Photo: https://twitter.com/BCCI
പോര്‍ട് ഓഫ് സ്പെയിന്‍: അവസാന പന്തു വരെ ആവേശം നീണ്ടുനിന്ന ആദ്യ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് മൂന്നു റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 309 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്തവിന്‍ഡീസിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സിലെത്താനേ സാധിച്ചുള്ളൂ. അവസാന ഓവറില്‍ വിന്‍ഡീസിന് ജയിക്കാന്‍ 15 റണ്‍സ് വേണമെന്നിരിക്കെ കൃത്യതയോടെ പന്തെറിഞ്ഞ മുഹമ്മദ് സിറാജാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്.
സ്‌കോര്‍ബോര്‍ഡില്‍ 308 റണ്‍സ് ചേര്‍ത്ത ഇന്ത്യയെ വിറപ്പിച്ച ശേഷമായിരുന്നു വിന്‍ഡീസിന്റെ തോല്‍വി. ഓപ്പണര്‍ ഷായ് ഹോപ്പിനെ തുടക്കത്തിലേ നഷ്ടമായ ശേഷം കൈല്‍ മില്‍സ് (68 പന്തില്‍ 75), ഷമാര്‍ ബ്രൂക്‌സ് (61 പന്തില്‍ 46), ബ്രണ്ടന്‍ കിങ് (66 പന്തില്‍ 54) എന്നിവരുടെ ഇന്നിങ്‌സുകള്‍ വിന്‍ഡീസിന് വിജയപ്രതീക്ഷ നല്‍കി. ഇവര്‍ക്കു പിന്നാലെ ക്യാപ്റ്റന്‍ നിക്കോളാസ് പുരന്‍ (26 പന്തില്‍ 25), റോവ്മാന്‍ പവല്‍ (7 പന്തില്‍ 6) എന്നിവരെയും 252 റണ്‍സിനിടെ ഇന്ത്യ പുറത്താക്കി. എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒന്നിച്ച അകീല്‍ ഹുസൈന്‍ - റൊമാരിയോ ഷെപ്പേര്‍ഡ് കൂട്ടുകെട്ട് ഇന്ത്യയില്‍ നിന്നും ജയം തട്ടിയെടുക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ അവസാന ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത സിറാജ് ഇന്ത്യയ്ക്ക് ആശ്വാസം സമ്മാനിച്ചു. അകീല്‍ ഹുസൈന്‍ 32 പന്തില്‍ നിന്ന് 32 റണ്‍സെടുത്തപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡ് 25 പന്തില്‍ നിന്ന് 39 റണ്‍സ് അടിച്ചുകൂട്ടി.
ഇന്ത്യയ്ക്കായി സിറാജ്, ശാര്‍ദുല്‍ താക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും ശിഖര്‍ ധവാനും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 119 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. വെറും 14 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്താന്‍ ഇവര്‍ക്ക് സാധിച്ചു. ഗില്ലായിരുന്നു കൂടുതല്‍ അപകടകാരി. 36 പന്തുകളില്‍ നിന്ന് താരം അര്‍ധസെഞ്ചുറി നേടി. പിന്നാലെ ധവാന്‍ 53 പന്തുകളില്‍ നിന്ന് അര്‍ധശതകം കുറിച്ചു. എന്നാല്‍ 18-ാം ഓവറില്‍ ഗില്‍ റണ്‍ ഔട്ടായി. 53 പന്തുകളില്‍ നിന്ന് 64 റണ്‍സെടുത്ത ഗില്ലിനെ നിക്കോളാസ് പുരന്‍ റണ്‍ ഔട്ടാക്കുകയായിരുന്നു. ഗില്ലിന് പകരം ശ്രേയസ് അയ്യര്‍ ക്രീസിലെത്തി.
ശ്രേയസും നന്നായി കളിക്കാന്‍ ആരംഭിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നു. 31.3 ഓവറില്‍ ടീം സ്‌കോര്‍ 200 കടന്നു. പക്ഷേ ടീം സ്‌കോര്‍ 213-ല്‍ നില്‍ക്കേ ധവാന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. ഗുഡകേഷ് മോട്ടിയാണ് ധവാനെ പുറത്താക്കിയത്. അര്‍ഹിച്ച സെഞ്ചുറി ധവാന് നഷ്ടമായി. മോട്ടിയുടെ പന്തില്‍ ബൗണ്ടറി നേടാന്‍ ശ്രമിച്ച ധവാനെ ഷമാര്‍ ബ്രൂക്സ് മികച്ച ക്യാച്ചിലൂടെ പുറത്താക്കി. 99 പന്തുകളില്‍ നിന്ന് 10 ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 97 റണ്‍സാണ് ധവാന്‍ നേടിയത്.
ധവാന് പകരം സൂര്യകുമാര്‍ യാദവ് ക്രീസിലെത്തി. സൂര്യകുമാറിനൊപ്പം ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രേയസ് ശ്രമിച്ചു. താരം അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. എന്നാല്‍ അര്‍ധസെഞ്ചുറിയ്ക്ക് പിന്നാലെ ശ്രേയസ് മടങ്ങി. 57 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 54 റണ്‍സെടുത്ത ശ്രേയസിനെ ഗുഡകേഷ് മോട്ടിയുടെ പന്തില്‍ നിക്കോളാസ് പുരന്‍ തകര്‍പ്പന്‍ ക്യാച്ചെടുത്ത് പുറത്താക്കി. ധവാന്‍ പുറത്തായ ഉടന്‍ തന്നെ ശ്രേയസും മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ശ്രേയസിന് പകരം മലയാളിതാരം സഞ്ജു സാംസണ്‍ ക്രീസിലെത്തി.സൂര്യകുമാറും സഞ്ജുവും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്താനായി ശ്രമിച്ചെങ്കിലും ഈ കൂട്ടുകെട്ട് വിജയിച്ചില്ല. 13 റണ്‍സെടുത്ത സൂര്യകുമാറിനെ അകിയല്‍ ഹൊസെയ്ന്‍ ബൗള്‍ഡാക്കി. സൂര്യകുമാറിന്റെ ബാറ്റില്‍ തട്ടി പന്ത് വിക്കറ്റ് പിഴുതു. സഞ്ജു സാംസണ്‍ 12, ദീപക് ഹൂഡ 27, അക്‌സര്‍ പട്ടേല്‍ 21 റണ്‍സ് നേടി. പുറത്താകാതെ ശാര്‍ദുല്‍ താക്കൂര്‍ 7, മുഹമ്മദ് സിറാജ് 1 റണ്‍സും നേടി.
Content Highlights: india vs west indies, ind vs wi, cricket, sports news, indian cricket, cricket news, sports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..