ഋതുരാജ് ഗെയ്ക്ക്വാദിന്റെ സെഞ്ചുറി ആഘോഷം | Photo: twitter/ bcci domestic
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി മഹാരാഷ്ട്രയുടെ ബാറ്റര്‍ ഋതുരാജ് ഗെയ്ക്ക്വാദ്. ഉത്തര്‍ പ്രദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒരോവറില്‍ ഏഴു സിക്സറുകളാണ് ഗെയ്ക്ക്വാദ് അടിച്ചെടുത്തത്. മത്സരത്തില്‍ താരം ഇരട്ട സെഞ്ചുറി (220)യും കണ്ടെത്തി.
ലിസ്റ്റ് എ ക്രിക്കറ്റില്‍ ആദ്യമായാണ് ഒരു താരം ഒരോവറില്‍ തുടര്‍ച്ചയായി ഏഴ് സിക്സറുകള്‍ അടിക്കുന്നത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. 2013-ലെ ധാക്ക പ്രീമിയര്‍ ഡിവിഷന് മത്സരത്തില്‍ ഒരോവറില്‍ 39 റണ്‍സ് നേടിയ സിംബാബ്വേയുടെ എല്‍ട്ടണ്‍ ചിഗുംബരയുടെ പേരിലായിരുന്നു ഇതുവരെ റെക്കോഡ്.
ശിവ സിങ്ങ് എറിഞ്ഞ 49-ാം ഓവറിലായിരുന്നു ഋതുരാജിന്റെ ക്ലാസ് പ്രകടനം. ഈ ഓവറില്‍ പിറന്നത് ഒരു നോ ബോളിന്റേത് ഉള്‍പ്പെടെ 43 റണ്‍സാണ്. ഋതുരാജിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ മഹാരാഷ്ട്ര 330 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.
മത്സരത്തില്‍ ആകെ 16 സിക്സറുകളാണ് താരം നേടിയത്. ഇതോടെ ഒരു ലിസ്റ്റ് എ ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ അടിക്കുന്ന താരം എന്ന റെക്കോഡില്‍ രോഹിത് ശര്‍മയ്ക്ക് ഒപ്പമെത്താനും ഋതുരാജിന് കഴിഞ്ഞു.
159 പന്തില്‍ നിന്ന് 10 ഫോറിന്റേയും 16 സിക്സറുകളുടേയും അകമ്പടിയോടൊണ് മഹാരാഷ്ട്ര താരം 220 റണ്‍സ് നേടിയത്. 138.36 ആണ് സ്ട്രൈക്ക് റേറ്റ്. നേരിട്ട അവസാന 12 പന്തില്‍ ഒമ്പത് സിക്സറുകളാണ് താരം നേടിയത്.
ഈ സീസണില്‍ മിന്നുന്ന ഫോമിലാണ് ഋതുരാജ് കളിക്കുന്നത്. എട്ട് ഇന്നിങ്സുകളില്‍ നിന്ന് ഒരു ഇരട്ട സെഞ്ചുറിയും അഞ്ചു സെഞ്ചുറികളും താരം നേടി.
Content Highlights: indian batter ruturaj gaikwad hits 7 sixers in an over in vijay hazare trophy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..