സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും | Photo: BCCI
ഇന്ത്യന്‍ ജഴ്സിയില്‍ ഒരു മലയാളി കളിക്കുന്നത് കാണാന്‍ ആഗ്രഹിച്ചവരാണ് നമ്മള്. ആദ്യം ടിനു യോഹന്നാനും പിന്നീട് ശ്രീശാന്തും ആ ആഗ്രഹം നിറവേറ്റി. പിന്നാലെ ട്വന്റി-20 കളിച്ച് തിരുവന്തപുരത്തുകാരന് സഞ്ജുവും കേരളത്തിന്റെ അഭിമാനമായി.
എന്നാല്‍ കോവിഡ് എന്ന മഹാമാരി ക്രീസിലിറങ്ങി കളിച്ചപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിക്കുന്നത് മൂന്ന് മലയാളികളാണ്. സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും സന്ദീപ് വാര്യരും.
രണ്ടാം ട്വന്റി-20യ്ക്ക് മുമ്പ് ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യന്‍ ടീം അഴിച്ചുപണിതത്. ക്രുണാലുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്ന എട്ടു താരങ്ങള്‍ ഐസൊലേഷനില്‍ പോയി. ഇതോടെ കൈയിലുള്ള താരങ്ങളെ വെച്ച് കോച്ച് രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ടീമിനെ ഇറക്കേണ്ടി വന്നു.
ഇതോടെ രണ്ടാം ട്വന്റി-20യില്‍ കേരളത്തില്‍ വേരുകളുള്ള ബെംഗളൂരുകാരനായ ദേവ്ദത്ത് ടീമിലെത്തി. മൂന്നാം ഏകദിനം മുതല്‍ ടീമിനൊപ്പമുള്ള സഞ്ജു സാംസണ് കൂടി ആയതോടെ രണ്ടാം ട്വന്റി-20യില്‍ കളിച്ചത് രണ്ടു മലയാളികള്‍. ഇവര്‍ ക്രീസില്‍ ഒരുമിച്ച് ബാറ്റിങ്ങിനും ഉണ്ടായിരുന്നു.
മൂന്നാം ട്വന്റി-20യില്‍ പരിക്കേറ്റ നവദീപ് സയ്നിക്ക് പകരം സന്ദീപ് വാര്യര്‍ ടീമിലെത്തി. നെറ്റ് ബൗളറായി ടീമിനൊപ്പം ലങ്കയിലെത്തിയതായിരുന്നു സന്ദീപ്. ഇതോടെ മലയാളികളുടെ എണ്ണം മൂന്നായി.
ഇനി വരുണ്‍ ചക്രവര്‍ത്തിയെ കൂടി കണക്കില്‍ കൂട്ടിയാല്‍ മലയാളികള്‍ നാലായി. വരുണിന്റെ അമ്മ വിമലയുടെ സ്വദേശം മാവേലിക്കരയാണ്. അച്ഛന് വിതാല് ചക്രവര്‍ത്തി ബിഎസ്എന്‍എല്‍ കേരള സര്‍ക്ക്ളിലെ ചീഫ് ജനറല്‍ മാനേജറുമായിരുന്നു.
Content Highlights: Indian Cricket Team Kerala Players vs Sri Lanka
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..