കൊളംബോ: ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യക്ക് ആദ്യജയം. ആറു വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്. 

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ 139 റണ്‍സ് നേടിയെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അത് എട്ടു പന്ത് ബാക്കി മറികടക്കുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. 43 പന്തില്‍ നിന്ന് രണ്ടു സിക്‌സറുകളുടെയും  അഞ്ച് ഫോറുകളുടേയും അകമ്പടിയില്‍ ധവാന്‍ 55 റണ്‍സെടുത്തു. 

മധ്യനിരയില്‍ 28 റണ്‍സെടുത്ത സുരേഷ് റെയ്‌നയുടെയും 27 എടുത്ത് പുറത്താകാതെ നിന്ന മനീഷ് പാണ്ഡ്യയുടേയും ബാറ്റിങ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. 

നേരത്തെ ടോസ്  നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങിനയക്കുകയായിരുന്നു. ലിറ്റോണ്‍ ദാസും (34) സബീര്‍ റഹ്മാനും (30) ആണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയത്. 139 റണ്‍സെടുക്കുന്നതിനിടെ എട്ടുവിക്കറ്റുകള്‍ നഷ്ടമായിരുന്നു അവര്‍ക്ക്. ഉനദ്ഗട് ഇന്ത്യക്കായി മൂന്നു വിക്കറ്റുകള്‍ നേടി.

ത്രിരാഷ്ട്ര പരമ്പരയിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. ഇതോടെ ഇന്നത്തെ മത്സരം ഇന്ത്യക്ക് നിര്‍ണായകമായിരുന്നു.