Photo: twitter.com/ICC
വെല്ലിങ്ടണ്‍: ഐ.സി.സി വനിതാ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് 155 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ഇന്ത്യ ഉയര്‍ത്തിയ 318 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റ് ഇന്‍ഡീസ് 40.3 ഓവറില്‍ വെറും 162 റണ്‍സിന് ഓള് ഔട്ടായി. സ്കോര്‍: ഇന്ത്യ 50 ഓവറില്‍ എട്ടിന് 317. വെസ്റ്റ് ഇന്‍ഡീസ് 40.3 ഓവറില്‍ 162 ന് പുറത്ത്
ഈ വിജയത്തോടെ ഇന്ത്യ സെമി ഫൈനല്‍ പ്രതീക്ഷ കാത്തു. ഓപ്പണര്‍ സ്മൃതി മന്ദാനയുടെയും സഹനായിക ഹര്‍മന്‍പ്രീത് കൗറിന്റെയും സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്.
സ്മൃതി 119 പന്തുകളില്‍ നിന്ന് 13 ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 123 റണ്‍സെടുത്തപ്പോള്‍ ഹര്‍മന്‍പ്രീത് 107 പന്തുകളില്‍ നിന്ന് പത്ത് ബൗണ്ടറിയുടെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 109 റണ്‍സെടുത്തു.
ഒരു ഘട്ടത്തില്‍ 78 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ സ്മൃതിയും ഹര്‍മന്‍പ്രീതും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഇരുവരും നാലാം വിക്കറ്റില്‍ 184 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
സ്മൃതിയാണ് ആദ്യം സെഞ്ചുറി നേടിയത്. താരത്തിന്റെ കരിയറിലെ അഞ്ചാം ഏകദിന സെഞ്ചുറിയാണിത്. വൈകാതെ ഹര്‍മന്‍പ്രീതും മൂന്നക്കം കണ്ടു.
ഓപ്പണര്‍ യാസ്തിക ഭാട്ടിയ 31 റണ്‍സെടുത്ത് പുറത്തായി. നായിക മിതാലി രാജ് ഈ മത്സരത്തിലും നിരാശപ്പെടുത്തി. വെറും അഞ്ച് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
വിന്‍ഡീസിനായി അനിസ മുഹമ്മദ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഷമീലിയ കോണെല്‍, ഹെയ്ലി മാത്യൂസ്, ഷക്കേര സെല്മാന്, ഡിയാന്‍ഡ്ര ഡോട്ടിന്, ആലിയ അലെയ്നെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
318 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ഇന്ത്യയെ ആദ്യം വിറപ്പിച്ചു. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ഓപ്പണര്‍മാരായ ഡിയാന്‍ഡ്ര ഡോട്ടിനും ഹെയ്ലി മാത്യൂസും വെറും 12.2 ഓവറില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഡോട്ടിന് 46 പന്തുകളില്‍ നിന്ന് 62 റണ്‍സെടുത്തപ്പോള്‍ ഹെയ്ലി മാത്യൂസ് 36 പന്തുകളില്‍ നിന്ന് 43 റണ്‍സെടുത്തു. എന്നാല്‍ ഇരുവരെയും മടക്കിക്കൊണ്ട് സ്നേഹ് റാണ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. പിന്നാലെ വിന്‍ഡീസ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു.
വിക്കറ്റ് നഷ്ടമില്ലാതെ 100 റണ്‍സ് എന്ന നിലയില്‍ നിന്ന് വിന്‍ഡീസ് വെറും 162 റണ്‍സിന് ഓള് ഔട്ടായി. 62 റണ്‍സെടുക്കുന്നതിനിടെയാണ് വിന്‍ഡീസിന്റെ പത്തുവിക്കറ്റും നിലംപൊത്തിയത്. ആദ്യം പതറിയെങ്കിലും സമയോചിതമായി പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി സ്നേഹ് റാണ 9.2 ഓവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റെടുത്തു. മേഘ്ന സിങ് രണ്ടുവിക്കറ്റ് നേടിയപ്പോള്‍ ജൂലന്‍ ഗോസ്വാമി, രാജേശ്വരി ഗെയ്ക്വാദ്, രൂജ വസ്ത്രാകര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഈ വിജയത്തോടെ ഇന്ത്യ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റാണ് ടീമിനുള്ളത്. മികച്ച നെറ്റ് റണ്‍റേറ്റാണ് ടീമിന് തുണയായത്.
Updating ...
Content Highlights: india vs west indies icc women's world cup match updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..