ക്യൂന്‍സ്‌ലാന്റ്:  മഴ തടസ്സപ്പെടുത്തിയ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏക ടെസ്റ്റ് സമനിലയില്‍. 272 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയന്‍ വനിതകള്‍ രണ്ട് വിക്കറ്റിന് 36 റണ്‍സെടുത്ത് നില്‍ക്കെ മത്സരം അവസാനിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയ സ്മൃതി മന്ദാനയാണ് കളിയിലെ താരം

ആറു റണ്‍സെടുത്ത അലീസ ഹീലിയുടേയും 11 റണ്‍സെടുത്ത ബെത് മൂണിയുടേയും വിക്കറ്റുകളാണ രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന് നഷ്ടമായത്. 17 റണ്‍സോടെ മെഗ് ലാനിങ്ങും ഒരു റണ്ണോടെ എലിസ് പെറിയും പുറത്താകാതെ നിന്നു. 

ഇന്ത്യ രണ്ടാം ഇന്നിങ്‌സ് മൂന്നു വിക്കറ്റിന് 135 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ഇന്ത്യക്കായി ഷെഫാലി വര്‍മ അര്‍ധ സെഞ്ചുറി കണ്ടെത്തി. 91 പന്തില്‍ 52 റണ്‍സാണ് താരം നേടിയത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ സ്മൃതി മന്ദാന 31 റണ്‍സിന് പുറത്തായി. യാസ്തിക ഭാട്ടിയ മൂന്നു റണ്‍സെടുത്തു. 41 റണ്‍സോടെ പൂനം റൗത്തും മൂന്നു റണ്‍സുമായി ദീപ്തി ശര്‍മയും പുറത്താകാതെ നിന്നു. 

നേരത്തെ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 136 റണ്‍സിന് പിന്നില്‍ നില്‍ക്കെ ഡിക്ലയര്‍ ചെയ്തിരുന്നു. ഒമ്പത് വിക്കറ്റിന് 241 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 203 പന്തില്‍ 68 റണ്‍സോടെ എല്ലിസ് പെറി പുറത്താകാതെ നിന്നു. ആഷ്‌ലി ഗാര്‍ഡ്‌നര്‍ 51 റണ്‍സ് നേടി. ഇന്ത്യക്കായി പൂജാ വസ്ത്രാകര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ജൂലന്‍ ഗോസ്വാമിയും മേഘ്‌ന സിങ്ങും ദീപ്തി ശര്‍മയും രണ്ടു വിക്കറ്റ് വീതം നേടി.

ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോറാണ് സന്ദര്‍ശകര്‍ കണ്ടെത്തിയത്. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സ് അടിച്ചെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 127 റണ്‍സ് നേടിയ സ്മൃതി മന്ദാനയുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് കരുത്തായത്. ദീപ്തി ശര്‍മ 66 റണ്‍സ് നേടി. മിതാലി രാജ് 30ഉം പൂനം റൗത്ത് 36ഉം റണ്‍സ് കണ്ടെത്തി. ഓസ്‌ട്രേലിയക്കായി എലിസ് പെറി, സ്റ്റെല്ല കാംപെല്‍, സോഫി മോളിന്യൂക്‌സ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. 

ഇന്ത്യന്‍ വനിതാ ടീമിന്റെ ആദ്യ പിങ്ക് ബോള്‍ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് മത്സരമായിരുന്നു ഇത്. ഓസ്‌ട്രേലിയക്കെതിരേ 15 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ടെസ്റ്റ് കളിക്കുന്നത്. 2006-ലായിരുന്നു അവസാന ടെസ്റ്റ് മത്സരം.

Content Highlights: India Women vs Australia Women Pink Ball Test Cricket