മുംബൈ; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്കുള്ള മത്സരം മുറുകുന്നു. ടീം ഡയറക്ടര്‍ രവി ശാസ്ത്രി, സെലക്ഷന് കമ്മിറ്റി ചെയര്മാന് സന്ദീപ് പാട്ടീല്‍, മുന്‍ പേസ് ബൗളര്‍ വെങ്കടേഷ് പ്രസാദ്, മുന്‍ ഇന്ത്യന്‍ താരം ബല്‍വീന്ദര്‍ സിന്ധു തുടങ്ങിയ പ്രമുഖര്‍ രംഗത്തുണ്ട്. മുന്‍ പരിശീലകന് ലാല്‍ചന്ദ് രാജ്പുത്ത്, സെലക്ടര്‍ വിക്രം റാത്തോഡ് തുടങ്ങിയവരും അപേക്ഷിച്ചിട്ടുണ്ട്. ജൂണ്‍ പത്തുവരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. ആദ്യമായാണ് പരിശീലകനെത്തേടി ബി.സി.സി.ഐ. അപേക്ഷ ക്ഷണിക്കുന്നത്.
പരിശീലകസ്ഥാനം ഏറെക്കുറെ ഉറപ്പിച്ചമട്ടിലാണ് രവിശാസ്ത്രിയുടെ നീക്കം. തന്റെ അപേക്ഷയ്ക്കൊപ്പം ആറ് സഹപരിശീലകരെക്കൂടി നിയമിക്കണമെന്ന നിര്‍ദേശവും ശാസ്ത്രി നല്‍കിയതായാണ് സൂചന. നിലവില്‍ ശാസ്ത്രിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഭരത് അരുണ്‍ (ബൗളിങ് കോച്ച്), സഞ്ജയ് ബാംഗര്‍ (ബാറ്റിങ് കോച്ച്), ആര്.ശ്രീധര്‍ (ഫീല്‍ഡിങ് കോച്ച്), പാട്രിക് ഫര്ഹര്ട്ട് (ഫിസിയോ), ശങ്കര്‍ ബസു (ട്രെയ്നര്‍), രഘു (ടീം അസിസ്റ്റന്റ്) എന്നിവരെ നിലനിര്‍ത്തണമെന്നാണ് ആവശ്യം. കഴിഞ്ഞ ഒന്നരവര്‍ഷമായി ശാസ്ത്രിക്കൊപ്പം ഇവരും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്.
പരിശീലകനായി തിരഞ്ഞെടുക്കുന്നയാള്‍ക്ക് തന്റെ കൂടെ ആരൊക്കെ വേണമെന്ന് നിശ്ചയിക്കാന്‍ സ്വാതന്ത്ര്യമുണ്ടാകുമെന്ന് ബി.സി.സി.ഐ. വ്യക്തമാക്കിയിരുന്നു. ബി.സി.സി.ഐ. ആവശ്യപ്പെട്ട രേഖകളെല്ലാം സമര്‍പ്പിച്ചിട്ടുണ്ടെന്നും തനിക്ക് ആത്മവിശ്വാസമുണ്ടെന്നും കഴിഞ്ഞ ദിവസം ശാസ്ത്രി വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ പരിശീലകനായി തിരഞ്ഞെടുക്കുന്നവര്‍ക്ക് ഹിന്ദി അറിഞ്ഞിരിക്കണമെന്ന് നിഷ്കര്‍ഷ ബി.സി.സി.ഐ മുന്നോട്ടുവെച്ചിരുന്നു. ഹിന്ദി മാത്രമല്ല, ഇന്ത്യന്‍ കായിക സംസ്കാരവും അറിയുന്നവരാകണം പരിശീലകനായി വരേണ്ടതെന്ന് ക്യാപ്റ്റന്‍ എം.എസ്. ധോനിയും അഭിപ്രായപ്പെട്ടു. ശാസ്ത്രിയുടെ നിയമനത്തിന് ധോനിയും അനുകൂലമാണെന്ന സൂചനയാണുള്ളത്.
ശാസ്ത്രി ടീം ഡയറക്ടറായിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മികച്ചനേട്ടങ്ങള്‍ കൈവരിച്ചിരുന്നു. ഈ നേട്ടങ്ങളെല്ലാം തന്റെ അപേക്ഷയില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്. ലോകകപ്പിന്റെയും ട്വന്റി 20 ലോകകപ്പിന്റെയും സെമിയില്‍ കടന്നത്, ടെസ്റ്റിലും ഏകദിനത്തിലും ഒന്നാം നമ്പറായത് തുടങ്ങിയ നേട്ടങ്ങളാണ് ശാസ്ത്രി പ്രധാനമായും സൂചിപ്പിച്ചിട്ടുള്ളത്.
പരിശീലകനാകാന്‍ ഒട്ടേറെ മത്സരാര്ഥികളുണ്ടെങ്കിലും ആദ്യം മുതല്‍ക്കെ പറഞ്ഞുകേട്ട മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് ഇതേവരെ അപേക്ഷ നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നിലവില്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനാണ് ദ്രാവിഡ്. വിദേശത്തുനിന്ന് ആരും ഇതേവരെ രംഗത്തുവന്നിട്ടില്ല. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന്റെ പരിശീലകന് ഡാനിയല്‍ വെറ്റോറിയെ പരിഗണിക്കണമെന്ന് ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോലി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, വെറ്റോറി ഇതില്‍ താത്പര്യം കാണിച്ചിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..