ഹൈദരാബാദ്: രണ്ടാം ടെസ്റ്റിലും വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം. വിന്‍ഡീസ് മുന്നോട്ടുവെച്ച  72 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ മത്സരം അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കെ വിജയതീരത്തെത്തി. 45 പന്തില്‍ 33 റണ്‍സുമായി പൃഥ്വി ഷായും 53 പന്തില്‍ 33 റണ്‍സുമായി കെ.എല്‍ രാഹുലും പുറത്താകാതെ നിന്നു. ഇതോടെ രണ്ട് ടെസ്റ്റിലും വിജയിച്ച് ഇന്ത്യ പരമ്പര 2-0 ത്തിന് സ്വന്തമാക്കി. രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 272 റണ്‍സിനും ജയിച്ചിരുന്നു. അഞ്ചു മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പര ഈ മാസം 21ന് ഗുവാഹത്തിയില്‍ ആരംഭിക്കും

സ്‌കോര്‍: വിന്‍ഡീസ്- 311, 127. ഇന്ത്യ- 367, 75

നേരത്തെ രണ്ടാമിന്നിങ്‌സില്‍ 56 റണ്‍സ് ലീഡ് വഴങ്ങി രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 127 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഉമേഷ് യാദവ് നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റ് വീഴ്ത്തി. ഒന്നാമിന്നിങ്സില്‍ ആറു വിക്കറ്റ് നേടിയ ഉമേഷിന്റെ അക്കൗണ്ടില്‍ ഇതോടെ പത്ത് വിക്കറ്റായി.

virat kohli

രണ്ടാമിന്നിങ്‌സില്‍ വിന്‍ഡീസിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. രണ്ടാം പന്തില്‍ അക്കൗണ്ട് തുറക്കും മുമ്പു തന്നെ ഉമേഷ് യാദവ്, ബ്രാത്‌വെയ്റ്റിനെ പുറത്താക്കി. നാലാം ഓവറില്‍ പവലും ക്രീസ് വിട്ടു. ഇക്കുറി വിക്കറ്റ് അശ്വിന്. മൂന്നാം വിക്കറ്റില്‍ ഹോപ്പ്- ഹെറ്റ്മയര്‍ സഖ്യം പിടിച്ചുനില്‍ക്കുന്നതിന്റെ സൂചന നല്‍കിയെങ്കിലും സ്‌കോര്‍ 45-ല്‍ നില്‍ക്കെ ഇരുവരും പുറത്തായി. 29 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 17 റണ്‍സെടുത്ത ഹെറ്റ്മയറിനെ കുല്‍ദീപ് യാദവ് പൂജാരയുടെ കൈകളിലെത്തിച്ചപ്പോള്‍, 42 പന്തില്‍ നാലു ബൗണ്ടറി സഹിതം 28 റണ്‍സെടുത്ത ഹോപ്പിനെ ജഡേജ രഹാനെയുടെ കൈകളിലെത്തിച്ചു.

സ്‌കോര്‍ 68-ല്‍ എത്തിയപ്പോള്‍ രണ്ടു റണ്‍സിനിടെ രണ്ടു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ് വിന്‍ഡീസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ റോസ്റ്റണ്‍ ചേസ് (ആറ്), ഷെയ്ന്‍ ഡൗറിച്ച് (പൂജ്യം) എന്നിവരെ യാദവ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ ആറു വിക്കറ്റിന് 70 എന്ന നിലയിലായി വിന്‍ഡീസ്. 

ഏഴാം വിക്കറ്റില്‍ ഹോള്‍ഡറും ആബ്രിംസും ചേര്‍ന്ന് വിന്‍ഡീസിനെ കര കയറ്റാന്‍ നോക്കി. എന്നാല്‍ 19 റണ്‍സെടുത്ത ഹോള്‍ഡറെ പന്തിന്റെ കൈകളിലെത്തിച്ച ജഡേജ ആ കൂട്ടുകെട്ട് പൊളിച്ചു. ഒരു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ 38 റണ്‍സടിച്ച ആംബ്രിസും പുറത്തായി. ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഏഴു റണ്‍സെടുത്ത ജോമെല്‍ വരികെനെ അശ്വിനും ഗബ്രിയേലിനെ ഉമേഷും ക്ലീന്‍ ബൗള്‍ഡാക്കിയതോടെ വിന്‍ഡീസിന്റെ ഇന്നിങ്‌സ് അവസാനിച്ചു

ഹോള്‍ഡറിന് അഞ്ചു വിക്കറ്റ്, ഇന്ത്യക്ക് 367

നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോര്‍ 367 റണ്‍സില്‍ അവസാനിച്ചു. തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലും അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ് മൂന്നാം ദിനം ഇന്ത്യയെ അപ്രതീക്ഷിത തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. നാലു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 31 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായി. പന്ത് 92 റണ്‍സെടുത്തും രഹാനെ 80 റണ്‍സെടുത്തും മടങ്ങി. 

അവസാന വിക്കറ്റില്‍ അശ്വിന്‍-ശാര്‍ദൂല്‍ ഠാക്കൂര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 28 റണ്‍സാണ് ഇന്ത്യയുടെ ലീഡ് 50 കടത്തിയത്. പന്ത്, രഹാനെ എന്നിവരെക്കൂടാതെ രവീന്ദ്ര ജഡേജ (പൂജ്യം), കുല്‍ദീപ് യാദവ് (ആറ്), ഉമേഷ് യാദവ് (രണ്ട്), രവിചന്ദ്രന്‍ അശ്വിന്‍ (35) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ഇന്ത്യക്ക് നഷ്ടമായത്. പരിക്കുമൂലം ബോള്‍ ചെയ്യാതിരുന്ന ശാര്‍ദൂല്‍ ബാറ്റിങ്ങിനിറങ്ങി നാലു റണ്‍സുമായി പുറത്താകാതെ നിന്നു.

JASON HOLDER
Photo Courtesy: Twitter/ BCCI

ഷാനന്‍ ഗബ്രിയേല്‍ വിന്‍ഡീസിനായി മൂന്നു വിക്കറ്റ് വീഴ്ത്തി. തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ വിന്‍ഡീസ് ബോളറാണ് ഹോള്‍ഡര്‍.  മൈക്കല്‍ ഹോള്‍ഡിങ്, മാല്‍ക്കം മാര്‍ഷല്‍ (രണ്ടു വട്ടം) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്. 

വിന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 311 റണ്‍സിന് പുറത്തായിരുന്നു. ആറു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവിന്റെ മികവിലാണ് ഇന്ത്യ വിന്‍ഡീസിനെ 311ല്‍ ഒതുക്കിയത്. ഒന്നാമിന്നിങ്‌സില്‍ ചേസ് വിന്‍ഡീസിനായി സെഞ്ചുറി ഇന്നിങിസും പുറത്തെടുത്തു. 

Content Highlights: India vs West Indies Second Test