രാജ്‌കോട്ട്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തകര്‍ച്ച. 74 റണ്‍സെടുക്കുന്നതിനിടയില്‍ വിന്‍ഡീസിന്റെ ആറു വിക്കറ്റ് പോയി. രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും ഒന്നുവീതം വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിനും കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയുമാണ് വിന്‍ഡീസ് ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 29 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ്‌

മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ബ്രാത്‌വെയ്റ്റിനെ പുറത്താക്കി മുഹമ്മദ് ഷമിയാണ് വിന്‍ഡീസിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്‌. രണ്ട് റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. അഞ്ചാം ഓവറില്‍ ഒരു റണ്ണെടുത്ത പവലിനെ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കി. 10 റണ്‍സെടുത്ത ഹോപ്പിന്റെ പ്രതീക്ഷ അശ്വിന്‍ അവസാനിപ്പിച്ചു. ഹെറ്റ്‌മെയര്‍ (10) റണ്‍ഔട്ടിന്റെ രൂപത്തില്‍ ക്രീസ് വിട്ടപ്പോള്‍ 12 റണ്‍സെടുത്ത ആമ്പ്രിസിനെ ജഡേജ രഹാനെയുടെ കൈകളിലെത്തിച്ചു.  പിന്നീട് ഡോവ്രിച്ചും ചെയ്‌സും ചേര്‍ന്ന് വിന്‍ഡീസ് ഇന്നിങ്‌സിനെ മുന്നോട്ട് നയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ 10 റണ്‍സെടുത്ത ഡോവ്രിച്ചിനെ പുറത്താക്കി കുല്‍ദീപ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു.

നേരത്തെ സെഞ്ചുറിയടിച്ച പൃഥ്വി ഷാ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ മികവില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സ് ഒമ്പത് വിക്കറ്റിന് 649 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.  കോലി 230 പന്തില്‍ 139 റണ്‍സടിച്ചപ്പോള്‍ 154 പന്തില്‍ 134 റണ്‍സായിരുന്നു പൃഥ്വി ഷായുടെ സമ്പാദ്യം. 132 പന്തില്‍ 100 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു. പൂജാര 86 റണ്‍സടിച്ചു.

Content Highlights: India vs West Indies First Test Rajkot