Photo: AFP
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇംഗ്ലണ്ടിലെ വിജയകരമായ പരമ്പരകള്‍ക്ക് പിന്നാലെ കരീബിയ കീഴടക്കാന്‍ ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ ഏകദിനപരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യ വെള്ളിയാഴ്ച വെസ്റ്റിന്‍ഡീസിനെ നേരിടും. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ മത്സരം രാത്രി ഏഴുമുതല്‍.
സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നീ പ്രമുഖര്‍ ഏകദിനപരമ്പരക്കില്ല. ഏകദിനത്തില്‍മാത്രം കളിക്കുന്ന ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്. ഏകദിനപരമ്പരയ്ക്ക് പിന്നാലെ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയുണ്ട്. ഇതില്‍ പ്രധാനതാരങ്ങള്‍ മടങ്ങിയെത്തും. വിരാട് കോലി രണ്ടു പരമ്പരകളിലും ടീമില്‍ ഉള്‍പ്പെട്ടില്ല.
ശിഖര്‍ ധവാനൊപ്പം ആരാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക എന്ന ആകാംക്ഷയുണ്ട്. ശുഭ്മാന്‍ ഗില്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഇടംകൈ-വലംകൈ കൂട്ടുകെട്ടാവും അത്.
ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവരാണ് ടീമിലുള്ള മറ്റ് ഓപ്പണര്‍മാര്‍. ഫോമിലുള്ള ദീപക് ഹൂഡ മൂന്നാംനമ്പറില്‍ ഇറങ്ങും. സൂര്യകുമാര്‍ യാദവ് ആകും നാലാംനമ്പറില്‍. അടുത്തസ്ഥാനത്തേക്ക് മലയാളിതാരം സഞ്ജു സാംസണോ ശ്രേയസ്സ് അയ്യരോ എന്ന് തീരുമാനിക്കേണ്ടിവരും. ഷോര്‍ട്ട് ബോളുകള്‍ നേരിടുന്നതില്‍ ശ്രേയസ്സിന്റെ ദൗര്‍ബല്യം ഇംഗ്ലണ്ടിലും കണ്ടു. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ശാര്‍ദുല്‍ താക്കൂറാണ് പേസ് ബൗളിങ് ഓള്‍റൗണ്ടറായുള്ളത്.
പോര്‍ട്ട് ഓഫ് സ്‌പെയിനിലെ പിച്ച് സ്പിന്നിന് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. യുസ്വേന്ദ്ര ചാഹലും രവീന്ദ്ര ജഡേജയും ടീമിലിടം കണ്ടേക്കാം. അക്‌സര്‍ പട്ടേലും മത്സരത്തിനുണ്ടാവും. പരിക്ക് കാരണം ഇംഗ്ലണ്ടില്‍ ഏകദിനം കളിക്കാതിരുന്ന അര്‍ഷ്ദീപ് സിങ്ങിന് ഇക്കുറി അരങ്ങേറ്റത്തിന് അവസരംകിട്ടിയേക്കും. പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജുമാണ് പേസ് ബൗളിങ് നിരയെ നയിക്കുക.
നാട്ടില്‍ ബംഗ്ലാദേശിനോട് ഏകദിനപരമ്പര 0-3ന് തോറ്റതിന്റെ ക്ഷീണത്തിലാണ് നിക്കോളാസ് പുരന്‍ നയിക്കുന്ന വെസ്റ്റിന്‍ഡീസ്. തുടര്‍ച്ചയായ ആറ് ഏകദിനങ്ങളില്‍ അവര്‍ തോറ്റുകഴിഞ്ഞു. ഏകദിനത്തില്‍ 50 ഓവര്‍ തികച്ച് ബാറ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്നതാണ് വിന്‍ഡീസിനെ അലട്ടുന്നത്. 2019 ലോകകപ്പിന് ശേഷം 39 ഇന്നിങ്സുകളില്‍ അവര്‍ 50 ഓവറും ബാറ്റ് ചെയ്തത് ആറുതവണ മാത്രമാണ്.
Content Highlights: India will take on West Indies in the first odi Port of Spain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..