നോര്‍ത്ത് സൗണ്ട്: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. മൂന്നാം ഏകദിനത്തില്‍ ആറു വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. 195 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 47 പന്ത് ശേഷിക്കെ വിജയതീരത്തെത്തി. ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത് സ്മൃതി മന്ദാനയുടെ ബാറ്റിങ്ങാണ്. 63 പന്തില്‍ ഒമ്പത് ഫോറും മൂന്നു സിക്‌സും സഹിതം സ്മൃതി 74 റണ്‍സെടുത്തു. 

ആദ്യം ബാറ്റു ചെയ്ത വെസ്റ്റിന്‍ഡീസ് നിശ്ചിത ഓവറില്‍ 194 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. 79 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും തിളങ്ങാനായില്ല. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജുലന്‍ ഗോസ്വാമിയും പൂണം യാദവും വെസ്റ്റിന്‍ഡീസ് ബാറ്റിങ് നിരയെ പരീക്ഷിക്കുകയായിരുന്നു. 

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ സ്മൃതിയും ജെമീമ റോഡ്രിഗസും ചേര്‍ന്ന് 141 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ജെമീമ 92 പന്തില്‍ ആറു ഫോറിന്റെ സഹായത്തോടെ 69 റണ്‍സ് അടിച്ചു. വെസ്റ്റിന്‍ഡീസിനായി ഹെയ്‌ലി മാത്യൂസ് മൂന്നു വിക്കറ്റ് വീഴ്ത്തി.

Content Highlights: India vs West Indies Cricket Smriti Mandhana