ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കുമെന്ന് പ്രവചിച്ച് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യയെ അവരുടെ മണ്ണില്‍ തോല്‍പ്പിക്കുക എന്നത് ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണെന്ന് പനേസര്‍ വ്യക്തമാക്കി.

'പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് എനിക്ക് തോന്നുന്നില്ല. ഇംഗ്ലണ്ടിന്റെ ബൗളിങ് നിര മികച്ചതാണ്. എന്നാല്‍ ബാറ്റിങ്ങില്‍ ജോ റൂട്ടും ബെന്‍ സ്‌റ്റോക്‌സും മാത്രമേ ഫോമിലുള്ളൂ. ബാക്കിയുള്ള താരങ്ങളെല്ലാം ഫോമിന്റെ നിഴലിലാണ്. ജോ റൂട്ട് ഫോമിലെത്തിയാല്‍ ഇംഗ്ലണ്ട് മത്സരത്തില്‍ വിജയിച്ചേക്കും. പക്ഷേ ഇന്ത്യയെ കീഴ്‌പ്പെടുത്തി പരമ്പര സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് കഴിയുമെന്ന് തോന്നുന്നില്ല. നാല് ടെസ്റ്റുകളടങ്ങുന്ന പരമ്പരയില്‍ 2-0 നോ 2-1 നോ ഇന്ത്യ പരമ്പര സ്വന്തമാക്കും.' -പനേസര്‍ പറഞ്ഞു.

ഫെബ്രുവരി 13 നാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ചെന്നൈയിലാണ് ആദ്യ ടെസ്റ്റ് നടക്കുക. 2016-ലാണ് ഇതിനുമുന്‍പ് ചെന്നൈയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിട്ടത്. അന്ന് ഇന്നിങ്‌സിനും 75 റണ്‍സിനും ഇന്ത്യ ഇംഗ്ലീഷ് പടയെ കീഴടക്കിയിരുന്നു. ഇതുവരെ ഇന്ത്യയും ഇംഗ്ലണ്ടും 60 ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ 19-ലും ഇന്ത്യ വിജയിച്ചു. 13 എണ്ണത്തില്‍ ഇംഗ്ലണ്ട് വിജയിച്ചു. 28 മത്സരങ്ങള്‍ സമനിലയിലായി. 

ഇംഗ്ലണ്ട് അവസാനമായി ഇന്ത്യയിലെത്തിയപ്പോള്‍ തോല്‍വി വഴങ്ങിയിരുന്നു. അന്ന് 4-0 നാണ് ഇന്ത്യ ഇംഗ്ലണ്ടിനെ നാണം കെടുത്തിയത്. 

Content Highlights: India will win the Test series vs England says Monty Panesar