ഹൈദരാബാദ്: ആദ്യ ഓവറില്‍ സിക്‌സും ഫോറും 39 പന്തില്‍ അര്‍ധസെഞ്ചുറി, 53 പന്തില്‍ 70... ഒരു ട്വന്റി 20 മത്സരത്തിലെന്നപോലെ വെടിയും പുകയും നിറഞ്ഞ ഇന്നിങ്സുമായി പൃഥ്വി ഷാ ഉപ്പല്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞാടി. ഇടവേളയ്ക്കുശേഷം എത്തിയ ഋഷഭ് പന്ത്, പൃഥ്വിയുടെ തിരക്കഥ പൂരിപ്പിച്ചു.

വിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ദിനം ഇന്ത്യയുടെ രണ്ട് യുവബാറ്റ്സ്മാന്‍മാര്‍ സ്വന്തമാക്കി. സ്‌കോര്‍: വിന്‍ഡീസ് 311 റണ്‍സിന് പുറത്ത്. ഇന്ത്യ നാലുവിക്കറ്റിന് 308. ആറുവിക്കറ്റുകള്‍ ശേഷിക്കേ മൂന്നുറണ്‍സ് മാത്രം പിറകിലുള്ള ഇന്ത്യ ലീഡ് ഉറപ്പിച്ചു. എങ്കിലും പരമ്പരയില്‍ ആദ്യമായി വിന്‍ഡീസ് ഇന്ത്യയെ സമ്മര്‍ദത്തിലാഴ്ത്തി.

ഏഴിന് 295 റണ്‍സ് എന്ന നിലയില്‍ ശനിയാഴ്ച ബാറ്റിങ് തുടര്‍ന്ന വിന്‍ഡീസിന് ശേഷിച്ച മൂന്നുവിക്കറ്റില്‍ 16 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ഇതിനിടെ റോസ്റ്റണ്‍ ചേസ് (106) സെഞ്ചുറി കുറിച്ചത് സന്ദര്‍ശകര്‍ക്ക് അഭിമാന നിമിഷമായി. 2011-നുശേഷം ഇന്ത്യന്‍മണ്ണില്‍ വിന്‍ഡീസുകാരന്റെ ആദ്യ സെഞ്ചുറിയാണിത്. ടെസ്റ്റ് കരിയറിലെ മികച്ച ബൗളിങ് പുറത്തെടുത്ത ഉമേഷ് യാദവാണ് സന്ദര്‍ശകരെ 311 റണ്‍സില്‍ ഒതുക്കിയത്. ശനിയാഴ്ച മൂന്നുവിക്കറ്റും ഉമേഷിനായിരുന്നു. വെള്ളിയാഴ്ച മൂന്നുവിക്കറ്റെടുത്തിരുന്നു. 88 റണ്‍സിന് ആറുവിക്കറ്റ് സ്വന്തമായതോടെ ടെസ്റ്റ് ഇന്നിങ്സില്‍ കരിയറിലെ മികച്ച പ്രകടനവുമായി. ഇന്ത്യയ്ക്കുവേണ്ടി പൃഥ്വി ഷാ (70), രഹാനെ (75*), ഋഷഭ് പന്ത് (85*) എന്നിവര്‍ അര്‍ധസെഞ്ചുറി കണ്ടെത്തി. പിരിയാത്ത അഞ്ചാംവിക്കറ്റില്‍ രഹാനെയും പന്തും ചേര്‍ന്ന് 146 റണ്‍സ് ചേര്‍ത്തുകഴിഞ്ഞു.

വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ സെഞ്ചുറിയോടെ അരങ്ങേറിയ പൃഥ്വി ഷാ, ആ ഇന്നിങ്സ് ആകസ്മികമായിരുന്നില്ലെന്ന് ഹൈദരാബാദില്‍ തെളിയിച്ചു. 53 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്‌സും അടങ്ങിയ ഇന്നിങ്സില്‍ പഴുതുകള്‍ ഏറെയൊന്നും ഇല്ലായിരുന്നു. സ്‌കോര്‍ 61-ല്‍ നില്‍ക്കേ നാലു റണ്‍സുമായി ലോകേഷ് രാഹുല്‍ പുറത്താകുമ്പോള്‍ യുവതാരം 42 റണ്‍സെടുത്തിരുന്നു. ആദ്യ ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായ ലോകേഷ് വീണ്ടും നിരാശപ്പെടുത്തി. പിന്നാലെയെത്തിയ ചേതേശ്വര്‍ പുജാരയെയും പൃഥ്വി ഷാ വെറും കാഴ്ചക്കാരനാക്കി. സ്‌കോര്‍ 98-ല്‍ വച്ച് പൃഥ്വി മടങ്ങി. രണ്ടാം വിക്കറ്റില്‍ 23 പന്ത് നേരിട്ട താരം 28 റണ്‍സെടുത്തപ്പോള്‍ 37 പന്തില്‍ ഒമ്പതു റണ്‍സായിരുന്നു പുജാരയുടെ സമ്പാദ്യം.

