ട്രെന്‍ഡ് ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയം കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് സമര്‍പ്പിച്ചതിനു പിന്നാലെ താരങ്ങളുടെ മാച്ച് ഫീസും കേരളത്തിന് നല്‍കി ഇന്ത്യന്‍ ടീം.

പോസ്റ്റ് മാച്ച് പ്രസന്റേഷനിലാണ് ഇന്ത്യന്‍ വിജയം കേരളത്തിലെ പ്രളയബാധിതര്‍ക്ക് സമര്‍പ്പിക്കുന്നതായി നായകന്‍ കോലി അറിയിച്ചത്. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ ടീം തങ്ങളുടെ മാച്ച് ഫീസ് പൂര്‍ണ്ണമായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് അറിയിച്ചതെന്ന് എ.ബി.പി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.  

കോലി വിജയം കേരളത്തിനായി സമര്‍പ്പിക്കുമ്പോള്‍ ട്രെന്റ് ബ്രിഡ്ജിലെ കാണികള്‍ കരഘോഷത്തോടെയാണ് അതിനെ സ്വീകരിച്ചത്. ഇതിനു ശേഷമാണ് കോലിയും സംഘവും തങ്ങളുടെ ഈ മത്സരത്തിലെ വേതനം കേരളത്തിനായി സംഭാവന ചെയ്തത്.

ടെസ്റ്റില്‍ 15 ലക്ഷത്തോളം രൂപയാണ് ഒരു താരത്തിന്റെ മാച്ച് ഫീ. ഇതോടെ ഇന്ത്യന്‍ ടീം വക കേരളത്തിന് 1.26 കോടി രൂപ ലഭിക്കും. 

''ഈ വിജയം കേരളത്തിലെ പ്രളയബാധിതര്‍ക്ക് സമര്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. അവര്‍ ഏറ്റവും ദുഷ്‌ക്കരമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതാണ് അവര്‍ക്കായി ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ കാര്യം'', കോലി പറഞ്ഞു.

Content Highlights: indian cricket team donates rs 1.26 crore match fees to kerala flood victims