്റ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച കെ.എല്‍. രാഹുലിന് പക്ഷേ, ഒരെത്തുംപിടിയും കിട്ടിയില്ല. എന്തു ചെയ്യണമെന്ന് ക്യാപ്റ്റന് വ്യക്തമായ ധാരണയില്ലാതെ പോയി. ഫീല്‍ഡിങ് ക്രമീകരണങ്ങളും ബൗളിങ് ചെയ്ഞ്ചുകളും പാളി. സ്വന്തം കളിക്കാരെ വിശ്വാസത്തിലെടുക്കാനും രാഹുലിന് കഴിഞ്ഞില്ല. രണ്ടാം ഏകദിനത്തില്‍ ആദ്യ ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ 16 റണ്‍സ് വഴങ്ങിയപ്പോള്‍ രാഹുല്‍ ക്ഷണത്തില്‍ പിന്‍വലിച്ചു. അതുപോലെ ക്വിന്റണ്‍ ഡികോക്കിന്റെ വിക്കറ്റെടുത്ത ഓവറിനുപിന്നാലെ ശാര്‍ദുല്‍ ഠാക്കൂറിനെയും മാറ്റിനിര്‍ത്തി. രണ്ടാം ഏകദിനത്തില്‍ വെങ്കടേഷ് അയ്യര്‍ക്ക് അവസരം കൊടുത്തെങ്കിലും ആറാം ബൗളറായി ഉപയോഗിച്ചില്ല.
ഓപ്പണറായി സ്വയം പ്രൊമോട്ട് ചെയ്തിറങ്ങിയ രാഹുലിന് പക്ഷേ, മൂന്ന് മത്സരങ്ങളില്‍നിന്ന് നേടാനായത് 76 റണ്‍സ് മാത്രം. മൂന്നാം ഏകദിനത്തില്‍ നാല് മാറ്റങ്ങള്‍ വരുത്തിയിട്ടും ഋതുരാജ് ഗെയ്ക്‌വാദിന് അവസരം നല്‍കാത്തതിന് രാഹുല്‍ വ്യക്തിപരമായും വിമര്‍ശിക്കപ്പെടുന്നു.
ജയിക്കാമായിരുന്ന കളികള്‍
ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സില്‍ മൂന്ന് സെഞ്ചുറികളുണ്ടായി, ഇന്ത്യയില്‍നിന്ന് പൂജ്യവും. ഉറച്ചുനിന്ന് കളിച്ച ഒന്നോ രണ്ടോ ബാറ്റര്‍മാരാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച ടോട്ടലുകള്‍ നല്‍കിയത്. എന്നാല്‍, നിലയുറപ്പിച്ച ഇന്ത്യന്‍ ബാറ്റര്‍മാരൊന്നും വലിയ സ്‌കോറിലേക്കെത്തിയില്ല. ശിഖര്‍ ധവാനും വിരാട് കോലിയും മികച്ച അടിത്തറ നല്‍കിയ ഒന്നും മൂന്നും ഏകദിനങ്ങള്‍ ഇന്ത്യക്ക് വിജയിക്കാമായിരുന്നു. എന്നാല്‍, പ്രതിബദ്ധതയില്ലാതെ കളിച്ച് രണ്ടുപേരും അര്‍ധസെഞ്ചുറിയ്ക്കുശേഷം മടങ്ങി. മൂന്നാം ഏകദിനത്തില്‍ ദീപക് ചഹാര്‍ 34 പന്തില്‍ 54 റണ്‍സെടുത്തിട്ടും ജയിക്കാനാവാതെപോയത് അടിത്തറ ദുര്‍ബലമായതുകൊണ്ടാണ്. നീണ്ട ഇടവേളയ്ക്കുശേഷം സെഞ്ചുറി നേടാനും ഇന്ത്യയെ ജയിപ്പിക്കാനുമുള്ള സുവര്‍ണാവസരമാണ് കോലി കളഞ്ഞുകുളിച്ചത്. സെഞ്ചുറിയില്ലാതെ കോലി 2019-2022ല്‍ പിന്നിട്ടത് 18 ഇന്നിങ്‌സുകളാണ്.
നടുവൊടിഞ്ഞ്
ഇന്ത്യന്‍ മധ്യനിരയ്ക്ക് കരുത്തുപകരേണ്ടവര്‍ ഋഷഭ് പന്തും ശ്രേയസ് അയ്യരുമാണ്. എന്നാല്‍, മൂന്ന് കളികളില്‍ പന്ത് നേടിയത് 101ഉം ശ്രേയസ് നേടിയത് 54ഉം റണ്‍സാണ്. രണ്ടാം ഏകദിനത്തില്‍ 85 റണ്‍സെടുത്തത് മാത്രമുണ്ട് പന്തിന് ഓര്‍ക്കാന്‍. തൊട്ടടുത്ത കളിയില്‍ ഗോള്‍ഡന്‍ ഡക്കാകുകയും ചെയ്തു. തന്നെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് പന്ത് ഇങ്ങനെ തെളിയിച്ചു. ഒരു കളിയില്‍ അവസരം കിട്ടിയ സൂര്യകുമാര്‍ 39 റണ്‍സെടുത്തു.
മൂന്ന് കളിയില്‍ അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ ഇന്ത്യന്‍ ബൗളിങ്ങില്‍ ഒറ്റയാനായി. ഇക്കോണമി റേറ്റ് അഞ്ചില്‍ താഴെ നിര്‍ത്താനും താരത്തിനായി.
Content Highlights: Indian cricket team lost all five matches in the year of 2022
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..