തൊട്ടടുത്ത ഓവറില്‍ പുജാരയെയും പറഞ്ഞയച്ചതോടെ ഇന്ത്യ മൂന്നുവിക്കറ്റിന് 102 എന്ന നിലയിലായി. എന്നാല്‍ നാലാം വിക്കറ്റില്‍ കോലിയും രഹാനെയും ചേര്‍ന്ന് 60 റണ്‍സടിച്ച് സ്ഥിതി ശാന്തമാക്കി.

78 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 45 റണ്‍സടിച്ച് കോലിയും മടങ്ങി. നാലിന് 162 എന്ന നിലയില്‍ ഒത്തുചേര്‍ന്ന ഋഷഭ്- രഹാനെ സഖ്യം കളി ഇന്ത്യയുടെ വരുതിയിലാക്കി.

ഒന്നാം ടെസ്റ്റില്‍ 92 റണ്‍സില്‍ പുറത്തായതിന്റെ വേവലാതികളൊന്നും പന്തിന്റെ ഇന്നിങ്സില്‍ ഉണ്ടായിരുന്നില്ല. അതിവേഗത്തിലായിരുന്നു സ്‌കോറിങ്. 120 പന്തില്‍ 10 ബൗണ്ടറിയും രണ്ട് സിക്‌സറും അടക്കമാണ് 85 റണ്‍സടിച്ചത്. 174 പന്തുകള്‍ നേരിട്ട രഹാനെ ആറു ബൗണ്ടറികള്‍ സഹിതം 75 റണ്‍സിലെത്തി.

ചേസിന്റെ സെഞ്ചുറിയും ഉമേഷിന്റെ ബൗളിങ്ങും

നേരത്തെ സെഞ്ചുറി നേടിയ ചേസിന്റെ മികവില്‍ വിന്‍ഡീസ് ഒന്നാമിന്നിങ്‌സില്‍ 311 റണ്‍സ് നേടിയിരുന്നു. ഏഴു വിക്കറ്റിന് 295 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ വിന്‍ഡീസിന് 16 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടു. 

umesh yadav

20 പന്തില്‍ രണ്ട് റണ്ണെടുത്ത ബിഷൂവിനെ ക്ലീന്‍ ബൗള്‍ഡാക്കി ഉമേഷ്‌ യാദവാണ് രണ്ടാം ദിനത്തിലെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നാലെ ചേസും പുറത്തായി. 189 പന്തില്‍ 106 റണ്‍സടിച്ച് വിന്‍ഡീസിനെ 300 റണ്‍സ് കടത്തിയ ശേഷമാണ് ചേസ് ക്രീസ് വിട്ടത്. ചേസിനേയും ഉമേഷ് യാദവ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ചേസിന്റെ കരിയറിലെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയാണിത്

നേരിട്ട ആദ്യ പന്തില്‍ തന്നെ ഗബ്രിയേലിനെ തിരിച്ചയച്ച് ഉമേഷ് യാദവ് വിന്‍ഡീസിന്റെ ബാറ്റിങ് അവസാനിപ്പിച്ചു. ഇതോടെ രണ്ടാം ദിനത്തിലെ മൂന്നു വിക്കറ്റും ഉമേഷിന്റെ പേരിലായി. ആദ്യ ദിനവും മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്ന ഉമേഷിന്റെ അക്കൗണ്ടില്‍ ആകെ ആറു വിക്കറ്റായി. 26.4 ഓവറില്‍ 88 റണ്‍സ് മാത്രമാണ് ഉമേഷ് വിട്ടുകൊടുത്തത്. കുല്‍ദീപ് യാദവ് മൂന്നും അശ്വിന്‍ ഒന്നും വിക്കറ്റ് വീഴ്ത്തി. 

113 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായ വിന്‍ഡീസിനെ ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ചേസ്-ഡൗറിച്ച് സഖ്യവും (69) ഏഴാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ചേസ്-ഹോള്‍ഡര്‍ സഖ്യവുമാണ് (104) രക്ഷിച്ചത്. ഡൗറിച്ച് 30 റണ്‍സും നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ 52 റണ്‍സും നേടി പുറത്തായി.

roston chase

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസിന് സ്‌കോര്‍ ബോര്‍ഡില്‍ 32 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ കീറണ്‍ പവലിനെ നഷ്ടപ്പെട്ടു. അശ്വിനായിരുന്നു വിക്കറ്റ്. 30 പന്തില്‍ 22 റണ്‍സായിരുന്നു പവലിന്റെ സമ്പാദ്യം. സ്‌കോര്‍ 52-ല്‍ എത്തിയപ്പോള്‍ മറ്റൊരു ഓപ്പണറായ ബ്രാത്ത്വെയ്റ്റും പുറത്തായി. 68 പന്തില്‍ 14 റണ്‍സടിച്ച ബ്രാത്ത്വെയ്റ്റിനെ കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. 

പിന്നീട് 32-ാം ഓവറില്‍ ഉമേഷ് യാദവിന്റെ ഊഴമായിരുന്നു. 36 റണ്‍സെടുത്ത ഹോപ്പിനെ ഉമേഷ് വിക്കറ്റിന് മുന്നില്‍ കുരുക്കി. ആറു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഹെറ്റ്മെയറും പുറത്തായി. 12 റണ്‍സായിരുന്നു ഹെറ്റ്മെയറിന്റെ സമ്പാദ്യം. കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ്.

Content Highlights: India vs West Indies Second Test Cricket