ബര്‍മിങ്ഹാം:  24 വര്‍ഷങ്ങള്‍ക്ക് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് തിരിച്ചുവരുന്നു. ആദ്യ വനിതാ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. 2022 ജൂലൈ 29-നാണ് മത്സരം.

വനിതാ ട്വന്റി-20 ലോകകപ്പില്‍ ചാമ്പ്യന്‍മാരാണ് ഓസ്‌ട്രേലിയ. ഇന്ത്യ റണ്ണറപ്പുകളും. രണ്ടാം മത്സരത്തില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍. ജൂലൈ 31-നാണ് ഇന്ത്യ-പാകിസ്താന്‍ പോരാട്ടം. 

ഇന്ത്യ, പാകിസ്താന്‍, ഓസ്‌ട്രേലിയ, ബാര്‍ബഡോസ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഓഗസ്റ്റ് ആറു മുതലാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. വെങ്കല മെഡലിനായുള്ള മത്സരവും ഫൈനലും ഏഴാം തിയ്യതി നടക്കും.

1998ലെ ക്വാലാലംപുര്‍ ഗെയിംസിലാണ് ഏറ്റവും ഒടുവില്‍ ക്രിക്കറ്റ് മത്സര ഇനമായത്. പുരുഷന്‍മാരുടെ ഏകദിനത്തില്‍ അന്ന് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക സ്വര്‍ണം നേടി. അതേസമയം വനിതാ ക്രിക്കറ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായാണ് അരങ്ങേറുന്നത്.

2022 ജൂലൈ 25 മുതല്‍ ഓഗസ്റ്റ് എട്ടു വരെ ബെര്‍മിങ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. എഡ്ജ്ബാസ്റ്റനാണ് ക്രിക്കറ്റ് മത്സരങ്ങളുടെ വേദി. 

Content Highlights: India women to play Australia in Commonwealth Games cricket opener