ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര 107 റണ്‍സിനാണ് കൂടാരം കയറിയത്. മഴയ്ക്കു ശേഷം അപാരമായ സ്വിങ് ലഭിച്ച പിച്ചില്‍ ഇംഗ്ലീഷ് ബൗളിങ്ങിനു മുന്നില്‍ ഇന്ത്യയ്ക്ക് മറുപടിയുണ്ടായിരുന്നില്ല.

ഇതിനിടെ ഇന്ത്യന്‍ ടീമിന്റെ ലഞ്ച് മെനു ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ബി.സി.സി.ഐയുടെ നടപടി വടി കൊടുത്ത് അടിവാങ്ങുന്നതു പോലെയായി. ടീമിന്റെ ലഞ്ച് മെനുവില്‍ നിന്ന് നിങ്ങള്‍ക്ക് വേണ്ടത് എന്താണെന്ന അടിക്കുറിപ്പോടെയായിരുന്നു ബി.സി.സി.ഐയുടെ ട്വീറ്റ്. 

രണ്ടാം ദിവസം കളി ആരംഭിച്ചതിനു ശേഷം ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ അക്കൗണ്ട് തുറക്കും മുന്‍പ് ഇന്ത്യയ്ക്ക് മുരളി വിജയിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. നാലാം ഓവറില്‍ ലോകേഷ് രാഹുലിനെയും ആന്‍ഡേഴ്‌സന്‍ മടക്കി. 

ഇന്ത്യ രണ്ടു വിക്കറ്റിന് 11 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ ഉച്ചഭക്ഷണത്തിനു പിരിയുകയും ചെയ്തു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇംഗ്ലീഷ് ബൗളിങ്ങിനു മുന്നില്‍ വിറച്ചുപോയ ഇന്ത്യന്‍ ബാറ്റിങ് നിരയോടുള്ള നിരാശ മുഴുവന്‍ ആരാധകര്‍ അതോടെ ബി.സി.സി.ഐയുടെ ട്വീറ്റിനു താഴെ തീര്‍ത്തു.

ലഞ്ച് മെനുവില്‍ ഡക്കെവിടെ?, ഉച്ചയ്ക്കു മുന്‍പു തന്നെ വിജയ്ക്ക് അത് കിട്ടിയല്ലോ എന്നായിരുന്നു ഒരാളുടെ ട്വീറ്റ്. ലഞ്ച് മെനു കണ്ട്, വെറുതെയല്ല എല്ലാവരും ഇത്ര പെട്ടെന്ന് പവലിയനിലേക്ക് തിരിച്ചു പോയതെന്നും ആളുകള്‍ പറയുന്നു. എന്തൊക്കെയായാലും ഇംഗ്ലീഷ് ബൗളര്‍മാരുടെ മെനുവില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരായിരുന്നു എന്ന് മറ്റൊരാളും ബി.സി.സി.ഐയെ ഓര്‍മിപ്പിച്ചു.

ഇതാദ്യമായല്ല ട്വീറ്റിന്റെ പേരില്‍ ബി.സി.സി.ഐ പുലിവാലു പിടിക്കുന്നത്. നേരത്തെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കും ഇന്ത്യന്‍ ടീമിനുമൊപ്പം അനുഷ്‌ക്ക നില്‍ക്കുന്ന ചിത്രം ബി.സി.സി.ഐ ട്വീറ്റ് ചെയ്തിരുന്നു. ഇതും ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു.

Content highlights: bcci, tweet, indian batsmen