ഗുവാഹാട്ടി: നായകനും താല്‍ക്കാലിക നായകനും മത്സരിച്ച് തകര്‍ത്തടിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 323 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 42.1 ഓവറില്‍ രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 

സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും രോഹിത് ശര്‍മയുമാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്. രോഹിത് 117 പന്തില്‍ നിന്ന് എട്ടു സിക്‌സും 15 ബൗണ്ടറികളും സഹിതം 152 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രോഹിത്തിന്റെ 20-ാം ഏകദിന സെഞ്ചുറിയാണ് ഇന്നത്തേത്. 107 പന്തില്‍ നിന്ന് 21 ബൗണ്ടറികളും രണ്ടു സിക്‌സുമടക്കം കോലി 140 റണ്‍സെടുത്ത് പുറത്തായി. കോലിയുടെ 36-ാം ഏകദിന സെഞ്ചുറിയാണിത്. 22 റണ്‍സെടുത്ത അമ്പാട്ടി റായിഡു പുറത്താകാതെ നിന്നു.

323 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് സ്‌കോര്‍ 10-ല്‍ നില്‍ക്കെ നാലു റണ്‍സെടുത്ത ധവാന്റെ വിക്കറ്റ് നഷ്ടമായി. പിന്നീട് ക്രീസില്‍ ഒന്നിച്ച രോഹിത്-കോലി സഖ്യം വിന്‍ഡീസ് ബൗളര്‍മാരെ നാലുപാടും അടിച്ച് പറത്തുകയായിരുന്നു. കോലി തുടക്കം മുതല്‍ തന്നെ തകര്‍ത്തടിക്കുകയായിരുന്നു. പതിയെ മുന്നേറിയ രോഹിത് പക്ഷേ അര്‍ധ സെഞ്ചുറി തികച്ചതോടെ ഗിയര്‍ മാറ്റി. രണ്ടാം വിക്കറ്റില്‍ 246 റണ്‍സാണ് ഈ സഖ്യം ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. വിന്‍ഡീസിനെതിരേ ഒരു ഇന്ത്യന്‍ കൂട്ടുകെട്ട് 200 റണ്‍സ് പിന്നിടുന്നത് ഇതാദ്യമാണ്.

തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ച കോലി 87 പന്തില്‍ നിന്ന് 17 ബൗണ്ടറികളോടെയാണ് കോലി തന്റെ 36-ാം ഏകദിന സെഞ്ചുറി തികച്ചത്. നാട്ടില്‍ കോലിയുടെ 15-ാം സെഞ്ചുറി മാത്രമാണിത്. ബാക്കി 21 എണ്ണവും വിദേശത്താണ്. റണ്‍സ് പിന്തുടരുമ്പോള്‍ കോലി നേടുന്ന 22-ാം സെഞ്ചുറി കൂടിയാണിത്.

ഇതിനിടെ കോലി രാജ്യാന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും 2000 റണ്‍സ് പിന്നിട്ടു. നായകനെന്ന നിലയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും 2000 പിന്നിട്ട കോലി റെക്കോര്‍ഡും സ്വന്തമാക്കി.

നേരത്തെ ടിട്വന്റി ശൈലിയില്‍ അടിച്ചു തകര്‍ത്ത ഷിംറോണ്‍ ഹെറ്റ്മയറിന്റെ മികവിലാണ് വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ 322 റണ്‍സെടുത്തത്. 74 പന്തില്‍ ആറു ബൗണ്ടറിയും ആറു സിക്സും സഹിതമാണ് ഹെറ്റ്മയര്‍ കരിയറിലെ മൂന്നാം ഏകദിന സെഞ്ചുറി നേടിയത്. സെഞ്ചുറി നേടിയതിന്റെ തൊട്ടടുത്ത ഓവറില്‍ ജഡേജ ഹെറ്റ്മയറെ (106) പുറത്താക്കുകയും ചെയ്തു. 

ഹെറ്റ്മയറിനു പുറമെ ഓപ്പണര്‍ കീറണ്‍ പവലല്‍ അര്‍ധ സെഞ്ചുറി (51) നേടി. 39 പന്തില്‍ 51 റണ്‍സുമായി അടിച്ചുതര്‍ക്കുകയായിരുന്ന പവലിനെ ഖലീല്‍ അഹമ്മദ്, ശിഖര്‍ ധവാന്റെ കൈയിലെത്തിക്കുകയായിരുന്നു. രണ്ട് പന്ത് നേരിട്ട സാമുവല്‍സിനെ അക്കൗണ്ട് തുറക്കും മുമ്പ് ചാഹല്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. 200-ാം ഏകദിന മത്സരം കളിക്കുന്ന മര്‍ലോണ്‍ സാമുവല്‍സ് നേരിട്ട രണ്ടാം പന്തില്‍ പൂജ്യത്തിന് പുറത്തായി.

കെമാര്‍ റോച്ച് 24 റണ്‍സോടെയും ദേവേന്ദ്ര ബിഷൂ 22 റണ്‍സോടെയും പുറത്താകാതെ നിന്നു. ഒന്‍പതാം വിക്കറ്റില്‍ ഇരുവരും 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന 10 ഓവറില്‍ വിന്‍ഡീസ് 66 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. 

ചന്ദര്‍പോള്‍ ഹേംരാജ് (9), മര്‍ലോണ്‍ സാമുവല്‍സ് (0), ഷായ് ഹോപ്പ് (32), റൂവന്‍ പവല്‍ (22), ആഷ്‌ലി നഴ്സ് (2), ജേസണ്‍ ഹോള്‍ഡര്‍ (38) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ പുറത്തായ മറ്റു താരങ്ങള്‍. ഇന്ത്യയ്ക്കായി യുസ്വേന്ദ്ര ചാഹല്‍ മൂന്നും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും ഖലീല്‍ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി.

rishabh pant
ഋഷഭ് പന്തിന് ധോനി ക്യാപ്പ് കൈമാറുന്നു    ഫോട്ടോ: ബിസിസിഐ

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ഋഷഭ് പന്ത് ഏകദിന അരങ്ങേറ്റം കുറിച്ചു. എം.എസ് ധോനി സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പറായി ഉള്ളതിനാല്‍ ബാറ്റ്സ്മാനായാണ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ധോനി തന്നെയാണ് പന്തിന് ഏകദിന ക്യാപ് നല്‍കിയത്.

Content Highlights: India vs West Indies First ODI Guwahati