സതാംപ്റ്റൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ യൂറോ കപ്പും വിംബിൾഡണും ആസ്വദിക്കാൻ ഇന്ത്യൻ ടീം. ഫൈനലിന് പിന്നാലെ ബയോ ബബ്ളിൽ നിന്ന് പുറത്തുവന്ന ഇന്ത്യൻ ടീമിന് ജൂലൈ 14 വരെയാണ് ഇടവേള അനുവദിച്ചിരിക്കുന്നത്.

ഈ ഇടവേളയിൽ വിംബിൾഡൺ കാണാനും വെംബ്ലിയിൽ നടക്കുന്ന യൂറോ കപ്പ് കാണാനുമാണ് ഇന്ത്യൻ സംഘത്തിന്റെ പദ്ധതി. തിങ്കളാഴ്ച്ചയാണ് വിംബിൾഡൺ ആരംഭിക്കുന്നത്. കളിക്കാർക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും ഇംഗ്ലണ്ടിലുണ്ട്. ചിലർ കുടുംബാഗംങ്ങൾക്കൊപ്പം ആസ്റ്റംർഡാമിലേക്ക് പോകാനും പദ്ധതിയിടുന്നുണ്ട്. എന്നാൽ കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ലാത്തതിനാൽ ആഘോഷങ്ങളിൽ അതിരു വിടരുത് എന്ന് ബിസിസിഐ ഇന്ത്യൻ ടീമിന് നിർദേശം നൽകിയിട്ടുണ്ട്.

ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. അഞ്ചു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. അതിനു മുമ്പ് ഇൻട്രാ സ്ക്വാഡ് മത്സരങ്ങൾ ഇന്ത്യ കളിക്കും. പരമ്പരയ്ക്ക് മുമ്പ് സന്നാഹ മത്സരം വേണമെന്നും ബിസിസിഐ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുമ്പ് സന്നാഹ മത്സരം കളിക്കാത്തത് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ക്യാപ്റ്റൻ വിരാട് കോലി വ്യക്തമാക്കിയിരുന്നു.

അതിനിടയിൽ ഇന്ത്യൻ ടീമിന് മൂന്നാഴ്ച്ചയോളം ഒഴിവുസമയം നൽകിയതിനെ വിമർശിച്ച് മുൻതാരം വെങ്സർക്കാർ രംഗത്തെത്തി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുമ്പ് പരിശീലനം നടത്താൻ സമയമില്ലാത്തവർക്ക് ഇപ്പോൾ ഒരുപാട് ഒഴിവുസമയമുണ്ടെന്നും വെങ്സർക്കാർ കുറ്റപ്പെടുത്തി.

Content Highlights: Indian Cricket Team Holiday Celebration after World Test Championship Final