രാജ്‌കോട്ട്:  ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ വിന്‍ഡീസ് 181 റണ്‍സിന് പുറത്ത്. ആറു വിക്കറ്റിന് 94 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ വിന്‍ഡീസിന് 87 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമാകുകയായിരുന്നു. 468 റണ്‍സ് ലീഡ് നേടിയ ഇന്ത്യ, വിന്‍ഡീസിനെ ഫോളോ ഓണിന് വിട്ടു. മൂന്നാം ദിനം മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ ബൗളിങ്ങാണ് വിന്‍ഡീസിനെ വേഗത്തില്‍ പുറത്താക്കിയത്.

49 പന്തില്‍ 47 റണ്‍സെടുത്ത് ചെറുത്തുനില്‍പ്പ് നടത്തി കീമോ പോളിനെയാണ് വിന്‍ഡീസിന് ആദ്യം നഷ്ടപ്പെട്ടത്. പോളിനെ കുല്‍ദീപ് യാദവ്, പൂജാരയുടെ കൈയിലെത്തിക്കുകയായിരുന്നു. 12 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ അടുത്ത വിക്കറ്റും പോയി. 79 പന്തില്‍ 53 റണ്‍സെടുത്ത ചെയ്‌സിനെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഏഴാം വിക്കറ്റില്‍ 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇവരും ക്രീസ് വിട്ടത്. നേരിട്ട മൂന്നാം പന്തില്‍ ലൂയിസിന്റെ കുറ്റിയും തെറിച്ചു. അക്കൗണ്ട് തുറക്കുംമുമ്പ് അശ്വിനാണ് ലൂയിസിന്റെ വിക്കറ്റ് വീഴ്ത്തിയത്. ഇതോടെ ഒരേ ഓവറില്‍ അശ്വിന്‍ രണ്ട് വിക്കറ്റെടുത്തു. 

പിന്നീട് ഗബ്രിയേലിന്റെ ഊഴമായിരുന്നു. 10 പന്തില്‍ ഒരു റണ്‍ നേടിയ ഗബ്രിയേലിനെ അശ്വിന്റെ പന്തില്‍ റിഷഭ് പന്ത് സ്റ്റമ്പ് ചെയ്യുകയായിരുന്നു. ഇതോടെ വിന്‍ഡീസ് ഇന്നിങ്‌സിന് വിരാമമായി. 

രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ആറു വിക്കറ്റിന് 94 റണ്‍സെന്ന നിലയിലായിരുന്നു വിന്‍ഡീസ്. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ബ്രാത്വെയ്റ്റിനെ പുറത്താക്കി മുഹമ്മദ് ഷമിയാണ് വിന്‍ഡീസിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. രണ്ട് റണ്‍സായിരുന്നു വിന്‍ഡീസ് ക്യാപ്റ്റന്റെ സമ്പാദ്യം. അഞ്ചാം ഓവറില്‍ ഒരു റണ്ണെടുത്ത പവലിനെ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കി. 10 റണ്‍സെടുത്ത ഹോപ്പിന്റെ പ്രതീക്ഷ അശ്വിന്‍ അവസാനിപ്പിച്ചു. ഹെറ്റ്മെര്‍ (10) റണ്‍ഔട്ടിന്റെ രൂപത്തില്‍ ക്രീസ് വിട്ടപ്പോള്‍ 12 റണ്‍സെടുത്ത ആംബ്രിസിനെ ജഡേജ രഹാനെയുടെ കൈകളിലെത്തിച്ചു.  പിന്നീട് ഡോവ്രിച്ചും ചെയ്സും ചേര്‍ന്ന് വിന്‍ഡീസ് ഇന്നിങ്സിനെ മുന്നോട്ട് നയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ 10 റണ്‍സെടുത്ത ഡോവ്രിച്ചിനെ പുറത്താക്കി കുല്‍ദീപ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു.

നേരത്തെ സെഞ്ചുറിയടിച്ച പൃഥ്വി ഷാ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ മികവില്‍ ഇന്ത്യ ഒന്നാമിന്നിങ്സ് ഒമ്പത് വിക്കറ്റിന് 649 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.  കോലി 230 പന്തില്‍ 139 റണ്‍സടിച്ചപ്പോള്‍ 154 പന്തില്‍ 134 റണ്‍സായിരുന്നു പൃഥ്വി ഷായുടെ സമ്പാദ്യം. 132 പന്തില്‍ 100 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു. പൂജാര 86 റണ്‍സടിച്ചു.

Content Highlights: India vs West Inides First Test Day 3 Rajkot Test