ഹൈദരാബാദ്: തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ആറാമനായി ബാറ്റിങ്ങിനിറങ്ങിയ റോസ്റ്റണ്‍ ചേസിന്റെ മികവില്‍ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം വിന്‍ഡീസ് ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഏഴിന് 295 റണ്‍സ് എന്ന നിലയിലാണ് വെസ്റ്റ് ഇന്‍ഡീസ്. 

174 പന്തില്‍ നിന്ന് ഏഴു ബൗണ്ടറിയും ഒരു സിക്‌സുമടക്കം 98 റണ്‍സോടെ റോസ്റ്റണ്‍ ചേസും 15 പന്തില്‍ നിന്ന് രണ്ടു റണ്‍സുമായി ദേവേന്ദ്ര ബിഷുവുമാണ് ക്രീസില്‍. 

113 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായ വിന്‍ഡീസിനെ ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ചേസ്-ഡൗറിച്ച് സഖ്യവും (69) ഏഴാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ചേസ്-ഹോള്‍ഡര്‍ സഖ്യവുമാണ് (104) രക്ഷിച്ചത്. ഡൗറിച്ച് 30 റണ്‍സും നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ 52 റണ്‍സും നേടി പുറത്തായി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസിന് സ്‌കോര്‍ ബോര്‍ഡില്‍ 32 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ കീറണ്‍ പവലിനെ നഷ്ടപ്പെട്ടു. അശ്വിനായിരുന്നു വിക്കറ്റ്. 30 പന്തില്‍ 22 റണ്‍സായിരുന്നു പവലിന്റെ സമ്പാദ്യം. സ്‌കോര്‍ 52-ല്‍ എത്തിയപ്പോള്‍ മറ്റൊരു ഓപ്പണറായ ബ്രാത്ത്‌വെയ്റ്റും പുറത്തായി. 68 പന്തില്‍ 14 റണ്‍സടിച്ച ബ്രാത്ത്‌വെയ്റ്റിനെ കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. 

പിന്നീട് 32-ാം ഓവറില്‍ ഉമേഷ് യാദവിന്റെ ഊഴമായിരുന്നു. 36 റണ്‍സെടുത്ത ഹോപ്പിനെ ഉമേഷ് വിക്കറ്റിന് മുന്നില്‍ കുരുക്കി. ആറു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഹെറ്റ്‌മെയറും പുറത്തായി. 12 റണ്‍സായിരുന്നു ഹെറ്റ്‌മെയറിന്റെ സമ്പാദ്യം. കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ്.

umesh yadav

പിന്നീട് ആംബിസിനും അധികം ആയുസുണ്ടായിരുന്നില്ല. 18 റണ്‍സെടുത്ത ആംബ്രിസിനെ കുല്‍ദീപ് യാദവ് ജഡേജയുടെ കൈയിലെത്തിച്ചു. പിന്നീട് ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചെയ്സും ഡോവ്രിച്ചും വിന്‍ഡീസ് ഇന്നിങ്സ് മുന്നോട്ടുനയിക്കുകയായിരുന്നു. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 69 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. 63 പന്തില്‍ 30 റണ്‍സടിച്ച ഡോവ്രിച്ചിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ഉമേഷ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ശേഷിച്ച വിക്കറ്റ് രവിചന്ദ്രന്‍ അശ്വിനാണ്.

Shardul Thakur
ശാര്‍ദൂല്‍ ക്യാപ്പില്‍ ചുംബിക്കുന്നു   ഫോട്ടോ: ബിസിസിഐ

അതേസമയം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച പേസ് ബോളര്‍ ഷാര്‍ദുല്‍ താക്കൂര്‍ നാലാം ഓവറില്‍ പരിക്കേറ്റ് മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അരങ്ങേറ്റത്തില്‍ വെറും 10 പന്തുകള്‍ മാത്രമാണ് ഷാര്‍ദുലിന് എറിയാനായത്. അടിവയറ്റിലേറ്റ പരിക്കാണ് താരത്തിന് വിനയായത്.

Content Highlights: India vs West Indies Shardul Thakur handed Test debut