കിങ്സ്റ്റണ്‍ (ജമൈക്ക): അടിമുടി മാറിയ വിന്‍ഡീസ് ടീമും കാര്യമായ മാറ്റങ്ങളില്ലാതെ ടീം ഇന്ത്യയും ഞായറാഴ്ച ടി ട്വന്റി ക്രിക്കറ്റ് മത്സരത്തില്‍ മാറ്റുരയ്ക്കും. വിൻഡീസ് പര്യടനത്തിലെ ഇന്ത്യയുടെ അവസാന മത്സരമാണിത്. ഒരു കളി മാത്രമുള്ളതിനാല്‍ ആരു ജയിച്ചാലും അവര്‍ക്ക് ടി ട്വന്റി പരമ്പര സ്വന്തമാവും.

ടി ട്വന്റി ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള ക്രിസ് ഗെയ്ല്‍, സുനില്‍ നരെയ്ന്‍, മര്‍ലണ്‍ സാമുവല്‍സ്, സാമുവല്‍ ബദ്രീ, കാര്‍ലോസ് ബ്രാത്‌​വെയ്റ്റ് എന്നിവരെ വിന്‍ഡീസ് ടീമിൽ ഉള്‍പ്പെടുത്തി. ബ്രാത്‌വെയ്റ്റാണ് ക്യാപ്റ്റന്‍. ഏകദിന ടീമിലുണ്ടായിട്ടും കളിക്കാൻ അവസരം കിട്ടാതെപോയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത് ഇന്ത്യയ്ക്കുവേണ്ടി ആദ്യ ഇലവനിലിറങ്ങും. ഏകദിന പരമ്പരയില്‍ കളിച്ച ഇന്ത്യന്‍ ടീമിലെ ഏകമാറ്റവും ഇതാണ്. 

ഏകദിനത്തില്‍ നിന്നും വ്യത്യസ്തമായി ബാറ്റിങ്ങിന് അനുകൂലമായ പിച്ചായിരിക്കും ഞായറാഴ്ചത്തെ മത്സരത്തിന് ഉപയോഗിക്കുക. ടി ട്വന്റിയില്‍ ഇരുടീമുകളും ആറുവട്ടം മുഖാമുഖം വന്നപ്പോള്‍ വിന്‍ഡീസിനാണ് മുന്‍തൂക്കം (4-2).