ബ്രിസ്‌ബേന്‍: ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്ക് ശേഷം വികാരനിര്‍ഭരമായി സംസാരിച്ച് ഇരുടീമുകളുടെയും നായകന്മാര്‍. രഹാനെ വിജയിച്ചതിന്റെ ആവേശത്തില്‍ സംസാരിച്ചപ്പോള്‍ പെയിനിന്റെ വാക്കുകളില്‍ നിരാശ പ്രകടമായിരുന്നു

' ഈ വിജയം ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതിനെ എങ്ങനെ നിര്‍വചിക്കണമെന്ന് എനിക്കറിയില്ല. എന്റെ സഹകളിക്കാരെയോര്‍ത്ത് അഭിമാനമുണ്ട്. ജയം ഞങ്ങള്‍ സ്വപ്നം കണ്ടിട്ടില്ല. നന്നായി കളിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. ബാറ്റിങ്ങിനായി ഇറങ്ങിയപ്പോള്‍ ആക്രമിച്ച് കളിക്കാനാണ് ഞാന്‍ ശ്രമിച്ചത് പൂജാര പ്രതിരോധിച്ച് കളിക്കാനും തീരുമാനിച്ചു. കാരണം എനിക്കുപിന്നാലെ പന്തും മായങ്കും ഇറങ്ങാനുണ്ടല്ലോ. പ്രതിരോധിച്ച് കളിച്ച പൂജാരയെയും അവസാനം ഇന്ത്യയെ വിജയത്തിലെത്തിച്ച പന്തിനെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല. 

മത്സരത്തില്‍ 20 വിക്കറ്റുകള്‍ വീഴ്ത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം അതിനുവേണ്ടിയാണ് അഞ്ച് ബൗളര്‍മാരെ തെരെഞ്ഞെടുത്തത്. സിറാജ് രണ്ടുമത്സരങ്ങള്‍ മാത്രം കളിച്ച് പരിചയമുള്ള താരമാണ്. ശാര്‍ദുലും സൈനിയും ഓരോ ടെസ്റ്റുകളാണ് കളിച്ചത്. സുന്ദറും നടരാജനും അരങ്ങേറ്റക്കാര്‍. ശരിക്കും ഈ വിജയം ഈ അഞ്ചുപേര്‍ക്ക് അവകാശപ്പെട്ടതാണ്. 

അഡ്‌ലെയ്ഡ് ടെസ്റ്റിനുശേഷം എവിടെയാണ് ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായി പഠിച്ചു. ഈ വിജയങ്ങള്‍ക്കെല്ലാം കാരണം ടീമിന്റെ ഒത്തിണക്കമാണ്. ഗ്രൗണ്ടിലെത്തി ഞങ്ങളെ പ്രചോദിപ്പിച്ച
ആരാധകര്‍ക്കും ഒരുപാട് നന്ദി.' -രഹാനെ പങ്കുവെച്ചു.

എന്നാല്‍ ഈ പരമ്പര നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് ഓസിസ് നായകന്‍ ടിം പെയ്ന്‍. വരാനിരിക്കുന്ന സൗത്ത് ആഫ്രിക്കയുമായുള്ള പരമ്പരയാണ് ഇനി ടീമിന്റെ ലക്ഷ്യമെന്നും താരം വ്യക്തമാക്കി

'പൂര്‍ണമായും നിരാശനാണ്. നാലാം ടെസ്റ്റ് വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഞങ്ങള്‍ വന്നത്. പക്ഷേ മികച്ച കളി പുറത്തെടുത്ത ഇന്ത്യ ഞങ്ങളെ തളര്‍ത്തി. ഈ വിജയം അവര്‍ എന്തുകൊണ്ടും അര്‍ഹിക്കുന്നതാണ്. ഞങ്ങള്‍ക്ക് നിരവധി തെറ്റുകള്‍ സംഭവിച്ചു. പക്ഷേ കഴിഞ്ഞതു കഴിഞ്ഞു ഇനി പറഞ്ഞിട്ട് കാര്യമില്ല.

ഇനി മുന്നോട്ടുള്ള മത്സരങ്ങളെക്കുറിച്ചാണ് ഞങ്ങളുടെ ശ്രദ്ധ. സൗത്ത് ആഫ്രിക്കയുമായി ഒരു പരമ്പര വരുന്നുണ്ട്. അതില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കണം. ഇന്ത്യയ്‌ക്കെതിരെ 300 ന് മുകളില്‍ വിജയലക്ഷ്യം വെയ്ക്കണമെന്നാണ് ഞങ്ങള്‍ കരുതിയത്. ഇന്നലെ മഴമൂലം 20 ഓവറുകള്‍ വെട്ടിച്ചുരുക്കിയില്ലായിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നായേനേ. പക്ഷേ ഇന്ന് ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഞങ്ങളുടെ ബൗളര്‍മാര്‍ ജയിക്കാനായി പരമാവധി ശ്രമിച്ചു'-പെയ്ന്‍ പറഞ്ഞു.

ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്താനും ഇന്ത്യയ്ക്ക് സാധിച്ചു

Content Highlights: Indian captain Ajinkya Rahane and Asutralian captain Tim Paine share their experience after the test series