ഗുവാഹാട്ടി: ചുണ്ടോടടുപ്പിച്ച വിജയത്തിന്റെ പാനപാത്രം ഇന്ത്യന്‍ വനിതകള്‍ തട്ടിയെറിഞ്ഞു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20യില്‍ ഇന്ത്യ തോറ്റത് ഒറ്റ റണ്ണിന്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി (3-0). സ്‌കോര്‍: ഇംഗ്ലണ്ട് 20 ഓവറില്‍ ആറിന് 119, ഇന്ത്യ 20 ഓവറില്‍ ആറിന് 118.

അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് മൂന്ന് റണ്‍സ് മാത്രം. ആറ് വിക്കറ്റുകള്‍ ബാക്കി. മിതാലി രാജ് 32 പന്തില്‍ 30 റണ്‍സെടുത്ത് നില്‍ക്കുന്നു. എന്നാല്‍, ഒറ്റ പന്തുപോലും നേരിടാനാവാതെ ടീം പരാജയം ഏറ്റുവാങ്ങുന്നത് മറുവശത്ത് മിതാലിക്ക് കണ്ടുനില്‍ക്കേണ്ടി വന്നു. ഭാരതി ഫുല്‍മാലിയായിരുന്നു പന്തുകള്‍ പാഴാക്കിയത്. 

കെയ്റ്റ് ക്രോസ് എറിഞ്ഞ ആദ്യ മൂന്ന് പന്തുകളിലും ഫുല്‍മാലിയ്ക്ക് സ്‌കോര്‍ ചെയ്യാനായില്ല. നാലാം പന്തില്‍ പുറത്തായി. പിന്നീടെത്തിയ അനുജ പാട്ടീല്‍ അഞ്ചാം പന്ത് കയറിയടിക്കാന്‍ ശ്രമിച്ചു. പക്ഷേ, സ്റ്റമ്പ് ചെയ്യപ്പെട്ടു. അവസാനപന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ്. ശിഖ പാണ്ഡെയ്ക്ക് നേടാനായത് ഒരു റണ്‍സ്. മിതാലിക്ക് സ്ട്രൈക്ക് കൈമാറാന്‍ ആരും ശ്രമിക്കാത്തത് വിജയം തട്ടിത്തെറിപ്പിച്ചു.

നേരത്തെ, ക്യാപ്റ്റന്‍ സ്മൃതി മന്ഥാന 39 പന്തില്‍ 58 റണ്‍സെടുത്ത് ഇന്നിങ്സ് ശക്തമാക്കിയിരുന്നു. നാല് ഓവറില്‍ 18 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത ഇംഗ്ലീഷ് താരം കെയ്റ്റ് ക്രോസാണ് കളിയിലെ താരം.

Content Highlights: India women gift England 3rd T20I, lose series 0-3