ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ വംശീയാധിക്ഷേപത്തിനിരയായ ഇന്ത്യന്‍ താരങ്ങള്‍ക്ക് പിന്തുണയുമായി വിരാട് കോലി രംഗത്ത്. ട്വീറ്ററിലൂടെയാണ് താരം അഭിപ്രായം വ്യക്തമാക്കിയത്.
വംശീയാധിക്ഷേപം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇന്ത്യയുടെ മത്സരത്തില്‍ ഇത്തരം സംഭവവികാസങ്ങള്‍ നടന്നതില്‍ സങ്കടമുണ്ടെന്നും കോലി പറഞ്ഞു.
'വംശീയാധിക്ഷേപം ഒരിക്കലും അംഗീകരിക്കാനാവില്ല. മത്സരത്തിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് പലതവണ ഇത് നേരിടേണ്ടി വന്നു. ബൗണ്ടറി ലൈനില്‍ നില്‍ക്കുന്ന താരങ്ങള്‍ക്ക് നേരെ മോശമായി സംസാരിക്കുന്നത് തെമ്മാടിത്തരമാണ്.. ഇത്തരം കാര്യങ്ങള്‍ ഗ്രൗണ്ടില്‍ നടക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു' കോലി വ്യക്തമാക്കി.
Racial abuse is absolutely unacceptable. Having gone through many incidents of really pathetic things said on the boundary Iines, this is the absolute peak of rowdy behaviour. It's sad to see this happen on the field.
— Virat Kohli (@imVkohli) January 10, 2021
മൂന്നാം ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബുംറയെയും മുഹമ്മദ് സിറാജിനെയുമാണ് മദ്യപിച്ചെത്തിയ ചില ഓസ്‌ട്രേലിയന്‍ ആരാധകർ വംശീയമായി കളിയാക്കിയത്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ ടീം അമ്പയര്‍മാര്‍ക്ക് പരാതി നല്‍കിയിരുന്നു. സംഭവം ആളിപ്പടര്‍ന്നതോടെ ഇന്ത്യന്‍ ടീമിനെ അനുകൂലിച്ച് നിരവധിപ്പേര്‍ രംഗത്തെത്തി.
ഇന്ത്യയുടെ നായകന്‍ വിരാട് കോലി ഇപ്പോള്‍ ഇന്ത്യയിലാണുള്ളത്. ഭാര്യ അനുഷ്‌ക ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ട് താരം ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു.
Content Highlights: Indian Captain Virat Kohli on nasty behaviour in Sydney crowd