മുംബൈ: ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലിലെ തോല്‍വിമറന്ന് പുതിയ ടീമിനെ വാര്‍ത്തെടുക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി. ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ.) പുതിയ അപേക്ഷ ക്ഷണിച്ചു. ഇതോടൊപ്പം ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാര്‍, ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍, മാനേജര്‍ സുനില്‍ സുബ്രഹ്മണ്യം എന്നിവരുടെ കാലാവധിയും അവസാനിച്ചു.

രവിശാസ്ത്രിക്കും സഹപരിശീലകര്‍ക്കും വീണ്ടും അപേക്ഷിക്കുന്നതിന് തടസ്സമില്ല. എന്നാല്‍, മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി. ജൂലായ് 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

45 ദിവസം നീട്ടിനല്‍കി

അനില്‍ കുംബ്ലെയുടെ പകരക്കാരനായി 2017-ല്‍ രവിശാസ്ത്രി ഇന്ത്യയുടെ മുഖ്യകോച്ചായിവന്നപ്പോള്‍ 2019 ലോകകപ്പ് വരെയായിരുന്നു കാലാവധി. വെസ്റ്റിന്‍ഡീസ് പര്യടനമാണ് ഇനി ഇന്ത്യയ്ക്കു മുന്നിലുള്ള അജണ്ട. ഓഗസ്റ്റ് മൂന്നിന് തുടങ്ങുന്ന പരമ്പരയില്‍ മൂന്ന് ട്വന്റി 20-യും മൂന്ന് ഏകദിനവും രണ്ടു ടെസ്റ്റുമുണ്ട്. ഈ പര്യടനത്തില്‍ ശാസ്ത്രിയും സംഘവും തന്നെയാകും പരിശീലകര്‍. ഇതിനായി 45 ദിവസത്തേക്ക് കരാര്‍ പുതുക്കിനല്‍കി.

60 കവിയരുത്

60 വയസ്സ് കഴിഞ്ഞവര്‍ക്ക് ഇനി മുഖ്യപരിശീലകസ്ഥാനത്തേക്ക് അപേക്ഷിക്കാനാകില്ല. ഒപ്പം അന്താരാഷ്ട്ര ടെസ്റ്റ് ടീമിനെ പരിശീലിപ്പിച്ച് രണ്ടുവര്‍ഷത്തെ പരിചയം വേണം. അല്ലെങ്കില്‍ എ ടീം/അസോസിയേറ്റ് രാജ്യങ്ങള്‍/ഐ.പി.എല്‍. ടീം എന്നിവയിലൊന്നിനെ മൂന്നുവര്‍ഷം പരിശീലിപ്പിച്ചിരിക്കണം.

അന്താരാഷ്ട്രതലത്തില്‍ 30 ടെസ്റ്റുകള്‍ അല്ലെങ്കില്‍ 50 ഏകദിനം കളിച്ചിരിക്കണം. സഹപരിശീലകര്‍ക്കും 60 കവിയാന്‍ പാടില്ല. 10 ടെസ്റ്റുകള്‍/25 ഏകദിനം കളിച്ചിരിക്കണം. പുതുതലമുറയിലെ ആരെങ്കിലും മത്സരരംഗത്തെത്തിയാല്‍, രവിശാസ്ത്രിയെ മാറ്റിയേക്കും. ഇതോടൊപ്പം ടീമിലും വലിയ മാറ്റങ്ങള്‍വരും

കോലിയുടെ പിടിവിടുമോ

സമീപകാലത്തെ ഏറ്റവും മികച്ച ടീം എന്ന വിശേഷണത്തോടെയാണ് വിരാട് കോലിയുടെ കീഴില്‍ ഇന്ത്യ ഇക്കുറി ലോകകപ്പിനിറങ്ങിയത്. അതിനനുസരിച്ച് പ്രാഥമികറൗണ്ടില്‍ ഒന്നാംസ്ഥാനക്കാരായി സെമിയിലെത്തി. എന്നാല്‍, സെമിയില്‍ ന്യൂസീലന്‍ഡിനെതിരായ 18 റണ്‍സ് തോല്‍വി ഇന്ത്യയെ ഞെട്ടിച്ചു. പ്രതിഭാദാരിദ്ര്യമല്ല, മറിച്ച് ആസൂത്രണത്തിലെയും സംഘാടനത്തിലെയും പിഴവുകളാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്ന് വിലയിരുത്തുന്നു.

