ലണ്ടൻ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ ആശംസ വെറുതേ ആയില്ല. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ പതിനേഴുകാരിയായ ഇന്ത്യൻ താരം ഷെഫാലി വർമ 96 റൺസ് അടിച്ചെടുത്തു. എന്നാൽ ഇന്ത്യയുടെ സ്ഥിതി ദയനീയമാണ്. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് പോരാട്ടത്തിൽ ഇന്ത്യൻ വനിതകൾ വനിതകൾ ഫോളോ ഓണിലാണ്. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 396 റൺസെടുത്ത് ഡിക്ലയർ ചെയ്തപ്പോൾ ഇന്ത്യയുടെ പോരാട്ടം 231 റൺസിൽ അവസാനിച്ചു.165 റൺസ് ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്യുന്ന ഇന്ത്യൻ വനിതകൾ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ചു.

ഒന്നാം ഇന്നിങ്സിൽ ഓപ്പണർ ഷെഫാലി വർമയ്ക്കൊപ്പം 78 റൺസെടുത്ത സ്മൃതി മന്ദാന മാത്രമാണ് പിടിച്ചുനിന്നത്. ഇരുവരും പുറത്തായശേഷം ക്രീസിലെത്തിയ ഓരോരുത്തരും രണ്ടക്കം കാണും മുമ്പ് തിരിച്ചുപോയി. ക്യാപ്റ്റൻ മിതാലി രാജ് (2), പൂനം റൗട്ട് (2), ശിഖ പാണ്ഡെ (0), ഹർമൻപ്രീത് കൗർ (4), താനിയ ഭാട്ടിയ (0), സ്നേഹ് റാണ (2), ജുലൻ ഗോസ്വാമി (1) എന്നിങ്ങനെയാണ് ഇന്ത്യയുടെ ബാറ്റിങ് നിരയുടെ സ്കോർ. ഒരു ഘട്ടത്തിൽ ഇന്ത്യ 200 കടക്കില്ലെന്ന് കരുതിയതായിരുന്നു. എന്നാൽ പൂജയെ കൂട്ടുപിടിച്ച് ദീപ്തി ശർമ രക്ഷാപ്രവർത്തനം നടത്തി. ദീപ്തി 29 റൺസുമായി പുറത്താകാതെ നിന്നു. പൂജ 12 റൺസ് നേടി.

ഇംഗ്ലണ്ടിനായി സോഫി എക്ലെസ്റ്റോൺ നാല് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ ഹീതർ നൈറ്റ് രണ്ട് വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്സിൽ ഹീതർ നൈറ്റ് മികച്ച ബാറ്റിങ്ങും പുറത്തെടുത്തിരുന്നു. ഹീതർ 95 റൺസെടുത്തപ്പോൾ 66 റൺസോടെ തംസിൻ ബ്യൂമോന്റും 74 റൺസോടെ സോഫിയ ഡുങ്ക്ലെയും മികച്ച പിന്തുണ നൽകി. അവസാനം ക്രീസിലെത്തിയ അന്യ ശ്രുബ്സോൾ 47 റൺസെടുത്തു.

Content Highlights: India Women vs England Women Test Cricket Shafali Verma