രാജ്കോട്ട്: രാജ്കോട്ടില്‍ വിന്‍ഡീസിനെ തുരത്തിയോടിച്ച് ഇന്ത്യ. ആദ്യ ടെസ്റ്റ് അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കിനില്‍ക്കെ ഇന്ത്യ ഇന്നിങ്സിനും 272 റണ്‍സിനും വിന്‍ഡീസിനെ പരാജയപ്പെടുത്തി. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 196 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. അഞ്ചു വിക്കറ്റ് പ്രകടനം പുറത്തെടുത്ത കുല്‍ദീപ് യാദവാണ് വിന്‍ഡീസിന്റെ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ടെസ്റ്റില്‍ ആദ്യമായാണ് കുല്‍ദീപ് അഞ്ച് വിക്കറ്റ് നേടുന്നത്. സ്കോര്‍ ബോര്‍ഡ്: ഇന്ത്യ- 649/9d, വിന്‍ഡീസ് -181, 196.
അഞ്ച് വിക്കറ്റുമായി കുല്‍ദീപ്
സ്കോര്‍ ബോര്‍ഡില്‍ 32 റണ്‍സ് ചേര്‍ക്കുന്നതിനിടയില്‍ ഓപ്പണര്‍ ബ്രാത്വെയ്റ്റ് ക്രീസ് വിട്ടു. 10 റണ്‍സായിരുന്നു സമ്പാദ്യം. അശ്വിന്റെ പന്തില്‍ പൃഥ്വി ഷാ ക്യാച്ചെടുത്ത് പുറത്താക്കുയായിരുന്നു. പിന്നീട് കുല്‍ദീപ് യാദവിന്റെ താണ്ഡവമായിരുന്നു. ഹോപ്പിനെ 17 റണ്‍സിന് വിക്കറ്റിന് മുന്നില്‍ കുടുക്കിത്തുടങ്ങിയ കുല്‍ദീപ് 23-ാം ഓവറില്‍ ഹെറ്റ്മെയറേയും (11 റണ്‍സ്) പുറത്താക്കി. ആ ഓവറിലെ നാലാം പന്തില്‍ ആംബ്രിസും കളം വിട്ടു. മൂന്നു പന്ത് നേരിട്ട ആംബ്രിസിന് അക്കൗണ്ട് തുറക്കാനായില്ല. പിന്നീട് ചെറുത്തുനില്ക്കാന് ശ്രമിച്ച ചെയ്സിനേയും (20) കുല്‍ദീപ് മടക്കി. അശ്വിനായിരുന്നു ക്യാച്ച്.

ഇതിനിടയില്‍ ഒരറ്റത്ത് കീറണ്‍ പവെല്‍ പിടിച്ചുനിന്നു. 93 പന്തില്‍ എട്ടു ഫോറും നാല് സിക്സുമടക്കം 83 റണ്‍സാണ് പവെല്‍ അടിച്ചെടുത്തത്. പക്ഷേ കുല്‍ദീപിന്റെ അഞ്ചാം ഇരയായി പവെലും മടങ്ങി. ആ സമയത്ത് വിന്‍ഡീസ് സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് 151 ആയിരുന്നു.
പോളിനെ രവീന്ദ്ര ജഡേജ പുറത്താക്കിയപ്പോള്‍ ഒമ്പത് റണ്‍സെടുത്ത ബിഷുവിനെ അശ്വിന് മടക്കി. നാല് റണ്‍സെടുത്ത ലൂയിസിനും ഗബ്രിയേലിനും അധികം ആയുസുണ്ടായിരുന്നില്ല. ഇരുവരേയും ജഡേജ പുറത്താക്കിയതോടെ ഇന്ത്യ ഇന്നിങ്സ് വിജയമാഘോഷിച്ചു. രണ്ടാമിന്നിങ്സില്‍ ജഡേജ മൂന്നും അശ്വിന് രണ്ടും വിക്കറ്റ് വീഴ്ത്തി.
ആദ്യ ഇന്നിങ്സില്‍ വിന്‍ഡീസ് 181-ന് പുറത്ത്
നേരത്തെ ആദ്യ ഇന്നിങ്സില്‍ വിന്‍ഡീസ് 181 റണ്‍സിന് പുറത്തായിരുന്നു. ഇതോടെ 468 റണ്‍സ് ലീഡ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ നാല് വിക്കറ്റുമായി അശ്വിനാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. 53 റണ്‍സെടുത്ത ചെയ്സ് വിന്‍ഡീസിന്റെ ടോപ്പ് സ്കോററായി.
നേരത്തെ സെഞ്ചുറിയടിച്ച പൃഥ്വി ഷാ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ മികവില്‍ ഇന്ത്യ ഒന്നാമിന്നിങ്സ് ഒമ്പത് വിക്കറ്റിന് 649 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. കോലി 230 പന്തില്‍ 139 റണ്‍സടിച്ചപ്പോള്‍ 154 പന്തില്‍ 134 റണ്‍സായിരുന്നു പൃഥ്വി ഷായുടെ സമ്പാദ്യം. 132 പന്തില്‍ 100 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു. പൂജാര 86 റണ്‍സടിച്ചു.
That's a wrap! INDIA WIN the first Test.#TeamIndia beat the Windies by an innings and 272 runs 👏👏🕺🕺 pic.twitter.com/DITXuZRBuy
— BCCI (@BCCI) 6 October 2018
Content Highlights: India vs West Indies First Test Rajkot