നായകന്‍ എന്നനിലയില്‍ കോലിയുടെ തീരുമാനങ്ങളും വിമര്‍ശിക്കപ്പെട്ടു. വിജയ് ശങ്കറിനെപ്പോലൊരു തുടക്കക്കാരന് അനര്‍ഹമായി ലോകകപ്പില്‍ അവസരം കിട്ടിയതും സെമിയില്‍ ധോനിയെ ഏഴാമനായി ഇറക്കിയതും വിമര്‍ശിക്കപ്പെട്ടിരുന്നു.

വിനോദ് റായ് അധ്യക്ഷനായ ക്രിക്കറ്റ് ഭരണനിര്‍വഹണ സമിതിയാണ് ഇപ്പോള്‍ ടീം ഇന്ത്യയുടെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ലോകകപ്പിലെ തോല്‍വിയെക്കുറിച്ച് ക്യാപ്റ്റനോടും കോച്ചിനോടും വിശദീകരണം ചോദിക്കുമെന്ന് റായ് നേരത്തേ വ്യക്തമാക്കിയിരുന്നു.

രോഹിതിനും സാധ്യത

ക്രിക്കറ്റിലെ വിവിധ ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ക്യാപ്റ്റന്‍ എന്നനിലയിലേക്ക് ഇന്ത്യ മാറണമെന്ന അഭിപ്രായമുണ്ട്. ഏകദിനത്തില്‍ രോഹിത് ശര്‍മയെ നായകനാക്കി ടെസ്റ്റ്, ട്വന്റി 20 വിഭാഗങ്ങളില്‍ കോലിയെ നിലനിര്‍ത്തണം എന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുന്നു. മുംബൈ ഇന്ത്യന്‍സ് നാലുതവണ ഐ.പി.എല്‍. കിരീടം നേടിയത് രോഹിതിന്റെ ക്യാപ്റ്റന്‍സിയിലാണ്. രോഹിതും കോലിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ലോകകപ്പ് പ്രകടനങ്ങളെ ബാധിച്ചെന്ന് വാര്‍ത്തയുണ്ട്. കോലിയുടെ ആക്രമണോത്സുകതയേക്കാള്‍ രോഹിതിന്റെ ശാന്തസ്വഭാവം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് പലരും കരുതുന്നു. രോഹിതിന് 32 വയസ്സും വിരാട് കോലിക്ക് 30 വയസ്സുമുണ്ട്.

വേണം, പുതിയ ടീം

അടുത്ത ലോകകപ്പ് 2023-ല്‍ ഇന്ത്യയില്‍ നടക്കും. അത് ലക്ഷ്യമിട്ട് പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമം ഇപ്പോള്‍ത്തന്നെ തുടങ്ങണം. എം.എസ്. ധോനി, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ് തുടങ്ങിയവര്‍ക്ക് ഇനി അധികം അവസരങ്ങളുണ്ടാകില്ല. ഐ.പി.എല്ലിലും ജൂനിയര്‍ ടീമുകളിലും കരുത്തറിയിച്ച വലിയൊരു നിര പുറത്ത് കാത്തുനില്‍ക്കുന്നുണ്ട്. വിന്‍ഡീസ് പര്യടനത്തില്‍ത്തന്നെ പുതിയ തലമുറയെ പരീക്ഷിക്കാന്‍ തുടങ്ങും.

Content Highlights: Indian Cricket Team changes Mission 2023 Virat Kohli may replace