മെല്‍ബണ്‍: ഷെഫാലി വര്‍മയുടെ ബാറ്റിന് വിശ്രമമില്ല. 16-കാരി ഷെഫാലി (47) ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ വനിതകളുടെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് നാലാം ജയം. ഏഴ് വിക്കറ്റിനാണ് ശ്രീലങ്കയെ തോല്‍പ്പിച്ചത്. നേരത്തെ തന്നെ സെമിയിലെത്തിയ ഇന്ത്യ ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി.

നാല് വിക്കറ്റെടുത്ത രാധ യാദവാണ് കളിയിലെ താരം. സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ ഒമ്പതിന് 113 ഇന്ത്യ 14.4 ഓവറില്‍ മൂന്നിന് 116. എ ഗ്രൂപ്പില്‍ നാലില്‍ നാലും ജയിച്ച ഇന്ത്യയ്ക്ക് എട്ട് പോയന്റുണ്ട്. ഓസ്‌ട്രേലിയ- ന്യൂസീലന്‍ഡ് മത്സരത്തിലെ വിജയികളാണ് എ ഗ്രൂപ്പില്‍ രണ്ടാമതായി സെമിയിലെത്തുക.

114 റണ്‍സ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 32 പന്തുകള്‍ ബാക്കിയിരിക്കേ ലക്ഷ്യം കണ്ടു. 34 പന്തുകള്‍ നേരിട്ട ഷെഫാലി ഏഴു ഫോറും ഒരു സിക്‌സും നേടി. ഓപ്പണ്‍ സ്മൃതി മന്ഥാന (17), ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ (15) എന്നിവര്‍ പിന്തുണ നല്‍കി. ജെമീമ റോഡ്രിഗസും (15) ദീപ്തി ശര്‍മ (15) പുറത്താവാതെ നിന്നു.  പൂനം യാദവും രണ്ട് വിക്കറ്റെടുത്ത രാജേശ്വരി ഗെയ്ക്കാവാദുമാണ് ശ്രീലങ്കന്‍ ബാറ്റിങ്ങിനെ പിടിച്ചുകെട്ടിയത്.

നേരത്തെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടു (33), കവിഷ് ദില്‍ഹരി (25) എന്നിവരുടെ മികവിലാണ് ശ്രീലങ്ക 113 റണ്‍സിലെത്തിയത്. ഹര്‍ഷിത മാധവി (12), ശശികല സിരിവര്‍ധനെ (13) എന്നിവരാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റു ബാറ്റ്‌സമാന്‍മാര്‍. ബാക്കിയാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല.

നാല് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്താണ് രാധ യാദവിന്റെ പ്രകടനം. രാജേശ്വരി ഗെയ്ക്കവാദ് രണ്ടു വിക്കറ്റ് വീത്തി. ദീപ്തി ശര്‍മ, ശിഖ പാണ്ഡെ  പൂനം യാദവ് എന്നിവര്‍ക്ക്‌ ഓരോ വിക്കറ്റുണ്ട്.

Content Highlights: India Women won by 7 wickets against Sri Lanka